സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇനി ചിന്തിക്കാൻ സാധിക്കുമോ? നമ്മുടെ നിത്യജീവിതത്തിൽ ഇവ സ്ഥാനംപിടിച്ചിട്ട് പത്തോ പതിനഞ്ചോ വർഷം മാത്രമേ ആയിട്ടുള്ളൂ. എങ്കിലും എന്തിനും ഏതിനും കമ്പ്യൂട്ടറും സ്മാർട്ട്ഫോണും വേണമെന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. രാവിലെ ഉറക്കം എഴുന്നേറ്റാൽ മുതൽ കിടന്നുറങ്ങുന്നതുവരെ ഓൺലൈൻ ലോകത്ത് സജീവമായിരിക്കും മിക്കവരും. ഗൂഗ്​ൾ, ഇമെയിൽ, വാട്​സ്​ആപ്​, ട്വിറ്റർ, ​ഫേസ്​ബുക്ക്, ഇൻസ്റ്റഗ്രാം പട്ടികയങ്ങനെ നീളും. എന്നാൽ, കളിക്കാനും ആശയവിനിമയത്തിനും മാത്രമല്ല, പഠിക്കാനും തൊഴിലിനും ചികിത്സക്കുമെല്ലാം ഈ കമ്പ്യൂട്ടറുകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

സാക്ഷരതയും സുരക്ഷയും

കമ്പ്യൂട്ടർ സാക്ഷരത ലക്ഷ്യമിട്ട് ഒരു ദിനമുണ്ടെന്നറിയാമോ. ഡിസംബർ 02നാണ് കമ്പ്യൂട്ടർ സാക്ഷരത ദിനം. വിവര സാ​േങ്കതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ്​ ഈ ദിനത്തിന്റെ ലക്ഷ്യം. അതേപോലെതന്നെ കമ്പ്യൂട്ടറിന്റെ, സൈബർ ലോകത്തെ സുരക്ഷയുമായി ബന്ധപ്പെട്ടും ഒരു ദിനം ആചരിച്ചുവരുന്നു. അതാണ് നവംബർ 30 കമ്പ്യൂട്ടർ സുരക്ഷ ദിനം. പുതിയ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് സൈബർ സുരക്ഷ. കമ്പ്യൂട്ടർ ഹാക്കിങ്, വൈറസുകൾ, ഡേറ്റ മോഷണം, ദുരുപയോഗം തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങളാണ്. ഇവക്കെതിരായ ബോധവത്കരണമെന്ന നിലക്കാണ് നവംബർ 30 ലോക കമ്പ്യൂട്ടർ സുരക്ഷ ദിനം ആചരിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങൾ

മോഷണം, വ്യാജരേഖ ചമക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോൾ അതിനെ സൈബർ കുറ്റകൃത്യമെന്ന് വിളിക്കാം​. പലപ്പോഴും 18 വയസ്സിൽ താഴെയുള്ളവരാണ് കൂടുതൽ ഇതി​ൽ ഇരകളോ കുറ്റവാളികളോ ആകുന്നതെന്നാണ് കണക്കുകൾ. 2022ൽ ഇതുവരെ രണ്ടുലക്ഷത്തിലധികം ​സൈബർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻവർഷങ്ങളിൽ, കോവിഡ് മഹാമാരിക്കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ ഇതിലും കൂടുതലായിരുന്നു. മുൻകരുതലുകളും ജാഗ്രതയും പുലർത്തിയാൽ സൈബർ കുറ്റകൃത്യങ്ങളിൽനിന്നു നമുക്കും രക്ഷനേടാം.

ഇ​മെയിൽ സ്​പൂഫിങ്, മലീഷ്യസ്​ ഫയൽ ആപ്ലിക്കേഷൻ, സോഷ്യൽ എൻജിനീയറിങ്​, വിവര മോഷണം, ജോലി/ബാങ്കിങ് തട്ടിപ്പ്, സൈബർ ബുള്ളിങ്​, സൈബർ ഗ്രൂമിങ്​, ഇമെയിൽ തട്ടിപ്പ്​, ഓൺലൈൻ പണമിടപാട്​ തട്ടിപ്പ്​ തുടങ്ങിയവ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.

മുറിയോളം വലിയ കമ്പ്യൂട്ടർ

ലോകത്തിലെ ആദ്യ ഡിജിറ്റൽ കമ്പ്യൂട്ടറാണ് എനിയാക്ക് (ENIAC- Electronical Numerical Integrater and Calculator). ഒരു വലിയ മുറിയുടെ വലുപ്പമുണ്ടായിരുന്നു എനിയാക്കിന്. 1945ൽ യു.എസിലെ പെൻസൽവേനിയ സർവകലാശാലയിലാണ് എനിയാക് സ്ഥാപിതമായത്. 150 ചതുരശ്ര മീറ്റർ വിസ്തീർണവും ഒരാളുടെ ഉയരവും 30 ടൺ ഭാരവും ഉണ്ടായിരുന്നു​. 18,000 വാക്വം ട്യൂബുകളും ധാരാളം അർധാലക ഡയോഡുകളും ഉൾക്കൊള്ളുന്ന ഈ ഉപകരണത്തിൽ സെക്കൻഡിൽ 500 ഗണിതക്രിയകൾ നടത്താൻ കഴിഞ്ഞിരുന്നു.

കമ്പ്യൂട്ടറിന്റെ തലച്ചോർ

കമ്പ്യൂറിന്റെ തലച്ചോറാണ് സി.പി.യു (Central Processing Unit). കമ്പ്യൂട്ടറിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാഗമാണിത്. വിവിധങ്ങളായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, ക്രിയകൾ ചെയ്യുക, സ്വയം തകരാറുകൾ കണ്ടെത്തി സൂചന നൽകുക തുടങ്ങിയവയാണ് ഈ തലച്ചോറും നിർവഹിക്കുന്നത്.

ആദ്യത്തെ ഹാർഡ് ഡ്രൈവ്

രണ്ട് റഫ്രിജറേറ്ററുകളുടെ വലുപ്പമുണ്ടായിരുന്നു ലോകത്തിലെ ആദ്യ ഹാർഡ് ഡ്രൈവിന്. ഒരു ടണ്ണോളം ഭാരവും. അതിന്റെ ശേഷി വെറും അഞ്ച് എം.ബിയായിരുന്നു. ടെക് കമ്പനിയായ ഐ.ബി.എം ആയിരുന്നു ഇതിന്റെ നിർമാണം. 1956ലായിരുന്നു ആദ്യ ഹാർഡ് ഡ്രൈവിന്റെ പിറവി. 51 വർഷത്തിനുശേഷം 2007ലാണ് 1000 ജി.ബി (ഒരു ടെറാ ബൈറ്റ്) ശേഷിയുള്ള ഹാർഡ് ഡ്രൈവ് നിർമിക്കപ്പെട്ടത്. 2009ൽ 2 ടെറാ ബൈറ്റ് ഹാർഡ് ഡ്രൈവ് നിർമിച്ചു.

ഇൻറർനെറ്റ്

ലോകത്തെ എല്ലാ കമ്പ്യൂട്ടർ ഉപകരണങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നെറ്റ്​വർക്കാണ് ഇൻറർനെറ്റ്. ലോകത്ത് 10 ബില്യണിലധികം ഉപകരണങ്ങൾ ദിവസവും ഇൻറർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ.

സൂപ്പർ കമ്പ്യൂട്ടർ

പ്രവർത്തനശേഷിയും വേഗതയും വളരെയേറിയ കമ്പ്യൂട്ടറുകളാണ് സൂപ്പർ കമ്പ്യൂട്ടറുകർ. സങ്കീർണമായ കമ്പ്യൂട്ടിങ് ജോലികൾ നിർവഹിക്കാൻ ഇവ ഉപയോഗിക്കും. ആയിരക്കണക്കിന് ചെറിയ കമ്പ്യൂട്ടറുകൾ കൂട്ടിച്ചേർത്തുള്ള ക്ലസ്​റ്ററിങ് രീതിയിലാണ് ഇവ നിർമിക്കുന്നത്​. ജപ്പാനിലെ ഫുജിറ്റ്‌സു എന്ന കമ്പനിയും നാഷനൽ റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ടായ റികെനും സംയുക്തമായി നിർമിച്ച ഫുഗാക്കു എന്ന സൂപ്പർ കമ്പ്യൂട്ടറാണ് ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ. പരം സിദ്ധി എന്ന സൂപ്പർ കമ്പ്യൂട്ടറാണ് ഇന്ത്യയിൽ നിർമിച്ച ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ.

ടെക്‌നോഫോബിയ

ടെക്‌നോളജിയോടുള്ള ഭയത്തെ വിശേഷിപ്പിക്കുന്ന വാക്കാണ് ടെക്‌നോഫോബിയ. കമ്പ്യൂട്ടറുകളോടുള്ള ഭയമാണ് ഇതിന്റെ പ്രധാന ലക്ഷണം. ടെക്‌നോഫോബിയയുടെ വിപരീത വാക്കാണ് ടെക്‌നോഫീലിയ. ഇവർക്ക് ടെക്‌നോളജിയോട് അടുപ്പവും താൽപര്യവും കൂടുതലായിരിക്കും.

Tags:    
News Summary - 30 November Computer Security Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT