മഞ്ഞണിഞ്ഞ മാട്ടുമല - ഇതാ നെല്ലിയാമ്പതിയിലെ വേറിട്ട കാടനുഭവം

'നെറ്റില്ലാ'പതിയാണ് നെല്ലിയാമ്പതി. അങ്ങോട്ടുള്ള യാത്രയിലാണ്. ബി.എസ്​.എൻ.എല്ലിന്​ മാത്രമേയുള്ളൂ ഇവിടെ റേഞ്ചിന്‍റെ നേർത്തൊരു മിന്നലാട്ടം. സിം വേറെ ജാതി ആകയാൽ, പോത്തുണ്ടി വിട്ട് ഏറെക്കഴിയാതെ ഫോണിന്‍റെ അനക്കമറ്റു. ഒരു കണക്കിനത് ആശ്വാസമായി. നാട്ടിലെ, വെറിയിൽ വറുത്ത ആഹ്വാനങ്ങളിനി കാടിറങ്ങുവോളം സ്ക്രീനിൽ വാർത്തകളായി പറന്നിറങ്ങില്ലല്ലോ!

17 കിലോമീറ്ററകലെയുള്ള കൈകാട്ടി വരെ കാടാണ്. ആനകൾ സ്വൈര്യവിഹാരം നടത്തുന്ന കാട്. അതു കടന്നുവേണം നെല്ലിയാമ്പതിയിലെ കാഴ്ചകളിലെത്താൻ. 'നാളെ മൂന്നു മണിയോടെ തിരിച്ചിറങ്ങണേ..' വൈകീട്ടായാൽ ആന വഴി മുടക്കും' - ചെക്ക് പോസ്റ്റ് കടക്കുമ്പോൾ പ്രത്യേകിച്ചൊരു ഓർമപ്പെടുത്തൽ.

ആനപ്പേടിപ്പിക്കലൊക്കെ നമ്മളെത്ര കണ്ടതാ എന്ന തോന്നലേ അന്നേരം വന്നുള്ളൂ. അങ്ങനെ തോന്നാൻ കാരണമുണ്ട്. കാടുസഞ്ചാരം തുടങ്ങിയിട്ട് കാലമേറെയായി. വിദൂരത്തുള്ള കാട്ടാനക്കാഴ്ചയേ ഇത്ര നാളിനിടക്ക്​ തരപ്പെട്ടിട്ടുള്ളൂ. അതുതന്നെ വല്ലപ്പോഴും. പോകും വഴിക്ക് ആനയും പുലിയും കരടിയുമൊക്കെ ഒന്നടുത്തു കണ്ടെങ്കിൽ എന്ന മോഹവുമായാണ് മറ്റാരെയും പോലെ ഞങ്ങളുടെ കാടുചുറ്റലും.

രാത്രി റോഡിൽ ഒറ്റയാനെ മുഖാമുഖം കണ്ട ഒരൊറ്റ അനുഭവമേ ഇതിനപവാദമായി കാടാവേശത്തിന്‍റെ കണക്കു പുസ്തകത്തിലുള്ളൂ. പണ്ടൊരിക്കൽ തിരുനെല്ലിക്കാട് ചുറ്റാൻ വാച്ചർക്കൊപ്പം രാത്രി വണ്ടിയിൽ ഇറങ്ങിത്തിരിച്ചപ്പോഴായിരുന്നു അത്. അക്കഥയുടെ രസങ്ങളോരോന്ന് പറഞ്ഞുചിരിച്ചാണ് ഞങ്ങളുടെ കാടുകയറ്റം. ഓരോ വളവുതിരിവിലും പുതിയൊരു ആനക്കാഴ്ചക്കായി പുറത്തേക്ക് കണ്ണെറിഞ്ഞാണ് യാത്ര.


'ദാ ആന' എന്ന മോളുടെ പതിവ് കളിപ്പീര് മാത്രമായി കാട്ടുപാത മുക്കാലും പിന്നിട്ടു. മുന്നറിയിപ്പു ബോർഡുകളിലെ ആനയെ മാത്രം കണ്ട് ഈ യാത്രയും തീരുമെന്ന് കരുതിയിടത്തതാ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ്! വണ്ടിയൊരു വളവിലേക്കടുക്കവേ റോഡോരത്തെ പൊന്തയിലൊരനക്കം! കുറ്റിച്ചെടികൾ ചവിട്ടിമെതിച്ച്, മരച്ചില്ലയൊടിച്ച് ഒരാനയും കുഞ്ഞും റോഡിലേക്കിറങ്ങുകയാണ്. സംഗതി ആദ്യമേ കണ്ണിൽ കുടുങ്ങിയതിനാൽ സ്വൽപ്പമകലെ വണ്ടി നിർത്തി.

പതിയെ അവർ റോഡിലിറങ്ങി അനങ്ങാതെ നിന്നു. എങ്ങോട്ടെങ്കിലും നീങ്ങുന്ന മട്ടില്ല. ലേശം കഴിഞ്ഞ് റോഡിലൂടെ ഇരുവരും നടന്നുനീങ്ങാൻ തുടങ്ങി. ഞങ്ങൾ പതിയെ പിന്നാലെയും. അപ്പോഴേക്കും വാഹനങ്ങൾ ഒരുപാട് വന്നുപെട്ടു. കഥയില്ലാത്ത ചിലർ ഹോണടിച്ച് ശല്യമുണ്ടാക്കാൻ തുടങ്ങി. ചിലർ വണ്ടികളിൽ നിന്നിറങ്ങി ഫോട്ടോക്കായി പാഞ്ഞടുത്തു. അതോടെ ആവേശം ചെറുതല്ലാത്ത പേടിക്ക് വഴിമാറി.

10-15 മിനിറ്റ് കാത്തിരുന്നിട്ടും മൂപ്പര് റോഡൊഴിയുന്നില്ല എന്നായപ്പോൾ പേടി കനത്തു. ഒടുവിൽ, കാടിന്‍റെ ഒരു വശത്തേക്ക് തിരിഞ്ഞ് നീങ്ങിനിന്ന് സഹകരിക്കാൻ ആന തയാറായി. അപ്പോഴാണ് ശരിക്കും പറഞ്ഞാൽ പേടി ഒഴിഞ്ഞത്. റോഡിൽ കിട്ടിയ ഗ്യാപ്പിലൂടെ ഞങ്ങൾ പെട്ടെന്ന് വണ്ടിയെടുത്തോടിച്ചു പോന്നു. മണ്ണ് വാരി ദേഹത്തിട്ട് കളിക്കുകയായിരുന്ന ആനക്കും കുഞ്ഞിനും തൊട്ടരികിലൂടെയായിരുന്നു ആ വണ്ടിപ്പാച്ചിൽ!

കാട്ടിനുള്ളിലെ ബംഗ്ലാവ്​

ഭീതിയിൽ കുഴച്ച ആനരസം പറഞ്ഞായി പിന്നത്തെ പോക്ക്. നേരെ, നേരത്തെ ബുക്ക് ചെയ്തിരുന്ന വനം വകുപ്പിന്‍റെ ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക്​. നെല്ലിയാമ്പതിയിൽ ആദ്യമെത്തുന്ന ചെറിയ അങ്ങാടിയാണ് കൈകാട്ടി. അവിടെനിന്ന് വലതുതിരിഞ്ഞ് പാടഗിരി റൂട്ടിൽ ഒരു കിലോമീറ്ററുണ്ട് ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്ക്​. കാടുവളഞ്ഞ, റോഡോരത്തുള്ള താമസ സ്ഥലം. 'വനാലിറ്റി'യുടെ നല്ല ഫീൽ കിട്ടുന്ന ഇടം. വൃക്ഷത്തലപ്പുകൾ ചാടിയിളക്കി കടന്നുപോയ മലയണ്ണാനാണ് ഞങ്ങളെ അങ്ങോട്ട് സ്വാഗതം ചെയ്തത്.


നേരം ഉച്ചയായി. കൂടെക്കരുതിയ നെയ്ച്ചോറും കോഴിക്കറിയും കഴിച്ച് ശകലസമയം വിശ്രമം. എഫ്.ബി.യിൽനിന്ന് കിട്ടിയ നമ്പറിൽ ബന്ധപ്പെട്ട്​ പരിചയത്തിലായ പ്രതീഷിനെ ഇതിനിടെ വിളിച്ച് എത്തിയ വിവരമറിയിച്ചു. ട്രെക്കിംഗിനു കൊണ്ടുപോകുന്ന ജീപ്പിന്‍റെ ഡ്രൈവറാണ് കക്ഷി. നെല്ലിയാമ്പതിയെപ്പറ്റി നല്ല പിടിപാടുള്ളയാൾ. പ്രതീഷ് പറഞ്ഞതനുസരിച്ച് തയാറാക്കിയതാണ് ഈ യാത്രയുടെ ഷെഡ്യൂൾ.

വീണ്ടും കാറെടുത്ത് കാഴ്ചകളിലേക്ക് ​വളയം തിരിച്ചു. കാരപ്പാറ റൂട്ടിലുള്ള തൂക്കുപാലമാണ് ലക്ഷ്യമാക്കിയത്. 10 കിലോമീറ്ററുണ്ട് ദൂരം. തേയില, കാപ്പി തോട്ടങ്ങളും കാടും ഇടകലർന്നു വരുന്ന മനോഹരമായ വഴിക്കാഴ്ചകളാണ് ഈ റൂട്ടിലെങ്ങും. വേഴാമ്പലുകൾ കുറെയുണ്ട് ഈ റൂട്ടിന്‍റെ അറ്റത്ത്.


പ്രകൃതിയൊരുക്കിയ പച്ചയലങ്കാരങ്ങൾ

തിരിച്ച് മുറിയിലെത്തിയ ശേഷം കേശവൻപാറ വ്യൂ പോയിന്‍റിൽ അന്നത്തെ സായാഹ്നം ചെലവിടാനായിരുന്നു പ്ലാൻ. അങ്ങോട്ടുള്ള പ്രവേശനം കോവിഡ്​ കാരണം വനംവകുപ്പ് ഇപ്പോൾ വിലക്കിയിരിക്കുകയാണെന്ന് അറിയിച്ച് വാച്ചർ ആ ആശയണച്ചു. സമീപത്തെ എ.വി.ടി ടീ ഫാക്ടറിയും സന്ദർശകരെ അകത്തേക്ക് അനുവദിക്കുന്നില്ല.

ചുറ്റുവട്ടത്ത് പ്രകൃതിയൊരുക്കിയ പച്ചയലങ്കാരങ്ങളുടെ ചന്തങ്ങളിൽ കണ്ണും കാതും കൊരുക്കുക എന്നതായി പിന്നത്തെ പ്ലാൻ. കാട്ടിലെ കിളിക്കച്ചേരിക്ക് കുറെനേരം കാതുകൊടുത്ത് ആസ്വാദ്യതയുടെ ആ അധ്യായം തുറന്നു. പിന്നെ തേയിലത്തോട്ടങ്ങളിലെ നിമ്നോന്നതങ്ങളിൽ കയറിയിറങ്ങി. മാനവും മലകളും ചുറ്റും തീർത്തിരിക്കുന്ന ചായക്കൂട്ടുകളുടെ രസം ആവോളം നുകർന്നു. കുറെ നീണ്ട നിൽപ്പിനൊടുവിൽ വെളിച്ചമകലാൻ തുടങ്ങി.


ഇരുളിന്‍റെ കൂട്ടാളിയായി കുളിരും ഇഴഞ്ഞെത്തിയതോടെ നെല്ലിയാമ്പതിക്കൊരു ഊട്ടിയുടെ മട്ടായി. അരിച്ചരിച്ചു കേറിയ തണുപ്പ് ആദ്യം സുഖലാളനമേകി. രാവിനൊപ്പം അത് കനത്തു. അതോടെ സുഖത്തിന്‍റെ സർക്കിളിനു പുറത്തായി തണുപ്പ്. പിന്നെ പുറത്തെ നിൽപ്പ്​ വിട്ട് മുറിക്കകത്തേക്ക് വലിയാതെ വയ്യെന്നായി. ഈ തണുപ്പിൽ പുലർച്ചെയെണീറ്റ് എല്ലാവരെയും റെഡിയാക്കി, പുലയമ്പാറയിൽ ട്രെക്കിംഗിന് എത്തുന്നതിനെക്കുറിച്ചായിരുന്നു അപ്പോഴത്തെ ചിന്ത.

'അതിരാവിലെയുള്ള ട്രെക്കിംഗാണ് രസം. കാലത്ത് ഏഴിന് ഗേറ്റ് തുറക്കുന്നേരം തന്നെ ജീപ്പുമായി നമുക്ക് ഓഫ് റോഡ് കയറാം'. നാളത്തെ കറക്കം കളറാക്കാൻ എന്തു വേണമെന്ന് മുമ്പേ പറഞ്ഞുവെച്ചിട്ടുണ്ട് ഡ്രൈവർ പ്രതീഷ്. ട്രെക്കിംഗ് കഴിഞ്ഞു വന്ന് പുലയമ്പാറയിലെ ഓറഞ്ച് വെജിറ്റബിൾ ഫാം കാണാമെന്നും തുടർന്ന് ഇതേ റൂട്ടിലുള്ള സീതാർകുണ്ടിലേക്ക്​ വിടാമെന്നുമായിരുന്നു പ്രതീഷിന്‍റെ തുടർ നിർദേശങ്ങൾ.


വാതം വീക്കാക്കിയ കൈവിരൽ സന്ധികളിൽ കേറി തണുപ്പ് കുത്തിനോവിക്കാൻ തുടങ്ങിയിട്ടുണ്ട്. ചൂടുവെള്ളത്തിൽ കുറെ നേരം കൈമുക്കിയാണ് ആ തണുപ്പാക്രമണത്തെ ചെറുത്തത്. വൈകാതെ ആഹാരമുണ്ട് വേഗം പുതപ്പിലേക്ക് ചുരുണ്ടു.

കാടിന്‍റെ വേറിട്ട വന്യത

പുലർച്ചെ തന്നെ എല്ലാവരെയും എണീപ്പിച്ച് ട്രെക്കിംഗിന് പോകാനൊരുക്കി. ദിന കൃത്യങ്ങളെല്ലാം ചൂടുവെള്ളത്തിലാക്കിയാണ് തണുപ്പിനെ വെട്ടിയത്.


അങ്ങനെ, പറഞ്ഞ നേരത്തുതന്നെ കാറിൽ പുലയമ്പാറയിലേയ്ക്ക്. അവിടെ നിന്നാണ് ഏഴു കിലോമീറ്റർ അകലെയുള്ള മിന്നാംപാറ, മാട്ടുമല ജീപ്പ് ട്രെക്കിംഗ്. 1400 രൂപയാണ് ചാർജ്. വണ്ടിയുമായി പ്രതീഷ് റെഡിയാണവിടെ.

ഞങ്ങളഞ്ചു പേരെയും കൊണ്ട് ജീപ്പ് മുരണ്ടു നീങ്ങി. സീതാർകുണ്ടിലേക്കുള്ള വഴിയിൽ കുറച്ചുപോയി വലതു തിരിഞ്ഞാണ് മാട്ടുമലക്കുള്ള ഓഫ് റോഡ്. കുണ്ടും കുഴിയും പാറക്കെട്ടും തെറിച്ച കല്ലിൻ കൂട്ടങ്ങളും മറ്റും ചാടിക്കടന്നു പോകേണ്ട ദുർഘടപാത. അതിനു തക്ക കരുത്തുള്ള ജീപ്പിനേ, നിയന്ത്രണമുള്ള ആ റൂട്ടിൽ ഉരുണ്ടു കേറാനാകൂ. വണ്ടി കടത്തിവിടാൻ 100ഉം ആളൊന്നിന് 50ഉം രൂപ വെച്ച് ഗേറ്റിൽ കൊടുക്കണം.


ഇനി കാടിന്‍റെ വേറിട്ട വന്യതയിലേയ്ക്ക്. ആകെ ആടിയുലഞ്ഞുള്ള ജീപ്പിന്‍റെ കേറ്റം തന്നെ ബഹുരസമാണ്. കിളച്ചുമറിച്ചിട്ട മണ്ണും നീളൻ ചാലുകളുമാണ് ആ കാട്ടുപാതയുടെ തുടക്കത്തിൽ. പിന്നെ ഉരുളൻ പാറകൾ നിറഞ്ഞ വഴിയാണ്. ക്ലച്ചും ഗിയറും ഉചിതം പോലെ ചവിട്ടിയും ഇളക്കിയുമാണ് ഡ്രൈവർ ജീപ്പിനെ പാറയിൽ ഇറക്കിക്കേറ്റുന്നത്.

ഉയരം താണ്ടുന്നതിനൊപ്പം കാടിന്‍റെ കാഴ്ചകൾക്ക് മാറ്റേറി. മയിലും കാട്ടുകോഴികളും കേഴമാനുമെല്ലാം ഉണ്ട് വഴിക്ക്​. നല്ല 'കുലുക്കിത്തക്ക' പോക്കാണ്. ആ പോക്കിൽ പടമെടുപ്പൊന്നും സാധ്യമല്ല. ആനയെ കണ്ടില്ലേലും ആന മരങ്ങളിലും മറ്റും കാട്ടിയ പരാക്രമങ്ങൾ ഡ്രൈവർ കാണിച്ചുതന്നു.


ഇറങ്ങിക്കാണാനുള്ള ആദ്യ സ്പോട്ട് മിന്നാംപാറയാണ്. അവിടെയെത്തുമ്പോൾ കാഴ്ചകൾക്ക് മറയിട്ടിരിക്കുകയാണ് കോട. പാറപ്പുറത്ത് സ്വൽപ്പനേരമിരുന്നു. കോടയതിന്‍റെ തിരശ്ശീല നീക്കിയപ്പോൾ താഴെയതാ കണ്ണഞ്ചും കാഴ്ചകൾ. പോബ്സൺ എസ്​റ്റേറ്റും സീതാർകുണ്ടുമെല്ലാം ഇവിടെനിന്നു ദൃശ്യമാണ്. സമുദ്രനിരപ്പിൽനിന്ന് 1360 അടി ഉയരത്തിലാണ് ഈ പ്രദേശം. അപൂർവ സസ്യയിനങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്.

മാട്ടുമലക്കാഴ്ചയുടെ ഹൈലൈറ്റ്സ്

ഇനി കുറച്ചുകൂടെ മേലോട്ട് പോകണം മാട്ടുമലക്ക്​. കാഴ്ചകളുടെ മഹാപറുദീസയാണവിടെ. വലിയൊരു പാറക്കെട്ടിൽ കയറ്റിയാണ് ഡ്രൈവർ ജീപ്പ് നിർത്തിയത്. അവിടെ വെച്ച് ഫോട്ടോ ഷൂട്ട് സൂപ്പറാക്കി.


കോടമഞ്ഞ് ഇന്ദ്രജാലം തീർക്കുന്ന ലോകമാണിത്. നേർത്തും കനത്തും അതിങ്ങനെ ഈ കുന്നിനു ചുറ്റുമായി ഒഴുകുകയാണ്. വല്ലാത്തൊരു ഫീലു തരുന്ന പുലരിക്കാഴ്ച!

അകലെ ഈറനണിഞ്ഞു നിൽക്കുന്ന പെരുംപാറകളെയും മലനിരകളയും തടവിപ്പോകുന്ന മഞ്ഞിന്‍റെ കാഴ്ചകൾ തീർത്തും ചേതോഹരം. അടുത്തുള്ളവരെ കാണാൻ പോലും പറ്റാത്തവിധം ഇടക്ക്​ കോട കനം വെക്കും. ഞൊടിയിട കൊണ്ടത് നീങ്ങി കാഴ്ചകളെ തിരിച്ചുതരികയും ചെയ്യും! മഞ്ഞിന്‍റെ കേളികളിൽ ഞങ്ങളലിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ!!


പൊടുന്നനെ മാറുന്ന ഈ അന്തരീക്ഷ സ്ഥിതി തന്നെയാണ് മാട്ടുമലക്കാഴ്ചയുടെ ഹൈലൈറ്റ്സ്. കാറ്റും കുളിരും മഞ്ഞും മഴയുമൊക്കെ ഇവിടെ മാറിമാറിയെത്തി നമ്മെ ആനന്ദാനുഭവങ്ങളിൽ മൂടും. പടമെടുപ്പുകാർക്ക് ഇവിടെ കൊതിതീരും. താഴെ നീലപ്പൂക്കളണിഞ്ഞ പാറക്കൂട്ടങ്ങളിലേക്ക്​ ഇറങ്ങിച്ചെല്ലാൻ വഴിയുണ്ട്. അവിടെ എത്ര നേരമിരുന്നാലും മതിവരില്ല. 'മടങ്ങുകയല്ലേ.., നമുക്ക് ശേഷം വന്നവർ വരെ പോയിക്കഴിഞ്ഞു' -പ്രതീഷ് വിളച്ചറിയിച്ചപ്പോഴാണ് മടങ്ങാൻ മനസ്സ്​ തയാറായത്.

പോകാൻ നേരമതാ ഒരു നൂൽമഴ. ഏതാനും മിനിറ്റുകൾ മാത്രം നിന്ന ആ മഴച്ചന്തവും അനുഭവിക്കാനായി. പിന്നെ, രസാനുഭവങ്ങളുടെ കെട്ടും പേറി ഞങ്ങൾ മലയിറങ്ങി.

Tags:    
News Summary - Snowy Mattumala - Here is a unique forest experience in Nelliyampathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT