'പ്രേതത്തെ പേടിച്ച കുട്ടിക്കാലം' മുഖ്യമന്ത്രി പിണറായി വിജയന്റെ കുട്ടിക്കാല വർത്തമാനങ്ങൾ

അക്ഷരലോകത്തേക്ക് ചുവടുവെക്കുന്നവർക്ക് ആശംസകൾ

കോവിഡിന്റെ കടന്നാക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്. പഠനവും പരീക്ഷയും ബദൽ മാർഗത്തിലൂടെ നൽകാനായെങ്കിലും വിദ്യാലയാന്തരീക്ഷം പകർന്നുനൽകിയ ഉണർവും ഓജസ്സും അവർക്ക് നഷ്ടമായിരുന്നു. അവയെല്ലാം തിരിച്ചുനൽകാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് ഇത്തവണത്തെ പ്രവേശനോത്സവം. അക്ഷരലോകത്തേക്ക് ചുവടുവെക്കുന്ന എല്ലാ വിദ്യാർഥികൾക്കും ആശംസകൾ. 

മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായിയിൽ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. അമ്മ കാർഷികവൃത്തിയിൽ ഏർപ്പെടുന്നയാളും. ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾതന്നെ അച്ഛൻ മരണപ്പെട്ടു. പിന്നെ അമ്മയാണ് കാര്യങ്ങൾ നോക്കിയിരുന്നത്. ആകെ 14 മക്കളുണ്ടായിരുന്നു അമ്മക്ക്. ജീവിച്ചത് മൂന്നുപേർ ​മാത്രം. ഞാൻ 14ാമത്തെ കുട്ടിയാണ്. രണ്ട് സഹോദരൻമാരാണ് പിന്നെയുള്ളത്. ചെറുപ്പകാലത്ത് ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു. പിന്നീട് സ്ഥിതി അൽപം മോശമായി. വല്ലാതെ വിഷമിക്കുന്ന കുടുംബമല്ല, എന്നാൽ നല്ല നിലയിലുമല്ല.

ശാരദാവിലാസം എൽ.പി സ്കൂളിലായിരുന്നു അഞ്ചാംക്ലാസ് വരെയുള്ള പഠനം. അവിടെ പ്രധാനപ്പെട്ട ഒരു അധ്യാപകനുണ്ട്, ഗോവിന്ദൻ മാഷ്. നാട്ടിലെ ഒരു പ്രമാണികൂടിയാണ്. അഞ്ചാംതരം കഴിഞ്ഞപ്പോൾ അദ്ദേഹം അമ്മയെ വിളിപ്പിച്ച് 'ഈ കുട്ടിയെ നിങ്ങൾ ഇനിയും പഠിപ്പിക്കണം' എന്നുപറഞ്ഞു. പക്ഷേ വീട്ടിലെ സാഹചര്യവും നമ്മുടെ നാടിന്റെ രീതിയും ഒക്കെ അന്ന് പഠിത്തത്തെ അത്ര പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. അപ്പോൾ പിന്നെ ബീഡിത്തൊഴിലിന് പറഞ്ഞയച്ചാലോ എന്ന ആലോചനയാണ് പിന്നീട് വീട്ടിൽ വന്നത്. അങ്ങനെ ചെന്നുകണ്ടവരൊക്കെ 'ഇപ്പോൾ അതിന് അയക്കേണ്ട പഠിക്കട്ടെ' എന്നുപറഞ്ഞ് മടക്കി. അവർ ഇക്കാര്യം അധ്യാപകനെ വിളിച്ച് പറഞ്ഞു. അങ്ങനെ എ​ന്നെ ആർ.സി അമല ബി.യു.പി സ്​കൂളിൽ ആറാം ക്ലാസിൽ ചേർത്തു.

അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മുൻഷി എന്നുവിളിക്കുന്ന സംസ്കൃത പണ്ഡിതനായ അധ്യാപകൻ 'ശങ്കരൻ മുൻഷി' അമ്മയെ വിളിപ്പിച്ചു. 'എവിടെ തോൽക്കുന്നോ അവിടെവരെ ഇവനെ പഠിപ്പിക്കണം, എവിടെയാണോ തോൽക്കുന്നത് അവിടെയേ നിർത്താവൂ, അതെനിക്ക് വാക്കുതരണം' എന്നാണ് അമ്മയോട് മാഷ് പറഞ്ഞത്. അങ്ങനെ അ​ദ്ദേഹം അന്ന് പറയാനുണ്ടായ കാരണം എന്താണെന്നറിയില്ല. തോൽവിയെന്ന പേടിയൊന്നും അന്നും ഉണ്ടായിരുന്നില്ല. പഠിത്തത്തിൽ വളരെ പിറകിലായിരുന്നില്ല, എന്നാൽ വളരെ മുന്നിലായിരുന്നെന്നും പറയാൻ കഴിയില്ല. അന്ന് എട്ടാംക്ലാസിൽ ഇ.എസ്.എസ്.എൽ.സി എന്നൊരു പൊതുപരീക്ഷയുണ്ടായിരുന്നു. അതിൽ ഞങ്ങൾ മൂന്ന് കുട്ടികളാണ് പാസായത്. 40ഓളം പേരുണ്ടായിരുന്നു ക്ലാസിൽ. ചെറുപ്പത്തിൽ കൃത്യമായി ക്ലാസിൽപോയിരുന്നു, പഠിച്ചിരുന്നു. അന്നും ഞാൻ കമ്യൂണിസ്റ്റാണ്. കുടുംബപശ്ചാത്തലം അങ്ങനെയായിരുന്നു.

ഇ.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ ശേഷം പിന്നെ പെരളശ്ശേരി ഹൈസ്കൂളിലാണ് ചേർന്നത്. യു.പി സ്കൂളിൽ പഠിക്കുമ്പോൾ കഥാപ്രസംഗത്തിലെല്ലാം പ​ങ്കെടുത്തിരുന്നു. അധ്യാപകർ ഒരു കഥ തയാറാക്കിത്തന്നു, അത് അവതരിപ്പിച്ചു. അത്യാവശ്യം മാജിക് ഒക്കെ അന്ന് കാണിച്ചിരുന്നു. സ്കൂളിലെ നാരായണൻ മാഷാണ് മാജിക് പഠിപ്പിച്ചത്. ഹൈസ്കൂളിൽ ചെന്നപ്പോൾ ചിലർ പ്രസംഗ മത്സരത്തിന് പേരുകൊടുത്തിരുന്നു പക്ഷേ, സ്റ്റേജിൽ കയറിയില്ല.

ആ സമയത്തെല്ലാം നന്നായി വായിച്ചിരുന്നു. ചിലർ കഥകളെഴുതും. എന്റെ ഒരു സുഹൃത്ത് സ്ഥിരമായി കഥയെഴുതിയിരുന്നു. ആയിടക്ക് '​ഠേ ഠേ ഠേ, മൂന്നുവെടി പൊട്ടി' എന്ന ഒരു കഥ താനെഴുതിയതാണെന്ന് കാണിച്ച് സുഹൃത്ത് അവതരിപ്പിച്ചു. പക്ഷേ അത് നേരത്തേ ഞാൻ വായിച്ച കഥയായിരുന്നു. അത് അവൻ അതുപോലെ പകർത്തിക്കൊണ്ടു വന്നതായിരുന്നു. ഞങ്ങൾ അത് കൈയോടെ പിടിച്ചു. അതോടെ കൂട്ടുകാരന്റെ കഥയെഴുത്ത് നിന്നു.

പഞ്ചായത്ത് ലൈബ്രറിയിൽനിന്ന് സ്ഥിരമായി പുസ്തകങ്ങളെടുത്ത് വായിച്ചിരുന്നു അന്ന്. മിക്കവരും ഡിറ്റക്ടീവ് നോവലുകളിലൊക്കെയാണല്ലോ തുടങ്ങുക. ഞാനും അങ്ങനെയായിരുന്നു, അതോടൊപ്പം വേറെയും കുറെ വായിച്ചു. അമ്മക്ക് രാമായണം, ഭാരതം, കൃഷ്ണപ്പാട്ട് ഇതൊക്കെ സ്ഥിരമായി വായിച്ചുകൊടുത്തിരുന്നു.

പണ്ട് നല്ല പേടിയായിരുന്നു എനിക്ക്. പ്രേതത്തെ പേടിച്ച് പുറത്തിറങ്ങാൻ പറ്റുമായിരുന്നില്ല. രാത്രി അമ്മ ഓരോ വീട്ടുജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിനടുത്ത് പടിയിൽ വിളക്കുവെച്ചായിരുന്നു പഠിച്ചിരുന്നത്. ഒറ്റക്കിരുന്ന് പഠിക്കാൻ പേടി, പ്രേതംവരും എന്ന പേടി. ഹൈസ്കൂളിലെത്തിയപ്പോൾ എനിക്കുതന്നെ ആ പേടിമാറ്റണം എന്നുതോന്നി, ഞാൻ ഒറ്റക്ക് എന്നോടുതന്നെ ഫൈറ്റ് ചെയ്ത് അത് മാറ്റിയെടുക്കുകയും ചെയ്തു.

(Courtesy:Kairalitv)

Tags:    
News Summary - Chief minister pinarayi vijayan Shared School Days Memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT