അത്​ലാൻറിക്​ സാൽമണുകൾ (ഫോ​ട്ടോ: ഡോ. സലീമ ഹമീദ്)

കോവിഡിനെ പേടിച്ച് നമ്മൾ അടച്ചുപൂട്ടിയിരിക്കുമ്പോൾ അവർ കൂട്ടമായി യാത്ര ചെയ്യുകയാണ്. ജന്മസാക്ഷാത്കാരത്തിനായുള്ള യാത്ര. ഭൂഖണ്ഡങ്ങൾ കടന്നും നീളുന്ന പലായനം. അതുവരെ ജീവിച്ച സമുദ്രത്തിൽനിന്ന് ഉൾനാടൻ നദികളിലെ സ്വന്തം തറവാട്ടിലേക്കുള്ള തീർഥയാത്ര. തങ്ങൾ ജനിച്ച ഇടങ്ങളിലേക്ക് മടങ്ങിച്ചെന്ന് അവിടെ മുട്ടയിടുക മാത്രമാണ് അവരുടെ ജീവിത ലക്ഷ്യം.

ലോകത്ത് ഏറ്റവും കൂടുതൽ പഠന വിധേയമാക്കപ്പെട്ടിട്ടുള്ള ജീവികളിൽ ഒന്നായ സാൽമൺ മത്സ്യങ്ങളുടേതാണ് ഈ അതിശയ യാത്ര. അത്​ലാൻറിക് സാൽമണി​െൻറ ജീവിതം പ്രധാനമായും ആർട്ടിക്​ സമുദ്രത്തിനടുത്ത്, ഗ്രീൻലാ​ൻഡി​​​െൻറ ചുറ്റുമുള്ള അത്​​ലാൻറിക് സമുദ്രത്തിലാണ്. അവിടെയാണ് അവ വളരുകയും പ്രായപൂർത്തിയാവുകയും ചെയ്യുന്നത്. ഒന്നുമുതൽ നാലുവർഷം വരെ അവ ഇവിടെ ജീവിച്ച ശേഷമാണ് തങ്ങളുടെ ജന്മസാക്ഷാത്കാരത്തിനായി പുറപ്പെടുന്നത്. യാത്രാപഥത്തിൽനിന്ന് പിടിച്ചെടുത്ത ശേഷം അവയുടെ ദേഹത്ത് സ്ഥാപിക്കുന്ന ചിപ്പുകൾ സി.സി.ടി.വിയിലെന്ന പോലെ അവയുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും രേഖപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇതുമൂലമാണ് സാൽമണി​െൻറ അതിശയകരമായ ജീവിതയാത്രകളെപ്പറ്റി വളരെ കൃത്യമായി ലോകം അറിയുന്നത്.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഇവ വടക്കൻ അത്​ലാൻറിക്കിൽനിന്ന് കാനഡയുടെ വടക്ക് ഭാഗത്തുള്ള ചില നദികളിൽ മുട്ടയിടാനായി എത്തുന്നത്. ഇവരുടെ ഈ മടക്കയാത്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാഴ്​ചയാണ്. അത്​ലാൻറിക് സാൽമണുകൾ പ്രധാനമായും വടക്കൻ അമേരിക്കയിലേക്കാണ് പോകുന്നതെങ്കിലും യൂറോപ്​, മെഡിറ്ററേനിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നദികളിലേക്ക് മടങ്ങിപ്പോകുന്ന മറ്റൊരു വിഭാഗവും ഇവയിലുണ്ട്.

സെപ്റ്റംബർ മാസത്തിൽ ഞങ്ങൾ ഇവരുടെ കൂട്ടത്തോടെയുള്ള പലായനം കാണാനായി ഒണ്ടേറിയോവിലെ പോർട്ട് ഹോപ്​ എന്ന പട്ടണത്തിലേക്ക് യാത്രചെയ്​തു. സാധാരണ ചെയ്യുന്നതുപോലെ ഗനറാസ്​കാ നദിയുടെ തൊട്ടടുത്ത്നിന്ന് കാണാൻ പറ്റുന്ന ഭാഗങ്ങൾ, കോവിഡ് മൂലം തിരക്ക് ഒഴിവാക്കാനായി അടച്ചിട്ടിരിക്കയായിരുന്നു. എന്നാൽ, ഇവർ ഏറ്റവും അധികമായി എത്തുന്ന ഭാഗത്തിന് മുകളിലുള്ള ഒരു പാലത്തിൽനിന്നാൽ ഇവയെ വ്യക്തമായി കാണാൻ സാധിക്കുമെന്നറിഞ്ഞ് ഞങ്ങൾ കാർ പാർക്ക് ചെയ്​തു. ശേഷം അവിടേക്ക് നടന്നു.

അപകടം പതിയിരിക്കുന്ന 'ജലത്താരകൾ'

സമുദ്രത്തിൽനിന്ന് ഉൾനാടൻ നദികളിലെ തങ്ങളുടെ സ്വന്തം തറവാട്ടിലേക്കുള്ള ഈ മടക്കയാത്ര വളരെ അപകടം നിറഞ്ഞതാണ്. വഴിയിൽ ഇരയെയും കാത്തിരിക്കുന്ന തിമിംഗലങ്ങൾ, മറ്റു വലിയമീനുകൾ, കരടികൾ, സീലു(seal)കൾ എന്നിവയുടെ കണ്ണുവെട്ടിച്ച് വേണം ഇവയ്ക്ക് യാത്ര തുടരാൻ. കടലിൽനിന്ന് നദീമുഖങ്ങളിലെ ശുദ്ധ ജലത്തിലേക്ക് കടക്കുന്നതോടെ ഇവ ഭക്ഷണം പൂർണമായും ഉപേക്ഷിക്കും. പിന്നീടുള്ള ജീവിതത്തിൽ ശരീരത്തിൽ ശേഖരിച്ചു​െവച്ച കൊഴുപ്പ് മാത്രമാണ് ഇവയുടെ ഊർജസ്രോതസ്സ്. തങ്ങൾ ജനിച്ച ഇടങ്ങളിലേക്ക് മടങ്ങിച്ചെന്ന് അവിടെ മുട്ടയിടുക മാത്രമാണ് പിന്നീട് ഈ മത്സ്യങ്ങളുടെ ജീവിത ലക്ഷ്യം. വേലിയേറ്റ സമയത്ത് അധികം ഊർജം ചെലവഴിക്കാതെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും; ഇത് ഇവ നന്നായി പ്രയോജനപ്പെടുത്താറുമുണ്ട്.

സാൽമൺ മത്സ്യങ്ങളുടെ പലായനം

പാലത്തി​െൻറ മുകളിൽനിന്ന് നോക്കുമ്പോൾ താഴെ തെളിഞ്ഞ വെള്ളത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ വളരെ സാവധാനം നീന്തുന്നതാണ് കണ്ടത്. രണ്ട് മൂന്ന് അടി നീളത്തിലുള്ള ഇവ വളരെ ആഴം കുറഞ്ഞ നദിയുടെ അടിത്തട്ടിലെ പാറക്കല്ലുകളിൽ തട്ടിത്തടഞ്ഞ് പൊങ്ങിക്കിടക്കുകയാണ്. നദിയുടെ ഒരു ഭാഗത്ത് ഒരു ചെറിയ വെള്ളച്ചാട്ടവും അവിടെ നിർമിച്ച കോർബറ്റ് ഡാമും കാണാം. ഡാമി​െൻറ ഒരു ഭാഗത്തായി ഒരു ചെറിയ വാതിലുണ്ട്. അതിലൂടെ താഴേക്കൊഴുകുന്ന വെള്ളത്തി​െൻറ എതിർദിശയിൽ സാൽമണുകൾ മുകളിലേക്ക് ചാടുന്നുണ്ട്. അവയിൽ കുറച്ചുപേർ വിജയിക്കുന്നുമുണ്ട്. ഏറെ തവണത്തെ ശ്രമത്തിന് ശേഷം, പരാജിതരായവർ ഡാമിന് മുന്നിലെ വെള്ളത്തിൽ തളർന്ന് കിടക്കുന്നതും കാണാം.

കരയോടടുത്ത് അവിടവിടെ ഒന്ന് രണ്ട് വലിയ മത്സ്യങ്ങൾ ചത്തുകിടപ്പുണ്ട്. ഭക്ഷണമില്ലാതെ ഒഴുക്കിനെതിരെ മുകളിലേക്കുള്ള നീണ്ട യാത്ര എല്ലാവർക്കും താങ്ങാൻ കഴിയില്ല. നദികളിൽ കൂടിയുള്ള സഞ്ചാരത്തിനിടയിൽ മറ്റൊരുതരം മനുഷ്യനിർമിതമായ അപകടം ഇവരെ കാത്തിരിക്കുന്നുണ്ട്. സാൽമണി​െൻറ ഈ സഞ്ചാരകാലം മീൻപിടിത്തക്കാരുടെ ഉത്സവകാലം കൂടിയാണ്. ഇവരുടെ വംശം അറ്റുപോകുന്നത് തടയാനായി കാനഡയിലെ നദികളിൽനിന്ന് പിടിക്കപ്പെടുന്ന മത്സ്യം സാൽമൺ ആണെങ്കിൽ അവയെ വെള്ളത്തിലേക്ക് തിരിച്ചുവിടണമെന്ന് നിയമം ഉണ്ട്. കോവിഡ് നിരോധനം നിമിത്തം മീൻപിടിത്തക്കാരെയൊന്നും അവിടെ കണ്ടില്ല.

തീരില്ലയീ തീർഥയാത്ര

ഇലപൊഴിയും കാലത്താണ് ഇവയുടെ മുട്ടയിടൽ. പരിസരങ്ങളുമായി ചേർന്ന നിറം അതിജീവനത്തിന് സഹായകരമാണെന്നതുകൊണ്ട് ഈ കാലത്ത് ആൺ മത്സ്യങ്ങളുടെ തോലി​െൻറ നിറം ചുവപ്പ് ആയി മാറുന്നു. പെൺമത്സ്യങ്ങൾ തിളക്കം കുറഞ്ഞു കൂടുതൽ കറുത്ത നിറമായി മാറും. ചിലയിടങ്ങളിൽ വെള്ളച്ചാട്ടങ്ങൾക്കു മീതെ ഇവയ്ക്ക് 12 അടി വരെ ഉയരത്തിൽ ചാടേണ്ടിവരും. ഒരുപക്ഷേ, ഏറ്റവും ആരോഗ്യമുള്ളതിനെ തെരഞ്ഞെടുക്കാനുള്ള പ്രകൃതിയുടെ വഴിയാകാം ഇത്. പുതിയ കാലത്ത് പല വെള്ളച്ചാട്ടങ്ങളിലും ചെറിയ അണക്കെട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്.

എന്നാൽ സാൽമണി​െൻറ സഞ്ചാരപഥങ്ങളിൽ എല്ലായിടത്തും അവയ്ക്ക് കടന്നുപോകാനായി 'സാൽമൺ ലാഡർ' എന്ന പ്രത്യേക വഴി ഒരുക്കിയിട്ടിട്ടുണ്ടാവും. ഏകദേശം ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ഈ യാത്രക്കായി മൂവായിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ വാൽ ഭാഗത്തുള്ള ചിറകുകൾ കൊണ്ട് തല്ലി നദിയുടെ അടിത്തട്ടിൽ കല്ലും മണ്ണും കൊണ്ട് മുട്ടയിടാനുള്ള കൂടുപോലെ ഒരിടം ശരിയാക്കും. ഇതിനിടയിൽ ചെറിയ തോതിൽ ഫെറോമോൺസ് അടങ്ങിയ ഒരു ലായനി അവ ശരീരത്തിൽനിന്ന് പുറപ്പെടുവിക്കും.

ഇത് ആൺ മീനുകളെ ആകർഷിക്കാനാണ്. റെഡ് (Redd) എന്നറിയപ്പെടുന്ന കൂട്ടിൽ സംയോഗം നടക്കുകയും പെൺ മത്സ്യം മുട്ടയിടുകയും ആൺ മത്സ്യം ബീജസങ്കലനം നടത്തുകയും ചെയ്യും. ഈ മുട്ടകൾ ഇളം ചുവപ്പുനിറത്തിൽ ഒട്ടലോടുകൂടിയതായതിനാൽ അവിടെയുള്ള പാറക്കല്ലുകളിലും പരസ്​പരവും ഒട്ടിച്ചേർന്നിരിക്കുന്നതുമൂലം വെള്ളത്തിൽ ഒഴുകിപ്പോകാറില്ല. അതിനുശേഷം വാലുപയോഗിച്ച് കുറച്ച് മണ്ണും കല്ലും അതി​െൻറ പുറത്തേക്ക് നീക്കിയിട്ട് വീണ്ടും മേൽപറഞ്ഞ പ്രവൃത്തി ആവർത്തിക്കും. ഒരു മത്സ്യം ഏകദേശം 7500 മുട്ടകൾ ഇടും.

ഇത്രയും കഴിയുമ്പോഴേക്കും ഒരു കൊല്ലത്തോളമായി ഉണ്ണാവ്രതത്തിലായിരുന്ന ഈ മീനുകൾ അവശരായിട്ടുണ്ടാവും. അവയുടെ ദേഹത്ത് പൂപ്പലുകൾ വളർന്ന് തുടങ്ങും. ആൺ മത്സ്യങ്ങൾ അധികവും കുറച്ചു ദിവസങ്ങൾക്കകം മരിക്കും. ചില പെൺമത്സ്യങ്ങൾ രണ്ടോ മൂന്നോ പ്രാവശ്യം കൂടി ഇത്തരത്തിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര പൂർത്തീകരിക്കാറുണ്ട്. മരണപ്പെടുന്ന മത്സ്യങ്ങളുടെ ശരീരം മുട്ടയിട്ട ഭാഗത്തിനടുത്തുതന്നെ കാണാം. ഈ മീനുകൾ ചീഞ്ഞ് വെള്ളത്തിൽ ചേരുമ്പോൾ കടൽവെള്ളത്തിൽനിന്ന് ഇവക്ക് ലഭിച്ച ധാരാളം പോഷകങ്ങൾ ഈ വെള്ളത്തിൽ ചേർക്കപ്പെടുന്നു. അത് അവിടെ ജീവിക്കുന്നവയ്ക്ക് വളരെ ഗുണപ്രദമായിത്തീരുന്നു. ഒന്ന് ചീഞ്ഞാണല്ലോ മറ്റൊന്നിന് വളമായി മാറുന്നത് എന്ന് എവിടെയോ കേട്ടത് ഉള്ളിൽ അശരീരി പോലെ മുഴങ്ങി.

അത്​ലാൻറിക്​ സാൽമണുകൾ

തുടർന്നുവരുന്ന ശീതകാലം മുഴുവൻ മുട്ടകൾ വെള്ളത്തിനടിയിൽ തന്നെയായിരിക്കും. മേയ്-ജൂൺ മാസങ്ങളിൽ വസന്തകാലത്ത് മുട്ടകൾ വിരിഞ്ഞുതുടങ്ങും. ഇവയെ പൊതിഞ്ഞ യോക് എന്ന സഞ്ചി 'അലെവിൻ'(Alevin)എന്നു വിളിക്കപ്പെടുന്ന ഈ കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞതാണ്. ഏകദേശം ഒരുവർഷം കൊണ്ട് ഇവ വളർന്ന് കറുത്ത പുള്ളികളോടുകൂടിയ ചെറിയ സാൽമൺ മത്സ്യങ്ങളുടെ ആകൃതി പ്രാപിക്കും. ഇവ പാർ (parr) എന്നറിയപ്പെടുന്നു.

തുടർന്നുള്ള രണ്ടു മൂന്ന്​ വർഷങ്ങൾ അവ വെള്ളത്തിലെ ചെറുജീവികളെയും മറ്റും കഴിച്ച് ജീവിക്കുന്നു. 12 സെൻറീമീറ്റർ നീളമുള്ളപ്പോൾ സ്​മൽറ്റ്​ (Smolt) എന്നറിയപ്പെടുന്ന ഇവ ഉപ്പുവെള്ളത്തിൽ ജീവിക്കാനാവശ്യമായ ശരീരമാറ്റങ്ങൾക്ക് (Smoltification) വിധേയരാക്കപ്പെടുന്നു. ഇക്കാലത്താണ് നദിയുടെ 'ഗന്ധം' അവയുടെ ഓർമയിൽ അടയാളപ്പെടുത്തപ്പെടുന്നത്. ഇങ്ങനെ കടലിലേക്കുള്ള യാത്രക്ക്​ തയാറായി കഴിഞ്ഞാൽ അതുവരെ ഒറ്റക്കുജീവിച്ചിരുന്ന സാൽമണുകൾ കൂട്ടംകൂടി ജീവിക്കാൻ ആരംഭിക്കും. പിന്നീടുള്ള യാത്രകൾ എല്ലാം ഒരുമിച്ചാണ്. കടലിൽ പ്രവേശിക്കുമ്പോൾ സാധാരണയായി ഏകദേശം 20 സെ.മീറ്റർ നീളമുണ്ടാവും.

സാൽമണുകൾ കടൽവെള്ളത്തിൽ വളരെ വേഗം വളരുകയും വലുപ്പം വെക്കുകയും ചെയ്യും. കേപ്ലിൻ തുടങ്ങിയ ചെറുമത്സ്യങ്ങളാണ് ഇവയുടെ ഇരകൾ. ഇത്തരത്തിൽ സംഭരിച്ച കൊഴുപ്പാണ് പിന്നീട് മുട്ടയിടാനായുള്ള യാത്രയിൽ ഒരു കൊല്ലത്തെ ഉപവാസമിരിക്കാൻ ഇവയെ സഹായിക്കുന്നത്. ഒന്നുമുതൽ മൂന്നുവരെ വർഷങ്ങൾ കടലിൽ ജീവിക്കുന്ന ഇവ വളർച്ച പൂർത്തിയാവുമ്പോൾ മൂന്ന്​ അടി വരെ നീളമുണ്ടാവും. ഇവയുടെ ആയുസ്സ് നാലു മുതൽ ആറുവരെ വർഷംമാത്രമാണ്. ഭൂമിയുടെ കാന്തിക വലയത്തെയും ജീവിത പരിസരങ്ങളുടെ ഗന്ധങ്ങളെപ്പറ്റിയുള്ള ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കിയാണ് മടക്കയാത്ര. കുട്ടിക്കാലത്തെ വീട്ടുമുറ്റത്തെ രാത്രിമുല്ലയുടെ ഗന്ധം അതിജീവനപ്രായോഗികതയുടെ പുതപ്പ് ഭേദിച്ച് ഇന്നും എന്നെ മടക്കിവിളിച്ചു കൊണ്ടിരിക്കുന്ന പോലെ!

ഓറഞ്ച് കലർന്ന ചുവപ്പുനിറമാണ് സാൽമണി​െൻറ മാംസത്തിന്. ഗ്രിൽ ചെയ്​ത്​ കഴിക്കുന്നതാണ് ഏറ്റവും രുചികരം, പക്ഷേ, മലയാളികൾ നാടൻരീതിയിൽ ഇവയെ കുടംപുളിയിട്ട് കറി വെക്കാറുണ്ട്​. കൃത്രിമമായി വളർത്തിയ സാൽമൺ മത്സ്യത്തെ മാത്രമേ വടക്കേ അമേരിക്കയിൽ കടകളിൽനിന്ന് വാങ്ങാൻ സാധിക്കുകയുള്ളൂ. മുട്ടയിട്ടു കഴിഞ്ഞ മീനുകളെ ജീവനോടെ ലഭിച്ചാൽ തന്നെ ആരും കഴിക്കാറില്ല. കാരണം, കൊഴുപ്പ് മുഴുവൻ നഷ്​ടപ്പെട്ട ഇവയ്ക്ക് ഒട്ടും രുചിയുണ്ടാവില്ല. ഇത്രയും നിയമനിർമാണങ്ങൾക്ക് ശേഷവും വ്യവസായിക മാലിന്യങ്ങളും കീടനാശിനികളും വളങ്ങളും കൊണ്ടുള്ള പരിസര മലിനീകരണം മൂലം സാൽമണുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കയാണ്. ആഗോള താപനം കാരണം കടൽവെള്ളത്തി​െൻറ ചൂട് വർധിക്കുന്നത് മറ്റൊരു കാരണമാണ്.

ഈ ജീവികളുടെ അതിശയകരമായ ജീവിതയാത്ര പ്രകൃതിയെ പറ്റി ധാരാളം പാഠങ്ങൾ നൽകുന്നുണ്ട്; മനുഷ്യന് അവ​െൻറ നിയോഗങ്ങളെപ്പറ്റി ചിന്തിക്കാൻ ഉള്ള അവസരവും! ഒഴുക്കിനെതിരേ നീന്തി ലക്ഷ്യസ്ഥാനത്തേക്ക് പ്രയാണം ചെയ്യുന്ന സാൽമണുകളെ കണ്ടപ്പോൾ പ്രവാസികളുടെ നാടായ കാനഡയിൽ എവിടെയോ ഒക്കെ കണ്ടുമറന്ന ചില മനുഷ്യരുടെ ഛായ തോന്നി; അതോ എ​െൻറ തന്നെയോ?

Tags:    
News Summary - traveling of Salmon Fish in Atlantic Ocean

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT