മഞ്ഞുപെയ്യുന്ന അട്ടപ്പാടി

എഴുത്തും ചിത്രങ്ങളും ബ​ഷീ​ർ മാ​റ​ഞ്ചേ​രി

ഭവാനിപ്പുഴയുടെ പൊന്നലകളെ പുകച്ചുരുളുകൾക്കുള്ളിൽ മറച്ച് ഹരിതകാന്തിയിൽ മഞ്ഞുപെയ്യാൻ തുടങ്ങിയതോടെ സന്ദർശകരുടെ ഇഷ്ട താവളമായി മാറിയിരിക്കുകയാണ് അട്ടപ്പാടി. കാലവർഷത്തിന് മുെമ്പത്തിയ മഴയാണ് അട്ടപ്പാടിയുടെ ഹരിതകാന്തിയിൽ മഞ്ഞിൻ പുകപ്പടം നേരത്തേ ചാർത്തിയത്. ചുരത്തിലെ മുടിപ്പിൻ വളവുകളിലെ ദൂരക്കാഴ്ച മറച്ചുവെച്ചിറങ്ങുന്ന കോടമഞ്ഞിന്റെ പുതപ്പണിയുന്ന പ്രകൃതിയുടെ പച്ചയും കിളികളുടെ പാട്ടും കാട്ടാറിന്റെ സംഗീതവും സന്ദർശകരുടെ മനസ്സിനെ പറുദീസയാക്കുന്നു. തണുപ്പിൽനിന്ന് രക്ഷനേടാൻ വാനരൻമാർ സന്ദർശകരോടൊപ്പം കൂട്ടുകൂടുന്നു. സഹ്യപർവത സാനുക്കളിൽ നിന്ന് ആരംഭിക്കുന്ന കോടമഞ്ഞ് സൈരന്ധ്രി വനങ്ങളെ തലോടി സൈലൻറ് വാലിയിലൂടെ നീങ്ങി കുന്തിപ്പുഴയിൽ നീരാടി ആനമൂളി വരെ പരക്കുന്ന കാഴ്ച അവിസ്മരണീയം.


മഴയും മഞ്ഞും അലിഞ്ഞുചേരുന്ന സമയത്ത് അട്ടപ്പാടിയുടെ സൗന്ദര്യം കണ്ടാൽ ചുരമിറങ്ങാൻ തോന്നുകയേയില്ല. ഈ നേരത്ത് സൈലൻറ് വാലിയിലെത്തിയാൽ മഞ്ഞലിഞ്ഞ മഴയുടെ സംഗീതം നിശ്ശബ്ദതയെ ഭേദിക്കുന്നത് കേൾക്കാം. വരയാടുകളുടെ മിഴികളിൽ പ്രണയത്തിന്റെ പൂക്കാലം വരുന്നത് മഞ്ഞണിഞ്ഞ മഴക്കാലത്താണ്. സൈലൻറ് വാലിയുടെ സസ്യാവരണത്തിന്റെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായി ഈ പ്രദേശത്തെ കണക്കാക്കുന്നു.


സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, കാട്ടു പട്ടി, പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, കൂരമാൻ, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങൾ. കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ, മലമുഴക്കി വേഴാമ്പൽ തുടങ്ങി ഒട്ടനവധി പക്ഷികളെയും ഇവിടെ കാണാം. മഞ്ഞിൽ മറയുന്ന ശിഖരങ്ങളിലിരുന്ന് ഇവ സന്ദർശകർക്കായി ഈണങ്ങൾ കോർക്കുന്നു.

Tags:    
News Summary - Snowy Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT