ആൽപ്സിന്റെ മടിത്തട്ടിലെ കൊച്ചു വിസ്മയം; വരൂ...ലിക്റ്റൻസ്റ്റൈനിലെ വിശേഷങ്ങൾ അറിയാം...

ആൽപ്സ് പർവ്വതനിരകൾക്കിടയിൽ, സ്വിറ്റ്സർലൻഡിന്‍റെയും ഓസ്ട്രിയയുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറൻ യൂറോപ്പിലെ ഒരു കൊച്ചുരാജ്യമാണ് ലിക്റ്റൻസ്റ്റൈൻ. യൂറോപ്പിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമായ ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളും കോട്ടകളും ആധുനിക മ്യൂസിയങ്ങളും കൊണ്ട് സമ്പന്നമാണ്. യൂറോപ്പിന്‍റെ ഗ്രാമീണ സൗന്ദര്യം ഇന്നും നിലനിൽക്കുന്ന ലിക്റ്റൻസ്റ്റൈനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ നോക്കാം.

 

ഫ്രാങ്ക്ഫർട്ടിൽ നിന്ന് അതിരാവിലെ ഇ.സി.ഇ സ്പീഡ് ട്രെയിനിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ച് വഴി സർഗൻസ് എന്ന സ്ഥലത്തെത്തി. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട യാത്ര. റെയിൽവേ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ലിക്റ്റൻസ്റ്റൈനിന്‍റെ തലസ്ഥാനമായ 'വഡുസിലേക്കുള്ള' ബസിൽ യാത്ര തുടർന്നു. സ്വിറ്റ്സർലൻഡിലൂടെ കുറച്ചുദൂരം യാത്ര ചെയ്തശേഷം ഒരു ചെറിയ പാലം കണ്ടു. പാലത്തിലൂടെ റൈൻ നദിയുടെ മറുവശത്തെത്തിയപ്പോൾ ലിക്റ്റൻസ്റ്റൈൻ എന്ന മറ്റൊരു രാജ്യത്ത് എത്തിയിരിക്കുന്നു! അത്ഭുതകരമായൊരു അനുഭവം, യൂറോപ്പിന്‍റെ അതിർത്തികളുടെ സൗന്ദര്യമാണത്. പാലത്തിൽ രണ്ട് രാജ്യങ്ങളുടെയും പതാകകളും പേരെഴുതിയ ഫലകങ്ങളും ഉണ്ടായിരുന്നു. മരംകൊണ്ടുള്ള വീടുകളുള്ള ചെറിയ ഗ്രാമങ്ങൾ താണ്ടി ബസ് മുന്നോട്ടുനീങ്ങി. പച്ചപ്പുനിറഞ്ഞ മലഞ്ചരിവുകളും മഞ്ഞുമൂടിയ ശൃംഗങ്ങളും പ്രകൃതിയുടെ സമ്പൂർണത ഓർമ്മിപ്പിച്ചു.

 

വഡുസ് പോസ്റ്റ് എന്ന സ്റ്റോപ്പിൽ ഞാൻ ബസ് ഇറങ്ങി. ആദ്യംതന്നെ അവിടെ കണ്ട സബ്‌വേ റെസ്റ്റോറന്റിൽ നിന്ന് ഒരു സാൻഡ്‌വിച്ച് കഴിച്ച് വിശപ്പിന് ശമനം വരുത്തിയശേഷം വഡുസിലെ പ്രധാന കാഴ്ചകളിലേക്ക് ഞാൻ നടന്നു. ഇന്ന് തന്നെ തിരികെ പോകാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാൽ പെട്ടെന്നുതന്നെ കാഴ്ചകളിലേക്ക് പോകേണ്ടതായുണ്ടായിരുന്നു.

ഒറ്റ ദിവസംകൊണ്ട് ചുറ്റിക്കാണാൻ സാധിക്കുന്ന രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ. ആൽപ്സ് പർവതങ്ങളാൽ ചുറ്റപ്പെട്ട 25 കിലോമീറ്റർ നീളവും ഏകദേശം ആറ് കിലോമീറ്റർ വീതിയുമുള്ള രാജ്യത്തിന്‍റെ വിസ്തീർണ്ണം ഏകദേശം 160 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. നമ്മുടെ കൊട്ടാരക്കര താലൂക്കിന്‍റെ വലുപ്പത്തോട് താരതമ്യം ചെയ്യാവുന്ന ഒരു രാജ്യം. ഏകദേശം 40,000 മാത്രം ജനസംഖ്യയുള്ള ലിക്റ്റൻസ്റ്റൈനിന് സ്വന്തമായി സൈന്യമില്ല എന്നതും ഒരു പ്രത്യേകതയാണ്. 1868-ലാണ് സൈന്യം പിരിച്ചുവിട്ടത്.

മാത്രമല്ല, ഇവർക്ക് സ്വന്തമായി കറൻസിയുമില്ല. 'സ്വിസ് ഫ്രാങ്കാണ്' ഇവിടുത്തെ ഔദ്യോഗിക കറൻസി. സ്വിറ്റ്സർലൻഡുമായാണ് ലിക്റ്റൻസ്റ്റൈനിന് കൂടുതൽ സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങൾ ഉള്ളത്. ലിക്റ്റൻസ്റ്റൈൻ ഒരു ചെറിയ രാജ്യമാണെങ്കിലും സാമ്പത്തികമായി വലിയ കരുത്തുള്ള രാഷ്ട്രമാണ്. ധനകാര്യ സേവനമേഖലയാണ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന മേഖലകളിലൊന്ന്. അതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യ, മെഡിക്കൽ ഉപകരണങ്ങൾ, പ്രത്യേകിച്ച് ഡെന്റൽ ഉൽപ്പന്നങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലും രാജ്യം ശ്രദ്ധേയമായ വ്യാവസായിക സാന്നിധ്യം പുലർത്തുന്നു.

 

പുരാതനകാലം മുതൽക്കേ മനുഷ്യവാസമുണ്ടായിരുന്ന ഈ മേഖല പിന്നീട് റോമൻ സാമ്രാജ്യത്തിന്‍റെ അധീനതയിലായി. എന്നാൽ ലിക്റ്റൻസ്റ്റൈൻ എന്ന രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രം രൂപപ്പെടുന്നത് പിന്നീട് വാഡുസ്, ഷെല്ലെൻബർഗ് എന്നീ പ്രദേശങ്ങൾ ലിക്റ്റൻസ്റ്റൈൻ രാജകുടുംബം സ്വന്തമാക്കിയതോടെയാണ്. 1699-ൽ ജോഹാൻ ആദം ഒന്നാമൻ ഷെല്ലെൻബർഗ് പ്രദേശം സ്വന്തമാക്കി. 1712-ൽ വാഡുസ് കൗണ്ടിയും വാങ്ങി. 1719 ജനുവരി 23-ന് റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയായ ചാൾസ് ആറാമൻ ഈ രണ്ട് പ്രദേശങ്ങളും ചേർത്ത് ലിക്റ്റൻസ്റ്റൈൻ എന്ന പേരിൽ ഒരു Reich Principality ആയി ഉയർത്തി. 1806-ൽ റൈൻ കോൺഫെഡറേഷനിൽ ചേർന്നതോടെയാണ് ലിക്റ്റൻസ്റ്റൈന് പരമാധികാരം ലഭിച്ചത്. ഒരു രാജകുടുംബത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ലോകത്തിലെ അപൂർവ രാജ്യങ്ങളിൽ ഒന്നാണ് ലിക്റ്റൻസ്റ്റൈൻ. വാസ്തവത്തിൽ, ഭരണകുടുംബമായ ഹൗസ് ഓഫ് ലിക്റ്റൻസ്റ്റൈനിന്‍റെ പേരിലാണ് രാജ്യത്തിനും പേര് ലഭിച്ചത്.

വളരെ കുറച്ച് വിസ്തൃതിയുള്ള രാജ്യമായതിനാൽ ഓരോ വർഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണവും വലിയ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. തലസ്ഥാനമായ വഡുസ് ശാന്തവും വൃത്തിയുള്ളതുമായ ഒരു നഗരമാണ്. വഡുസ് ഓൾഡ് ടൗണായ സ്റ്റാറ്റിലിലൂടെ ഞാൻ നടക്കുകയാണ്. വളരെ സജീവമാണ് ഇവിടം. കാൽനടയാത്രയ്ക്ക് മാത്രമുള്ള പാതകളുള്ള ഇവിടെ സുവനീറുകള്‍ വില്‍ക്കുന്ന ചെറിയ കടകളും, കഫേകളും, ലക്ഷുറി വാച്ചുകള്‍ വില്‍ക്കുന്ന കടകളും കണ്ടു. പലയിടങ്ങളിലും ശിൽപ്പങ്ങൾ കൊണ്ടും ആധുനിക ഇസ്റ്റലേഷനുകൾ കൊണ്ടും ആകർഷകമാക്കിയിരിക്കുന്നു. നല്ല തണുപ്പ്, ഞാന്‍ കാഴ്ചകള്‍ കണ്ടു നടന്നു.

ഇവിടെയുള്ള മ്യൂസിയങ്ങളായ ലിക്റ്റൻസ്റ്റൈൻ നാഷണൽ മ്യൂസിയവും, പോസ്റ്റൽ മ്യൂസിയവും കാണാൻ സാധിച്ചു. ലോകമെമ്പാടുമുള്ള സ്റ്റാമ്പ് ശേഖരിക്കുന്നവർക്ക് പോസ്റ്റൽ മ്യൂസിയം ഒരു സ്വർഗമാണ്. ലിക്റ്റൻസ്റ്റൈൻ 1912 മുതലാണ് സ്വന്തം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിത്തുടങ്ങിയത്. രാജ്യത്ത് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ചരിത്രവും ശേഖരവും ഇവിടെ കാണാം. സമീപത്തായി കണ്ട കുൻസ്റ്റ്മ്യൂസിയം ലിക്റ്റൻസ്റ്റൈൻ, ആധുനികവും സമകാലികവുമായ കലകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആകർഷകമായ അന്താരാഷ്ട്ര കലാമ്യൂസിയമാണ്. കറുത്ത നിറത്തിലുള്ള അതിന്‍റെ വ്യത്യസ്തമായ കെട്ടിടം തന്നെ ആകർഷകമാണ്. കാർബൺ ബ്ലാക്ക്, ഇരുമ്പ് ഓക്സൈഡ് എന്നിവ ചേർത്ത സിമന്റും കറുത്ത ബസാൾട്ടും ഉപയോഗിച്ചാണ് ഇതിന്‍റെ പുറംഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓൾഡ് ടൗണിന്‍റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ വാസ്തുശൈലിയാൽ ശ്രദ്ധേയമാണ്. നഗരചത്വരമായ പീറ്റർ-കൈസർ-പ്ലാറ്റ്സിലാണ് ലിക്റ്റൻസ്റ്റൈൻ പാർലമെന്റ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച സവിശേഷമായ ആധുനിക വാസ്തുവിദ്യാ ശൈലിയാണ് ഈ കെട്ടിടത്തിനുള്ളത്. തൊട്ടടുത്തുതന്നെ ഗവൺമെന്റ് ഹൗസും കാണാം. അതിനടുത്തുകൂടെ നടന്ന് പർവതനിരകളുടെ പശ്ചാത്തലത്തിലുള്ള സെന്‍റ്. ഫ്ലോറിൻ കത്തീഡ്രലിന് സമീപമെത്തി. വളരെ മനോഹരമായ ഒരു നിർമ്മിതിയാണിത്. 1874-ൽ പൂർത്തിയാക്കിയ ഈ പള്ളി നിയോ-ഗോതിക് ശൈലിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതിന്‍റെ കൂർത്ത ഗോപുരം വഡുസ് നഗരത്തിന്‍റെ അടയാളങ്ങളിൽ ഒന്നാണ്. ലിക്റ്റൻസ്റ്റൈൻ രാജകുടുംബാംഗങ്ങളെ അടക്കം ചെയ്യുന്നത് പള്ളിയോട് ചേർന്നുള്ള പ്രത്യേക ശ്മശാനത്തിലാണ്.

 

മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതിചെയ്യുന്ന ഈ ചെറിയ നഗരത്തിന്‍റെ ശാന്തതയും വൃത്തിയും മനോഹരമായ വാസ്തുശൈലിയും യാത്രയെ വേറിട്ട അനുഭവമാക്കുന്നു. വഡുസ് കാസിൽ കാണുവാനുള്ള മലകയറ്റത്തിനായാണ് ഇനി പോകുന്നത്. മറക്കാനാകാത്ത ഒരനുഭവമായിരുന്നു അത്. വഡുസ് നഗരത്തിന് മുകളിൽ ഒരു കുന്നിൻമുകളിലായി തലയുയർത്തിനിൽക്കുന്നു കോട്ട. കോട്ടയുടെ അകത്തേക്ക് സാധാരണ സന്ദർശകർക്ക് പ്രവേശനമില്ലെങ്കിലും വഡുസ് നഗരത്തിന്‍റെയും റൈൻ താഴ്‌വരയുടെയും മനോഹരമായ കാഴ്ചകൾ കോട്ടയ്ക്കടുത്തുനിന്ന് കാണാൻ സാധിക്കും. കോട്ടയിലേക്കുള്ള വഴി ചെറിയൊരു ഹൈക്കിങ്ങിന് പറ്റിയതാണ്. കുത്തനെയുള്ള കയറ്റം വളരെ ആയാസപ്പെട്ടാണ് ഞാൻ കയറിയത്. മധ്യകാലഘട്ടത്തിൽ രൂപംകൊണ്ട ഈ കോട്ടയുടെ ആദ്യകാല ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഇന്നും ലിക്റ്റൻസ്റ്റൈൻ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതിയാണ് വഡുസ് കാസിൽ. ഇവിടുത്തെ ജനങ്ങൾക്ക് അവരുടെ രാജകുടുംബത്തോട് വലിയ ബഹുമാനമാണുള്ളത്. ഓരോ വർഷവും ഓഗസ്റ്റ് 15-ന് ദേശീയ ദിനത്തോടനുബന്ധിച്ച് കോട്ടയുടെ പുൽത്തകിടിയിൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികൾ നടക്കുന്നു. കോട്ടയിലേക്കുള്ള പാത അവസാനിക്കുന്നതും ഈ പുൽത്തകിടിയിലാണ്.

 

ലിക്റ്റൻസ്റ്റൈനില്‍ ഭരണഘടനാപരമായ പാരമ്പര്യ രാജവാഴ്ചയാണെങ്കിലും ജനാധിപത്യവും പാർലമെന്ററി സംവിധാനവും അതിനൊപ്പം നിലനിൽക്കുന്നു. രാജാവല്ല, ‘പ്രിൻസ്’ ആണ് ഇവിടുത്തെ രാഷ്ട്രത്തലവൻ. യൂറോപ്പിലെ മറ്റു പല ഇത്തരത്തിലുള്ള രാജവാഴ്ചകളിൽനിന്നും വ്യത്യസ്തമായി ലിക്റ്റൻസ്റ്റൈനിലെ പ്രിൻസിന് ഭരണഘടനാപരമായി താരതമ്യേന വിപുലമായ അധികാരങ്ങളുണ്ട്.

ലിക്റ്റൻസ്റ്റൈനിലെ ബാൽസേഴ്സ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കോട്ടയായ ഗുട്ടൻബർഗ് കാസിൽ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്. ഈ കോട്ടയുടെ ചില ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. മനോഹരമായ പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. സമയപരിമിതി മൂലം അവിടേക്ക് പോകുന്നില്ല. ലിക്റ്റൻസ്റ്റൈൻ വൈൻ ഉൽപ്പാദനത്തിനും പേരുകേട്ടതാണ്. ഇവിടുത്തെ രാജകുമാരന്‍റെ ഉടമസ്ഥതയിലുള്ള ഹോഫ്കെല്ലറെയ് ഡെസ് ഫ്യുർസ്റ്റൻ വോൺ ലിക്റ്റൻസ്റ്റൈൻ വൈനറിയിൽ വൈൻ ടേസ്റ്റിങ് നടത്താനും വൈൻ നിർമ്മാണത്തെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കും എന്ന് കേട്ടിട്ടുണ്ട്.

ആൽപ്സ് മലനിരകളിലെ ഹൈക്കിങ് ഇഷ്ടപ്പെടുന്നവർക്ക് ലിക്റ്റൻസ്റ്റൈൻ ഒരു പറുദീസയാണ്. രാജ്യത്തിന്‍റെ മുഴുവൻ നീളത്തിലും പോകുന്ന ലിക്റ്റൻസ്റ്റൈൻ ട്രെയിൽ ഉൾപ്പെടെ നിരവധി ഹൈക്കിങ് റൂട്ടുകൾ ഇവിടെയുണ്ട്. വേനൽക്കാലത്ത് ഈ മലനിരകളിലൂടെയുള്ള നടത്തം മറക്കാനാവാത്ത അനുഭവമാണ്. മഞ്ഞുകാലത്ത് ലിക്റ്റൻസ്റ്റൈൻ ഒരു വിന്റർ സ്പോർട്സ് കേന്ദ്രമായി മാറും. മാൽബുൺ എന്ന സ്കീ റിസോർട്ട് സ്കീയിങ്ങിനും സ്നോബോർഡിങ്ങിനും വളരെ പ്രശസ്തമാണ്. സ്കീയിങ് ഉപകരണങ്ങളുമായി എത്തിയ ധാരാളം ആളുകളെയും അവിടെ കണ്ടിരുന്നു.

മലയിറങ്ങി തിരികെ വീണ്ടും വഡുസ് ഓൾഡ് ടൗണിലെത്തി. ക്ഷീണമകറ്റാൻ അവിടെ കണ്ട ഒരു കോഫി ഷോപ്പിൽ നിന്ന് ഒരു കാപ്പുചിനോ വാങ്ങിക്കുടിച്ച് കുറച്ചുസമയം വിശ്രമിച്ചു. ഒരു രസകരമായ കാര്യത്തിനായാണ് പിന്നീട് ഞാന്‍ പോയത്. വഡുസിലെ ടൂറിസ്റ്റ് ഓഫീസിൽ ചെല്ലുകയും മൂന്ന് സ്വിസ് ഫ്രാങ്ക് നൽകി പാസ്‌പോർട്ടിൽ ലിക്റ്റൻസ്റ്റൈൻ രാജ്യത്തിന്‍റെ പേരുള്ള ഒരു സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്തു. യാത്രയുടെ വ്യത്യസ്തമായ ഒരു ഓർമ്മയായി അത് സൂക്ഷിക്കുന്നു. രാജ്യത്ത് എയര്‍പോര്‍ട്ടും ബോര്‍ഡര്‍ ചെക്കിങ്ങും ഇല്ലാത്തതിനാല്‍ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ്‌ പാസ്‌പോർട്ടിൽ ലഭിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ല. കൂടാതെ കുറച്ച് പോസ്റ്റൽ സ്റ്റാമ്പുകളും ഫ്രിഡ്ജ് മാഗ്നറ്റും അവിടെനിന്നും വാങ്ങി. ലിക്റ്റൻസ്റ്റൈനോട് വിടപറയാൻ സമയമായിരിക്കുന്നു.

 

ഈ രാജ്യത്ത് പൊതുഗതാഗതം മികച്ചതാണ്. അതിനാൽ പൊതുഗതാഗത ബസ്സുകൾ ഉപയോഗിച്ച് പ്രധാന സ്ഥലങ്ങളിൽ എത്തിച്ചേരാൻ എളുപ്പമാണ്. സർഗൻസ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാൻ വാഹനം കാത്തുനിൽക്കുമ്പോൾ പാട്രിഷ്യ എന്ന ഒരു ലിക്റ്റൻസ്റ്റൈൻകാരി അമ്മച്ചിയെ പരിചയപ്പെട്ടു. തന്‍റെ സഹോദരിയെ കാണാനാണ് അവർ ഇവിടേക്ക് വന്നത്. 72 വയസ്സുള്ള പാട്രിഷ്യ ഇവിടുത്തെ ഒരു സ്കൂൾ അധ്യാപികയായിരുന്നു. മക്കളോടൊപ്പം ഇപ്പോൾ സൂറിക്കിൽ താമസിക്കുന്ന അവർ ബസിലും പിന്നീട് ട്രെയിനിലും യാത്ര ചെയ്തപ്പോൾ രാജ്യത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് കൂടെയുണ്ടായിരുന്നു. രാജകുടുംബത്തിലെ ഒരു അംഗത്തോടൊപ്പം ഒരിക്കൽ കാറിൽ സഞ്ചരിച്ച കഥയൊക്കെ അവർ ഓർത്തെടുത്ത് പറഞ്ഞു. ലിക്റ്റൻസ്റ്റൈൻ എന്ന പേര് ഉച്ചരിക്കാൻ ലേശം ബുദ്ധിമുട്ടിയ എനിക്ക് ആ പേരിന്‍റെ അർത്ഥവും ഉച്ചാരണവും അവർ സ്നേഹത്തോടെ പറഞ്ഞുതന്നു. ജർമ്മൻ ഭാഷയിൽ ലിഖ്റ്റ് എന്നാൽ 'വെളിച്ചം' അല്ലെങ്കിൽ 'തിളക്കം' എന്നും, സ്റ്റൈൻ എന്നാൽ 'കല്ല്' എന്നുമാണ് അവർ വിശദീകരിച്ചത്.

ആൽപ്സ് മലനിരകളുടെ മടിത്തട്ടിൽ പച്ചപ്പുതച്ചു നിൽക്കുന്ന ലിക്റ്റൻസ്റ്റൈൻ, പ്രകൃതിഭംഗി കൊണ്ടും ആകർഷകമായ ശാന്തത കൊണ്ടും ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ലിക്റ്റൻസ്റ്റൈൻ, അതിന്‍റെ സാമ്പത്തിക ശക്തിയേക്കാൾ കൂടുതൽ എന്നെ ആകർഷിച്ചത് അതിന്‍റെ ലാളിത്യമായിരുന്നു. ആധുനികതയുടെ ആഡംബരങ്ങൾക്കിടയിലും പ്രകൃതിസൗന്ദര്യവും ചരിത്രവും ശാന്തമായ അന്തരീക്ഷവും ഒരുമിച്ച് ചേരുന്ന ലിക്റ്റൻസ്റ്റൈൻ ഒരു മനോഹരമായ യാത്രാനുഭവമാണ് സമ്മാനിച്ചത്.

സസ്നേഹം,

സിബി മാത്യു, കൊട്ടാരക്കര

Tags:    
News Summary - Explore Liechtenstein: The Hidden Gem Nestled in the Alps | Travel Guide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.