The Nobel Prize -2023 ലെ നൊബേൽ ജേതാക്കളെ അറിയാം

ലോകത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായി കരുതുന്നതാണ് നൊബേൽ സമ്മാനം. 1901 മുതൽ ലിംഗ, ജാതി, മത, രാഷ്ട്ര ഭേദമന്യേ ​നൊബേൽ സമ്മാനം നൽകിവരുന്നു. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ ആറു രംഗങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം നൽകുക. ര​സ​ത​ന്ത്ര​ജ്ഞ​നും എ​ൻ​ജി​നീ​യ​റു​മാ​യി​രു​ന്ന ആ​ൽ‍ഫ്ര​ഡ് നൊ​ബേ​ലി​​ന്റെ പേ​രി​ലാ​ണ് പു​ര​സ്കാ​രങ്ങൾ.

ആ​ൽ‍ഫ്ര​ഡ് നൊ​ബേ​ലു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത, നെ​ാബേ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഏ​ക പു​ര​സ്കാ​രം സാമ്പത്തിക ശാസ്ത്രത്തിന് നൽകുന്ന നൊബേലാണ്. 1969 മു​ത​ലാ​ണ് സാ​മ്പ​ത്തി​ക നൊ​ബേ​ൽ‍ ന​ൽ‍കി​ത്തു​ട​ങ്ങി​യ​ത്. സ്വീ​ഡ​നി​ലെ റി​ക്സ് ബാ​ങ്കി​​ന്റെ 300ാം വാ​ർഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഈ ​പു​ര​സ്കാ​ര വി​ത​ര​ണം. അ​തി​നാ​ൽ‍ ഈ ​പു​ര​സ്കാ​രം ബാ​ങ്ക് ഓ​ഫ് സ്വീ​ഡ​ൻ പ്രൈ​സ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു​.

സ്വീ​ഡ​​ൻ ത​ല​സ്ഥാ​ന​മാ​യ സ്​​റ്റോ​ക്ഹോ​മി​ൽ‍ വെ​ച്ചാ​ണ് സ​മാ​ധാ​നം ഒ​ഴി​കെ​യു​ള്ള ജേ​താ​ക്ക​ൾ‍ക്ക് പു​ര​സ്കാ​രം ന​ൽ​കുക. ആ​ൽ‍ഫ്ര​ഡ് നൊ​ബേ​ലി​​ന്റെ ച​ര​മ​ദി​ന​മാ​യ ഡി​സം​ബ​ർ 10നാ​ണ് പുരസ്കാര വിതരണച്ചട​ങ്ങ്. നോ​ർവേ ത​ല​സ്ഥാ​ന​മാ​യ ഓ​സ്​​ലോ​യി​ൽ‍ സ​മാ​ധാ​ന പു​ര​സ്കാ​ര​വും അ​ന്നേ​ദി​വ​സം വി​ത​ര​ണം ചെ​യ്യും.

17ാം ​വ​യ​സ്സി​ൽ‍ 2014ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ‍ നേ​ടി​യ മ​ലാ​ല യൂ​സു​ഫ് സാ​യി​യാ​ണ് ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ നൊ​ബേ​ൽ ജേ​താ​വ്. കൈ​ലാ​ഷ്​ സ​ത്യാർഥി​ക്കൊ​പ്പ​മാ​യി​രു​ന്നു മ​ലാ​ല ഈ ​നേ​ട്ടം പ​ങ്കി​ട്ട​ത്. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് ഇ​ൻ​റ​ർനാ​ഷ​ന​ൽ‍ ലോ ​ആ​ണ് സ​മാ​ധാ​ന നൊ​ബേ​ലി​ന് അ​ർഹ​മാ​യ ആ​ദ്യ സം​ഘ​ട​ന. 1904ലായി​രു​ന്നു ഇ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ‍ ത​വ​ണ നൊ​ബേ​ലി​ന് അ​ർഹ​രാ​യ സം​ഘ​ട​ന റെ​ഡ്ക്രോ​സ് ആ​ണ്. 1917, 1944, 1963 വ​ർഷ​ങ്ങ​ളി​ൽ റെ​ഡ്ക്രോ​സ് പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി.

സാഹിത്യ നൊബേൽ

നോർവീജിയൻ നാടകകൃത്തും നോവലിസ്റ്റുമായ യോൻ ഫോസെക്ക് (64) സാഹിത്യ നൊബേൽ. ജീവിതസമസ്യകളെ ധ്യാനിക്കുന്ന​ ഫോസെയുടെ രചനകൾ നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമാണെന്നാണ് നിരീക്ഷണം. നോർവേയുടെ പശ്ചിമതീരത്തെ സവിശേഷമായ സംസ്കാരത്തിലും ഭാഷാസ്വത്വത്തിലും ഊന്നിയ രചനകളാണ് ഫോസെയുടേത്. നാടകങ്ങൾക്കും നോവലുകൾക്കും പുറമെ ലേഖനങ്ങളും കവിതകളും ബാലസാഹിത്യവും വിവർത്തനവും രചിച്ചു. നോവലിസ്റ്റ് എന്ന നിലയിൽ രാജ്യാന്തര പ്രശസ്തി നേടി.

യോൻ ഫോസെ

നോർവേയിലെ ഹൊഗിസനിലാണ് ഹോസെയുടെ ജനനം. 1983ൽ പ്രസിദ്ധീകരിച്ച ‘റെഡ്, ബ്ലാക്ക്’ ആണ് ആദ്യ നോവൽ. 1999ൽ പാരീസിൽ ‘സംവൺ ഈസ് ഗോയിങ് ടു കം’ എന്ന ഫോസെയുടെ നാടകം അരങ്ങേറി. 40ലേറെ നാടകങ്ങൾ എഴുതി. ദ അദർ നെയിം (2019), ഐ ഈസ് അനദർ (2020), എ ന്യൂ നെയിം (2021) എന്നിങ്ങനെ മൂന്ന് വോള്യങ്ങളായി പുറത്തിറങ്ങിയ ‘സെപ്റ്റോളജി’ ആണ് പ്രധാന നോവൽ.

രസതന്ത്ര​ നൊബേൽ

നാനോ ടെക്നോളജിയിൽ വിപ്ലവത്തിനു വഴിവെച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന് കാരണക്കാരായ മൗംഗി ബാവേണ്ടി (62), ല്യൂയി ബ്രസ് (80), അലക്സി എകിമോവ് (62) എന്നീ ശാസ്ത്രജ്ഞർക്കാണ് രസതന്ത്ര നൊബേൽ.

മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്സി എകിമോവ്

നാനോ കണങ്ങളായ ക്വാണ്ടം ഡോട്ടുകൾ ഇവർ കണ്ടെത്തി. തീരെ വലുപ്പം കുറഞ്ഞ സെമി കണ്ടക്ടർ ക്രിസ്റ്റലുകളാണിവ. ക്വാണ്ടം ഡോട്ടുകളുടെ സവിശേഷതകൾ വലുപ്പത്തിന്റെ വ്യതിയാനം അനുസരിച്ച് നിയന്ത്രിക്കാം. വലുപ്പത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള പ്രകാശം ഇവ പുറത്തുവിടും. പ്രായോഗിക തലത്തിൽ സാധാരണ എൽ.ഇ.ഡി ടി.വിയേക്കാൾ മെച്ചപ്പെട്ട നിറങ്ങൾ ഡിസ്‍പ്ലേയിൽ നൽകാൻ ഇവ സഹായിക്കും. എൽ.ഇ.ഡി ലൈറ്റുകൾ, ടി.വി സ്ക്രീൻ, ചികിത്സാരംഗം തുടങ്ങിയവയിലും ഈ കണ്ടെത്തൽ കൂടുതൽ മാറ്റങ്ങളുണ്ടാക്കും.

വൈദ്യശാസ്ത്ര നൊബേൽ

കോവിഡ് വാക്സിനുകളുടെ കണ്ടുപിടിത്തത്തിന് വഴിയൊരുക്കിയ ഡോ. കാറ്റലിൻ കാരി​ക്കോക്കും ഡോ. ഡ്രു ​വൈസ്മനുമാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര ​നൊബേൽ.

ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രു വൈസ്മൻ

എം.ആർ.എൻ.എ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാ​​ങ്കേതിക വിദ്യ കണ്ടെത്തിയ ഗവേഷണത്തിനാണ് അംഗീകാരം. ​ജനിതക തന്മാത്രയിലെ ന്യൂക്ലിയോസൈഡ് ഘടകം അടിസ്ഥാനമാക്കി കൂടുതൽ ഫലപ്രദമായ എം.ആർ.എൻ.എ വാക്സിൻ നിർമിക്കാൻ കഴിയുമെന്നായിരുന്നു ഇവരുടെ ഗവേഷണം. യു.എസിലെ പെൻസൽവേനിയ സർവകലാശാലയിലായിരുന്നു ഇരുവരും പഠനം നടത്തിയത്. ഫൈസർ, ​മൊഡേണ എന്നീ കമ്പനികൾ കോവിഡ് പ്രതിരോധ വാക്സിൻ നിർമിച്ചത് ഇവരുടെ ഗവേഷണത്തിനെ ആശ്രയിച്ചായിരുന്നു.

ഊർജതന്ത്ര ​നൊബേൽ

യു.എസിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ പിയർ അഗസ്റ്റീനി, ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഫിസിക്സിലെ ഫെറൻസ് ക്രോസ്, സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ആൻ ലുലിയർ എന്നിവർക്കാണ് ഊർജതന്ത്രത്തി​ൽ നൊബേൽ സമ്മാനം.

പിയർ അഗസ്റ്റീനി, ഫെറൻസ് ക്രോസ്, ആൻ ലുലിയർ

രോഗനിർണയത്തിനും ഇലക്ട്രോണിക്സിന്റെ നൂതന മേഖലകൾക്കും ഉപകാരപ്പെടുംവിധം പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ (ആറ്റോ സെക്കൻഡ് പൾസസ്) സൃഷ്ടിച്ചതിനാണ് പുരസ്കാരം. ഇലക്ട്രോണുകളുടെ ചലനത്തിലും ഊർജ കൈമാറ്റത്തിലുമുള്ള അതിവേഗ, അതിസൂക്ഷ്മ മാറ്റങ്ങൾ അളക്കാൻ കഴിയും എന്നതാണ് കണ്ടുപിടിത്തത്തിന്റെ സവിശേഷത.

സമാധാന നൊബേൽ

ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക ന​ർ​ഗീ​സ് മു​ഹ​മ്മ​ദി​ക്കാണ് സ​മാ​ധാ​ന നൊ​ബേ​ൽ. സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും​വേ​ണ്ടി പൊ​രു​തു​ന്ന 51കാരി ഇപ്പോഴും ജയിലിലാണ്.

നർഗീസ് മുഹമ്മദി

അ​ര നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ടെ നി​ര​വ​ധി അ​റ​സ്റ്റു​ക​ൾ നേ​രി​ടുകയും പ​ലത​വ​ണ ജ​യി​ലി​ലാ​കുകയും ചെയ്തു. ന​ർ​ഗീ​സ് 13 ത​വ​ണ ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ഞ്ചുത​വ​ണ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നൊ​ബേ​ൽ ക​മ്മി​റ്റി ചെ​യ​ർ ബെ​റി​റ്റ് റെ​യ്‌​സ് ആ​ൻ​ഡേ​ഴ്സ​ൺ പ​റ​ഞ്ഞു. 2019ൽ ​ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നാ​ണ് 2021ൽ ​ഏ​റ്റ​വും അ​വ​സാ​നം ത​ട​ങ്ക​ലി​ലാ​യ​ത്. മൊ​ത്തം 31 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ധ​ശി​ക്ഷ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ചെന്ന കു​റ്റ​ത്തി​ന് 2016 മേ​യി​ൽ 16 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. 2003ൽ ​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ഷി​റി​ൻ ഇ​ബാ​ദി പു​ര​സ്‌​കാ​രം നേ​ടി​യ​ശേ​ഷം സ​മാ​ധാ​ന നൊ​ബേ​ൽ നേ​ടു​ന്ന 19ാമ​ത്തെ വ​നി​ത​യും ര​ണ്ടാ​മ​ത്തെ ഇ​റാ​നി​യ​ൻ വ​നി​ത​യു​മാ​ണ് ന​ർ​ഗീ​സ്.

സാമ്പത്തിക ശാസ്ത്ര നൊബേൽ

സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേൽ പുരസ്കാരം യു.എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിൻ കരസ്ഥമാക്കി. തൊഴിൽ മേഖലയിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പഠനത്തിനാണ് പുരസ്‌കാരം.

ക്ലോഡിയ ഗോൾഡിൻ

സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയുംകുറിച്ച് നൂറ്റാണ്ടുകളായുള്ള വിവരങ്ങളടങ്ങിയ ആദ്യ സമഗ്ര പഠനമാണിത്. സാമ്പത്തിക ശാസ്ത്ര നൊബേൽ, ‘സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ്’ എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്നത്. അമേരിക്കൻ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ക്ലോഡിയ ഗോൾഡിൻ. ഇപ്പോൾ ഹർവാഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറാണ്. സ്ത്രീകളുടെ തൊഴിൽ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഗോൾഡിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്ത്രീകളുമായി ബന്ധ​െപട്ട വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്. അമേരിക്കൻ ഇക്കണോമിക്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റായും ഗോൾഡിൻ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - All Nobel Prize Winners 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT