2011ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയപ്പോൾ

ക്രിക്കറ്റിന്റെ ലോക വേദിക്ക് ഇന്ത്യ വീണ്ടും പരവതാനിയൊരുക്കുകയാണ്. ഒക്ടോബർ അഞ്ച് മുതൽ ഇന്ത്യയിലെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ആരവങ്ങളുയരും. ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലായതിനാൽ ഇക്കുറി ആരാധകർക്ക് ആവേശം ഏറെയാണ്. ക്രിക്കറ്റിന്റെ മഹാമേളക്കൊരുങ്ങുന്ന ഇന്ത്യയുടെ ആരവങ്ങൾക്കൊപ്പം വെളിച്ചവും ചേരുന്നു.

പിന്നാമ്പുറം

ഫുട്ബാളിന് ഫിഫയുള്ളതുപോലെ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഐ.സി.സിയാണ് (ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ). ദുബൈ ആണ് ഐ.സി.സിയുടെ ആസ്ഥാനം. 12 സ്ഥിരാംഗങ്ങളും 94 അസോ. മെംബർമാരും നിലവിൽ ഐ.സി.സിക്കുണ്ട്. ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേയാണ് നിലവിൽ ഐ.സി.സി അധ്യക്ഷൻ. 1909ൽ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന് രൂപവത്കരിച്ച ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൺസാണ് െഎ.സി.സിയുടെ ആദിമരൂപം. 1926ലാണ് ടെസ്റ്റ്പദവിയുള്ള സ്ഥിരാംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെടുന്നത്. 1965ൽ ഇന്റർനാഷനൽ ക്രിക്കറ്റ് കോൺഫറൻസായി രൂപാന്തരം പ്രാചിച്ചതോടെ പുതിയ രാജ്യങ്ങൾ അംഗമാവുകയും ആഗോളമുഖം വന്നുചേരുകയും ചെയ്തു. 1989ലാണ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ എന്ന പേരിലേക്ക് മാറുന്നത്. ലോകകപ്പ് അടക്കമുള്ള പ്രധാന ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത് ഐ.സി.സി ആണെങ്കിലും ക്രിക്കറ്റ് നിയമങ്ങൾ രൂപവത്കരിക്കുന്നത് ഇംഗ്ലണ്ടിലെ ലോർഡ്സ് ആസ്ഥാനമായുള്ള മാരിബോൺ ക്രിക്കറ്റ് ക്ലബ്ബാണ്.

അഞ്ചുദിവസം നീളുന്ന ടെസ്റ്റ്​ ക്രിക്കറ്റിൽനിന്നും ഒരു ദിവസം മാത്രമുള്ള ഏകദിന ക്രിക്കറ്റിലേക്കുള്ള ചുവടുമാറ്റം സംഭവിക്കുന്നത് 1971ലാണ്. ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്ന് ദിനങ്ങളും മഴകൊണ്ടുപോയി. എന്നാൽ, മത്സരം ഉപേക്ഷിക്കുന്നതിനു പകരമായി ഇരുടീമുകളും 40 ഓവർ വീതം ബാറ്റ് ചെയ്യുന്ന രീതിയിൽ മത്സരം ക്രമീകരിച്ചു. 1971 ജനുവരി അഞ്ചിനായിരുന്നു അത്. മത്സരത്തിൽ ആസ്ട്രേലിയ അഞ്ചുവിക്കറ്റിന് വിജയിച്ചു. ടെസ്റ്റി​ലെ വെള്ള ജഴ്സിയും ചുവന്നപന്തും തന്നെയായിരുന്നു ഈ മത്സരത്തിനും ഉപയോഗിച്ചത്. ഒരു ദിനം മാത്രമുള്ള ക്രിക്കറ്റ് മത്സരങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് 1975 മുതൽ എല്ലാ ടീമുകളും പ​ങ്കെടുക്കുന്ന ലോകകപ്പ് ഒരുക്കാൻ തീരുമാനിച്ചത്.

1975, 1979, 1983 എന്നീ ആദ്യത്തെ മൂന്ന് ലോകകപ്പുകളും ഒരുക്കിയത് ഇംഗ്ലണ്ടിലായിരുന്നു. ബ്രിട്ടീഷ് ഇൻഷുറൻസ് കമ്പനിയായ പ്രുഡ്യൻഷ്യലായിരുന്നു മുഖ്യ സ്​പോൺസർമാർ. അതുകൊണ്ടുതന്നെ ലോകകപ്പുകൾ പ്രുഡൻഷ്യൽ കപ്പ് എന്ന പേരിൽ അറിയപ്പെട്ടു. 60 ഓവറുകളായായിരുന്നു ഈ മൂന്ന് ടൂർണമെന്റുകളും ഒരുക്കിയത്. ഇന്ത്യയിലും പാകിസ്താനിലുമായി നടന്ന 1987 ലോകകപ്പാണ് ആദ്യമായി ഇംഗ്ലണ്ടിന് വെളിയിൽ നടന്ന ടൂർണമെന്റ്. മത്സരങ്ങൾ 50 ഒാവറായി ചുരുക്കിയതും 1987 മുതൽതന്നെ.

കളറായ കാലം

ക്രിക്കറ്റിന് വലിയ ജനപിന്തുണ ലഭിക്കുന്നതിൽ 1992 ലോകകപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. വെള്ള ജഴ്സിയും ചുവന്ന പന്തും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിലുള്ള മത്സരങ്ങളായിരുന്നു ആദ്യത്തെ നാല് ലോകകപ്പുകളിലും ഉണ്ടായിരുന്നത്. എന്നാൽ, 1992ലെ ആസ്ട്രേലിയ-ന്യൂസിലൻഡ് ലോകകപ്പ് മുതൽ വിവിധ നിറങ്ങളിലുള്ള ജഴ്സികൾ ഉപയോഗിച്ചു തുടങ്ങി. വെള്ള പന്തുകൾ ഉപയോഗിച്ചു തുടങ്ങിയതും ഡേ-നൈറ്റ് മത്സരങ്ങൾആരംഭിച്ചതുമെല്ലാം ഈ ലോകകപ്പ് മുതലാണ്. ഈ മാറ്റങ്ങളെല്ലാം ക്രിക്കറ്റിെൻറ ജനപ്രീതി ഉയർത്തുന്നതിന് സഹായകരമായി. വർണവിവേചനത്തെതുടർന്ന് വിലക്ക് നേരിട്ടിരുന്ന ദക്ഷിണാഫ്രിക്ക ലോകകപ്പിലേക്ക് തിരിച്ചെത്തിയും 1992 ലോകകപ്പ് മുതലാണ്. ഡക്ക് വർത്ത് ലൂയിസ് (മഴ നിയമം), ന്യൂസിലൻഡ് ക്യാപ്റ്റൻ മാർട്ടിൻ ക്രോയുടെ പരീക്ഷണങ്ങൾ, സചി​ന്റെ ആദ്യ ലോകകപ്പ് എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഇൗ ലോകകപ്പിനുണ്ടായിരുന്നു. മെൽബൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് പാകിസ്താനാണ് ലോകകപ്പ് നേടിയത്.

ഫ്ലാഷ്ബാക്ക്

1983 ഇന്ത്യൻ കായിക ചരിത്രത്തെ മാറ്റിമറിച്ച വർഷമായിരുന്നു. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം ഇന്ത്യൻ കായികരംഗത്തിന്റെയും ക്രിക്കറ്റിന്റെയും തലവര എന്നെന്നേക്കുമായി മാറ്റി. ഏറക്കുറെ സമൂഹത്തിലെ സമ്പന്നരും ക്ലബുകളും മാത്രം കളിച്ചിരുന്ന ക്രിക്കറ്റ് അതോടെ ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായി. 1983 ലോകകപ്പിനായി ഇന്ത്യ ഇംഗ്ലീഷ് മണ്ണിലിറങ്ങുമ്പോൾ ഒരു സാധ്യതയും ആരും കൽപിച്ചിരുന്നില്ല. ഫേവറൈറ്റുകളായ വെസ്റ്റിൻഡീസോ, ആസ്ട്രേലിയയോ കിരീടം േനടുമെന്നായിരുന്നു വിലയിരുത്തലുകളൊക്കെയും. എന്നാൽ, കപിൽ ദേവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം ഏവരെയും അമ്പരപ്പിച്ചു. ആദ്യ മത്സരത്തിൽതന്നെ അന്നത്തെ ലോകക്രിക്കറ്റിന്റെ രാജാക്കൻമാരായ വെസ്റ്റിൻഡീസിനെ 34 റൺസിന് കീഴടക്കി. രണ്ടാം മത്സരത്തിൽ സിംബാബ്​‍വെയെ അഞ്ച് വിക്കറ്റിന് തോൽപിച്ച ഇന്ത്യ മൂന്നാം മത്സരത്തിൽ ആസ്ട്രേലിയയോട് 162 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങി. നാലാം മത്സരത്തിൽ വെസ്റ്റിൻഡീസിനോട് 66 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ സിംബാബ്​വെയെയും ആസ്ട്രേലിയയെയും പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ കടന്നു. സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ എതിരാളികളായെത്തിയത് സാക്ഷാൽ വെസ്റ്റിൻഡീസ് ആയിരുന്നു. ഇന്ത്യക്ക് വലിയ സാധ്യതയൊന്നും ആരും നൽകിയിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 183 റൺസ് വിൻഡീസ് അനായാസം മറികടക്കുമെന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ, സംഭവിച്ചത് മറ്റൊന്ന്. ൈക്ലവ് ലോയിഡും വിവ്റിച്ചാർഡ്സും അടങ്ങുന്ന വിൻഡീസ് നിരയെ ഇന്ത്യ വെറും 140 റൺസിൽ ചുരുട്ടിക്കെട്ടി.

വേദികളും ജേതാക്കളും

1975 ആതിഥേയർ: ഇംഗ്ലണ്ട് ചാമ്പ്യന്മാർ: വെസ്റ്റിൻഡീസ്

1979 ആതിഥേയർ: ഇംഗ്ലണ്ട് ചാമ്പ്യന്മാർ: വെസ്റ്റിൻഡീസ്

1983 ആതിഥേയർ: ഇംഗ്ലണ്ട് ചാമ്പ്യന്മാർ: ഇന്ത്യ

1987 ആതിഥേയർ: ഇന്ത്യ, പാകിസ്താൻ ചാമ്പ്യന്മാർ: ആസ്ട്രേലിയ

1992 ആതിഥേയർ: ആസ്ട്രേലിയ, ന്യൂസിലൻഡ് ചാമ്പ്യന്മാർ: പാകിസ്താൻ

1996 ആതിഥേയർ: ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക ചാമ്പ്യന്മാർ: ശ്രീലങ്ക

1999 ആതിഥേയർ: ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ്, നെതർലൻഡ്സ്  ചാമ്പ്യന്മാർ: ആസ്ട്രേലിയ

2003 ആതിഥേയർ: ദക്ഷിണാഫ്രിക്ക, സിംബാബ്​‍വെ, കെനിയ ചാമ്പ്യന്മാർ: ആസ്ട്രേലിയ

2007 ആതിഥേയർ: വെസ്റ്റിൻഡീസ് ചാമ്പ്യന്മാർ: ആസ്ട്രേലിയ

2011 ആതിഥേയർ: ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് ചാമ്പ്യന്മാർ: ഇന്ത്യ

2015 ആതിഥേയർ: ആസ്ട്രേലിയ, ന്യൂസിലൻഡ് ചാമ്പ്യന്മാർ: ആസ്ട്രേലിയ

2019 ആതിഥേയർ: ഇംഗ്ലണ്ട് ചാമ്പ്യന്മാർ: ഇംഗ്ലണ്ട്

ലോകകപ്പുകളി​ലെ ഇന്ത്യൻ പ്രകടനം

1975 - ഗ്രൂപ് ഘട്ടം

1979 - ഗ്രൂപ് ഘട്ടം

1983 - ചാമ്പ്യന്മാർ

1987 - സെമി ഫൈനൽ

1992 - റൗണ്ട് റോബിൻ സ്റ്റേജ്

1996 - സെമി ഫൈനൽ

1999 - സൂപ്പർ സിക്സ്

2003 - റണ്ണേഴ്സ് അപ്

2007 - ഗ്രൂപ് സ്റ്റേജ്

2011 - ചാമ്പ്യന്മാർ

2015 - സെമി ഫൈനൽ

2019 - സെമി ഫൈനൽ

വിൻഡീസില്ലാത്ത ലോകം

​ൈക്ലവ് ലോയ്ഡ്, വിവ് റിച്ചാർഡ്സ്, ബ്രയൻ ലാറ, ക്രിസ് ഗെയ്ൽ... കരീബിയൻ ദ്വീപുകളിൽ നിന്നെത്തി ക്രിക്കറ്റ് പ്രേമികളുടെ സ്വന്തക്കാരായി മാറിയ അനേകം പേരുണ്ട്. ഈ ലോകകപ്പിന്റെ ഏറ്റവും വലിയ സവിശേഷത ക്രിക്കറ്റിന്റെ ഈറ്റില്ലങ്ങളിലൊന്നായ വെസ്റ്റിൻഡീസുകാർ ഇല്ലാത്ത ആദ്യത്തെ ലോകകപ്പ് എന്നതാണ്. ഐ.സി.സി സൂപ്പർ ലീഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ ഉൾപ്പെടാതിരുന്ന വിൻഡീസിന് ലോകകപ്പ് യോഗ്യതക്കുള്ള അവസാന കടമ്പയായ സൂപ്പർ സിക്സിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുമായില്ല. കരീബിയൻ ദ്വീപുകളും തെക്കേ അമേരിക്കയിലെ ഗയാനയും എല്ലാം അടങ്ങുന്ന രാജ്യങ്ങൾ പൊതുവായി അറിയപ്പെടുന്ന പേരാണ് വെസ്റ്റിൻഡീസ്. ബാർബഡോസ്, ഗയാന, ജമൈക്ക, ട്രിനിഡാഡ് ആൻഡ് ടൊബോക്കോ, ഡൊമിനിക്ക, സെൻറ് ലൂസിയ തുടങ്ങി നിരവധി ദ്വീപ് രാജ്യങ്ങളും തെക്കേ അമേരിക്കയിലുള്ള ഗയാനയുമെല്ലാം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനു കീഴിൽ ഉൾപ്പെടും. ഫുട്ബാൾ, ഒളിമ്പിക്സ് അടക്കമുള്ള മത്സരങ്ങളിൽ ഇവർ വെവ്വേറെ രാജ്യങ്ങളായാണ് പ​ങ്കെടുക്കുന്നത്.

അതെന്നാ പരിപാടിയാ...

ഇംഗ്ലീഷുകാരനോട് ഏതെങ്കിലും ഒരു വെയിൽസുകാരൻ ഞങ്ങളെ തവിട് കൊടുത്തു വാങ്ങിയതാണോ എന്ന് ചോദിച്ചാൽ അതിനെ കുറ്റം പറയാനാകില്ല. കാരണം ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡെന്നാണ് പേരെങ്കിലും രേഖകളിലും ജഴ്സിയിലുമെല്ലാം ഇംഗ്ലണ്ട് എന്ന് മാത്രമാണ് രേഖപ്പെടുത്താറുള്ളത്. വെയിൽസ് എന്നത് രേഖകളിൽ മാത്രം. ഇരു രാജ്യങ്ങളും യു.കെയുടെ ഭാഗമാണെങ്കിലും ഫുട്ബാൾ, റഗ്ബി അടക്കമുള്ള മറ്റു പ്രധാന കളികളിലെല്ലാം വെവ്വേറെ ടീമുകളായാണ് കളിക്കിറങ്ങുന്നത്. മാത്രമല്ല, ഒരു കാലത്ത് ‘ഇംഗ്ലണ്ടായി’ കളിച്ചിരുന്ന യു.കെയുടെ തന്നെ ഭാഗമായ സ്കോട്ട്‍ലൻഡിന് നിലവിൽ പ്രത്യേകം ടീമുമുണ്ട്. ഇംഗ്ലണ്ടിൽ നിന്നും വിട്ടുപോന്ന് സ്വന്തമായി ക്രിക്കറ്റ് ടീം രൂപവത്കരിക്കണമെന്ന ആവ​ശ്യം വെയിൽസിലെ പല രാഷ്ട്രീയ നേതാക്കളും ഉയർത്തുന്നുണ്ട്. അപൂർവമായേ വെയിൽസിൽ നിന്നുള്ള താരങ്ങൾ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടാറുള്ളൂ.

10 രാജ്യങ്ങൾ!

ഫുട്ബാൾ​ ലോകകപ്പിൽ 32 രാജ്യങ്ങൾ, റഗ്ബി ലോകകപ്പിൽ 20 ടീമുകൾ, ഹോക്കി ലോകകപ്പിൽ 16... എന്നിട്ടെന്താ ഈ ക്രിക്കറ്റ് ലോകകപ്പിൽ മാത്രം 10 എണ്ണം? ക്രിക്കറ്റ് ഇത്രയും രാജ്യങ്ങൾ മാത്രമേ കളിക്കുന്നുള്ളൂ എന്ന് കരുതേണ്ടതില്ല. മുമ്പ് 16ഉം 14ഉം രാജ്യങ്ങളുമായി നടന്നിരുന്ന ഏകദിന ലോകകപ്പിൽ വെറും 10 രാജ്യങ്ങൾ മതിയെന്ന് ഐ.സി.സി തീരുമാനിക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റിന് പ്രചാരമുള്ള, ഭേദപ്പെട്ട ടീമുകളുള്ള രാജ്യങ്ങൾക്ക് പോലും അവസാന 10ൽ ഇടം പിടിക്കാനായില്ല. ടീമുകളുടെ എണ്ണം കുറക്കുമ്പോൾ മത്സരക്ഷമത വർധിക്കുമെന്നും ആവേശം കൂടുമെന്നുമാണ് ഐ.സി.സി വാദിക്കുന്നത്. എന്നാൽ, ടീമുകളെ കുറക്കുന്നത് ഇന്ത്യയടക്കമുള്ള വമ്പന്മാർക്ക് കൂടുതൽ മത്സരങ്ങളൊരുക്കി ലാഭം കൊയ്യാനുള്ള പരിപാടി​യാണെന്ന് വിമർശകർ പറയുന്നു. എന്തായാലും 2027 ലോകകപ്പ് മുതൽ 14 ടീമുകൾ പ​ങ്കെടുക്കുമെന്ന് ഐ.സി.സി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Cricket World Cup ICC Mens Cricket World Cup 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT