മീറോഡ് മലക്ക് മുകളിലെ ദൃശ്യങ്ങൾ
മേപ്പയൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ മലബാർ മേഖലയിലുള്ളവരാണ്. സഞ്ചാരികളെ മാടിവിളിക്കുന്ന പ്രകൃതിരമണീയമായ നിരവധി ഇടങ്ങൾ കോഴിക്കോട് ജില്ലയിലുണ്ട്. അതിൽ ആരോരുമറിയാതെ കിടന്ന നയന മനോഹര കാഴ്ചാനുഭവം സമ്മാനിക്കുന്ന ഹിൽടോപ് സ്പോട്ടാണ് മേപ്പയൂർ, കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന മീറോഡ് മല.
കോഴിക്കോട് ജില്ല പഞ്ചായത്ത് ഇക്കോ ടൂറിസം സ്പോട്ടായി അടയാളപ്പെടുത്തിയതിന് ശേഷമാണ് ഈ പ്രദേശം ജനശ്രദ്ധയിലേക്ക് വരുന്നത്. ദൂരദേശങ്ങളിൽ നിന്ന് വരെ നിരവധി പേർ മലകയറാനെത്തിയിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് 35 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഇവിടം വൺഡേ ട്രിപ്പിന് പറ്റിയ സ്ഥലമാണ്.
ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടപ്രദേശമായി മാറുകയാണ് മേപ്പയൂരിനു സമീപമുള്ള നരക്കോട് മീറോട് മല. മൂന്നു പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന മലമുകളിൽ സായാഹ്നങ്ങൾ ചെലവഴിക്കാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബത്തോടൊപ്പവും വാഹനങ്ങളിൽ സഞ്ചാരികളെത്തുന്നു.
കുത്തനെയുള്ള കയറ്റം കയറി മലയുടെ മുകൾത്തട്ടിലെത്തിയാൽ താഴ് വാരത്തെ കാഴ്ചയും അകലെ അകലാപുഴയുടെ ദൃശ്യഭംഗിയും ദൂരക്കാഴ്ചയായി കടലും ചേതോഹര കാഴ്ചയാണ്. സൂര്യോദയവും അസ്തമയക്കാഴ്ചയും, പെയ്തിറങ്ങുന്ന കോടമഞ്ഞും അതിമനോഹരമാണ്.
സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവുമെല്ലാമുള്ള മേഖലയാണ് മലയോരം. ഇതിെൻറ മുകൾഭാഗത്ത് കേന്ദ്ര സർക്കാറിെൻറ മൈക്രോവേവ് റിപ്പീറ്റിങ് സ്റ്റേഷനും മുമ്പ് പ്രവർത്തിച്ചിരുന്നു. അങ്ങനെ മൈക്രോവേവ് മല എന്നും വിളിപ്പേരുണ്ടായി. മലയുടെ മുകളിൽ വലിയ കളരി, ചെറിയ കളരി എന്ന് പേരുള്ള പ്രദേശങ്ങളുണ്ട്. പണ്ട് കളരി അഭ്യസിച്ചിരുന്നതായി പറയപ്പെടുന്നു.
കീഴരിയൂർ ഭാഗത്തുനിന്നും, നരക്കോട് മരുതേരിപറമ്പ് ഭാഗത്തു കൂടിയും മലയിലേക്ക് കടക്കാനുള്ള വഴിയുണ്ട്. ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാൽ നാടിനും പ്രദേശത്തിനും അത് ഏറെ ഗുണം ചെയ്യും. നാട്ടുകാരായ നിരവധി പേർക്ക് തൊഴിലവസരങ്ങളുമുണ്ടാകും.
നരക്കോടിന് സമീപത്തുനിന്നാണ് ഇപ്പോൾ മലയുടെ മുകൾത്തട്ടിലേക്ക് റോഡുള്ളത്. ടാറിട്ട റോഡ് കുറച്ചു ദൂരമേ ഉള്ളൂ. ചെമ്മൺപാത കോൺക്രീറ്റ് ചെയ്താൽ മലയിലേക്കുള്ള യാത്ര സുഗമമാകും. വിശ്രമ സൗകര്യങ്ങളും കുട്ടികളുടെ പാർക്കുകളുമെല്ലാം ഒരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.