????? ???? ????? ??????? ????? ????? ??????? ???????????? ??????? ?????

മാർക്കോപോളോയും ഇബ്ൻ ബത്തൂത്തയും കപ്പലിറങ്ങിയ ഏഴിമലയിൽ

അതിരാവിലെ ഉണരുേമ്പാൾ പുറത്ത് ചാറ്റൽ മഴയുണ്ട്. വർഷങ്ങൾക്കുശേഷമാണ് നാട്ടിലെ മഴക്കാലം അനുഭവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഏഴ് വർഷം. പ്രവാസ ലോകത്ത് മഴ എന്നും കുളിരേകുന്ന ഒാർമ മാത്രമാണ്. ഇത്തവണ കോവിഡ് കാരണം ആ പഴയ ഒാർമകൾ കൂടിയാണ് തിരിച്ചുകിട്ടിയത്. ഗൾഫിലേക്ക് തിരിച്ചുപോകാൻ കഴിയാത്തതി​​​െൻറ വിഷമം നാട്ടിൻപുറത്തെ മഴ ആസ്വദിച്ച് മാറ്റുന്നു.

മഴ പോലെത്തന്നെ യാത്രകളും എന്നും ഹരമാണെനിക്ക്. പല നാടുകളിലും കാഴ്ചകള്‍ തേടി പോയിട്ടുണ്ട്. എത്ര ദൂരേക്ക് സഞ്ചരിച്ചാലും സ്വന്തം നാടി​​​െൻറ കാഴ്ചകള്‍ ഗൃഹാതുരമായ ഓര്‍മകളാണ് സമ്മാനിക്കുക. അതിനൊപ്പം മഴ കൂടിയാകുേമ്പാൾ ത്രില്ല് വേറെത്തന്നെ. അതുകൊണ്ട് തന്നെയാണ് മഴയത്ത് മൂടിപ്പുതച്ച് ഉറങ്ങാൻ ആഗ്രഹമുണ്ടായിട്ടും അതിരാവിലെ ചാടിയെണീറ്റത്. ലോക്ഡൗൺ ആയതിനാൽ ദൂരയാത്രകൾ സാധ്യമല്ല. സുഹൃത്തുക്കളായ അനസ്, അമീർ, വസീം, ഇർഫാൻ എന്നിവരെ വിളിച്ചു. വീടിന് സമീപത്തെ ഏഴിമല സന്ദർശിക്കാനാണ് പ്ലാൻ.

മുട്ടം-പാലക്കോട്​ പാലം. ഇതിന്​ സമീപത്തുനിന്നാണ്​ സുൽത്താൻ കനാൽ ആരംഭിക്കുന്നത്​
 

വീട്ടിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ മാത്രമേയുള്ളൂ ലക്ഷ്യസ്ഥാനത്തേക്ക്. പക്ഷെ, ആ നാല് കിലോമീറ്ററിനപ്പുറത്തെ മണ്ണിന് നൂറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ട്. ചരിത്രവും പ്രകൃതി സൗന്ദര്യവുമെല്ലാം ഒത്തുചേരുന്ന ഏഴിമല. ചോള-ചേര രാജാക്കന്മാർ ഭരിച്ച നാട്. വിശ്വസഞ്ചാരികളായ മാർക്കോപോളോയും ഇബ്ൻ ബത്തൂത്തയുമെല്ലാം കപ്പലിറങ്ങിയ മണ്ണ്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം. എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങളുള്ള ആ നാട് ഒന്നുകൂടി കാണണം. അങ്ങനെ മൂന്ന് ബൈക്കുകളിലായി ഞങ്ങൾ അഞ്ചുപേർ പുറപ്പെട്ടു. നേരെ വെച്ചുപിടിച്ചത് വഴിയോരത്തെ ചായക്കടയിലേക്ക്. ചാറ്റൽ മഴയും ആവിപറക്കുന്ന ചായയും. ഗംഭീര യാത്രയുടെ അതിമനോഹരമായ തുടക്കം.

പാലക്കോട്​ പുഴക്ക്​ കുറുകെയുള്ള മുട്ടം-പാലക്കോട് പാലം പിന്നിട്ടാണ്​ യാത്ര. ഏഴിമലയിലേക്കുള്ള റോഡിൽ ഞങ്ങളുടെ ബൈക്കി​​​െൻറ ശബ്ദം മാത്രമേയുള്ളൂ.  മഴക്കാലമായതിനാൽ നാലുഭാഗവും പച്ചപ്പ് പുതഞ്ഞിട്ടുണ്ട്. ഇതുവഴി എത്രതവണ സഞ്ചരിച്ചിട്ടുണ്ടാകുമെന്നതിന് യാതൊരു കണക്കുമില്ല. എന്നാലും ഇൗ പച്ചപ്പ് വീണ്ടും എന്നെ ഇവിടേക്ക് മാടിവിളിക്കുന്നതുപോലെ.

ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്താണ് ഹനുമാൻ പ്രതിമയുള്ളത്​
 

ഹനുമാൻ പ്രതിമ
ഏഴിമലക്ക് മുകളിലെ ഹനുമാൻ പ്രതിമയുടെ അടുത്തേക്കാണ് ആദ്യമെത്തിയത്. ഹനുമാൻ മൃതസഞ്ജീവനി തേടിപ്പോയ സംഭവുമാ‌യി ചേർത്തുള്ള െഎതിഹ്യം ഇവിടെയുണ്ട്. ഹനുമാൻ സഞ്ജീവിനി പർവതവുമായി യാത്ര ചെയ്തപ്പോൾ അതിൽ കുറച്ച് ഭാഗം താഴേക്ക് പതിച്ചാണ് ഏഴിമല ഉണ്ടാ‌യതെന്നാണ് ഐതിഹ്യം. ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്താണ് ഇൗ പ്രതിമ. 41 അടിയാണ്​ ഇതി​​​െൻറ ഉയരം. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ എന്ന ഖ്യാതിയും ഇതിനുണ്ട്​. കെ.കെ.ആര്‍. വെങ്ങര എന്ന പ്രശസ്ത ശിൽപിയാണ് ഇത് നിർമിച്ചത്. ഞാൻ പഠിച്ച പുതിയങ്ങാടി ഹൈസ്കൂളിലെ അധ്യാപകൻ കൂടിയാണ് അദ്ദേഹം. 

വീണ്ടും മലമുകളിലെ ടോപ്​ റോഡിലൂടെ ബൈക്കുകളുടെ ചക്രങ്ങൾ ഉരുണ്ടു. എങ്ങും ശാന്തത. കുളിരിൽ മുങ്ങിയ കുന്നുകൾ. വീടുകൾ വളരെ കുറവാണ് ഇവിടെ. കടന്നുപോകുന്ന വഴികളിൽ കാടി​​െൻറ സംഗീതം കാതുകളിലേക്ക് എത്തുന്നു. ഇരുവശങ്ങളിലും പന്തലിച്ചുനിൽക്കുന്ന കുറ്റിക്കാടുകൾ. പാതയോരത്തേക്ക് ചാഞ്ഞുനിൽക്കുന്ന വലിയ വൃക്ഷങ്ങൾ. ഔഷധ ഗുണമുള്ള പല സസ്യങ്ങളും ഇവിടെയുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഏഴിമല.

മലമുകളിൽ മയിലുകളെയും കുരങ്ങന്മാരെയും യഥേഷ്ടം കാണാം
 

മുകളിലേക്ക് സഞ്ചരിക്കും തോറും കാഴ്ചയുടെ മായാലോകത്തെത്തിയത് പോലെ. കോടമഞ്ഞും മലകൾക്കുമേൽ സൂര്യപ്രകാശം തീർക്കുന്ന മായാജാലവും സമന്വയിപ്പിച്ച മനോഹരമായ ദൃശ്യം. തഴെ പരന്നുകിടക്കുന്ന കടൽതീരത്തി​​െൻറയും പച്ചപുതച്ച് നിൽക്കുന്ന മാടായിപ്പാറയുടെയും ദൂരക്കാഴ്ച. അതിനപ്പുറം നീലാകാശം പശ്ചാത്തലമായി ചിത്രം വരച്ചപോലെ മലനിരകൾ. കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ റോഡിൽ രണ്ട് മയിലുകൾ പ്രത്യക്ഷപ്പെട്ടു. അവ പീലിവിടർത്തി ദൃശ്യവിരുന്നേകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏഴിമലയിൽ മയിലുകളെയും കുരങ്ങന്മാരെയും യഥേഷ്ടം കാണാം.

നാവിക അക്കാദമി
പത്ത് മിനിറ്റിനകം ഏഴിമല നാവിക അക്കാദമിയുടെ പ്രധാന കവാടത്തിന് മുന്നിലെത്തി. മൂന്നുവശവും കടലിനാൽ ചുറ്റപ്പെട്ട ഏഴിമലക്ക് ഇന്ത്യൻ നാവിക സേനയുടെ ഭൂപടത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്. 2009 ജനുവരി എട്ടിന് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ് അക്കാദമി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ നേവിയിലെയും കോസ്റ്റ് ഗാർഡിലെയും ഉദ്യോഗസ്ഥരെയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഐ.എൻ.എസ് സാമൂരിൻ എന്ന പടക്കപ്പൽ കടലിലേക്ക് ഇറക്കിയതും ഏഴിമലയിൽ നിന്നായിരുന്നു. കിലോമീറ്ററുകൾ നീളത്തിലാണ് നാവിക അക്കാദമി വ്യാപിച്ചുകിടക്കുന്നത്.

മലകൾക്കിടയിലൂടെ അരിച്ചെത്തുന്ന ശുദ്ധമായ വെള്ളത്തിന് നല്ല തണുപ്പായിരുന്നു
 

അകത്തേക്ക് പ്രവേശനമില്ലാത്തതിനാൽ തിരികെ യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ചെറിയ വെള്ളച്ചാട്ടം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. മലകൾക്കിടയിലൂടെ അരിച്ചെത്തുന്ന ശുദ്ധമായ വെള്ളത്തിന് നല്ല തണുപ്പുണ്ട്. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കളിക്കുേമ്പാൾ കുട്ടിക്കാലമാണ് ഒാർമയിലെത്തിയത്.

എട്ടിക്കുളം ബീച്ച്
ഏഴിമലയോട് ചേർന്ന എട്ടിക്കുളമാണ് അടുത്ത സന്ദർശനസ്ഥലം. വെളുത്ത മണ്ണ് നിറഞ്ഞ വഴിയിലൂടെയാണ് കടൽതീരത്തെത്തിയത്. ഇവിടെ കടലിന് നീലിമ കൂടുതലാണ്. അനന്തമായി നീണ്ടുകിടക്കുന്ന മണല്‍ തീരം. അലയടിച്ചുയരുന്ന തിരമാലകള്‍. ഏതൊരു സഞ്ചാരിയുടെയും മനംമയക്കുന്ന കാഴ്ചകൾ. കണ്ണൂർ ജില്ലയിലെ ഏത് കടൽതീരത്തോടും കിടപിടിക്കുന്ന സൗന്ദര്യമുണ്ട് എട്ടിക്കുളം ബീച്ചിന്.

കണ്ണൂർ ജില്ലയിലെ ഏത് കടൽതീരത്തോടും കിടപിടിക്കുന്ന സൗന്ദര്യമുണ്ട് എട്ടിക്കുളം ബീച്ചിന്
 

ജില്ലക്ക് പുറത്തുള്ള സഞ്ചാരികളെ വ്യാപകമായി ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സമീപ പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ കൂടുതലായിട്ട് ഇവിടെ വരാറുണ്ട്. നാട്ടിൽ അവധിക്ക് വന്നാൽ ഞാൻ സ്ഥിരമായി നീന്താൻ വരുന്നതും ഇൗ ബീച്ചിൽ തന്നെ. കോവിഡ് കാലമായതിനാൽ നീന്തുന്നത് ഒഴിവാക്കി കടൽതീരത്തുകൂടി നടന്നു. ഇൗ ഭാഗത്തും നാവിക അക്കാദമിയുടെ ഗേറ്റുണ്ട്.

ഏഴിമലയുടെ തെക്കേയറ്റം അവസാനിക്കുന്നത് എട്ടിക്കുളം ബീച്ചിലാണ്. പ്രാചീന തുറമുഖമായിരുന്നു ഇത്. 15ാം നൂറ്റാണ്ടി​​െൻറ മധ്യത്തിൽ പോർച്ചുഗീസുകാർ പണിയിച്ച കോട്ടയുടെ അവശിഷ്‌ടം ഇപ്പോഴുമുണ്ട് ഇവിടെ. ഈ കോട്ട പിന്നീട്‌ ഫ്രഞ്ചുകാരും തുടർന്ന്‌ ബ്രിട്ടീഷുകാരും കൈവശംവെച്ചു. ഇന്ന് പുരാവസ്‌തുവകുപ്പി​​െൻറ സ്വത്തായ കോട്ടയും പരിസരവും മുമ്പൊരുകാലത്ത്‌ കടൽക്കൊള്ളക്കാരുടെ സങ്കേതമായിരുന്നുവത്രെ.

എട്ടിക്കുളം ബീച്ചിന് സമീപത്തുള്ള നാവിക അക്കാദമിയുടെ കവാടം അടച്ചിട്ടനിലയിൽ
 

നിലവിൽ നാവിക അക്കാദമിയുടെ കൈവശമാണ് ഇൗ സ്ഥലമുള്ളത്. മുസ്ലിം പണ്ഡിതനായിരുന്ന ഷെയ്ഖ് അബ്​ദുല്ലത്തീഫി​​െൻറ ഖബറുണ്ടെന്ന് വിശ്വസിക്കുന്ന പുരാതന പള്ളിയും നാവിക അക്കാദമിയുടെ അകത്തുണ്ട്. കുറച്ചുകാലം മുമ്പ് വരെ ഇവിടേക്ക് മാസത്തിൽ ഒരിക്കൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു. കോവിഡ് കാലം കഴിയുേമ്പാൾ വീണ്ടും ഇതെല്ലാം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷയോടെ ഞങ്ങൾ അവിടെനിന്ന് മടങ്ങി.

ഏഴിമലയുടെ ചരിത്രം
കണ്ണൂർ ജില്ലയിലെ ചെറിയ മലമ്പ്രദേശമാണ് ഏഴിമല. കടൽനിരപ്പിൽനിന്ന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതന മുഷിക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല 11ാം നൂറ്റാണ്ടിലെ ചോള-ചേര രാജാക്കന്മാരുടെ പ്രധാന യുദ്ധക്കളമായി മാറി.‌ ബുദ്ധമ‌തവുമായി ബന്ധപ്പെട്ടും ഏ‌ഴിമല‌ അറിയപ്പെടുന്നുണ്ട്. ശ്രീബുദ്ധൻ ഏഴിമല സന്ദർശിച്ചിരുന്നതായി ചില ഗ്ര‌ന്ഥങ്ങളിൽ കാണാം.

പുതിയങ്ങാടി കടൽതീരത്തുനിന്നുള്ള ഏഴിമലയുടെ ദൂരക്കാഴ്​ച
 

എ.ഡി അഞ്ചാം ശതകത്തിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന രാജ്യമായ ഏഴിൽമലയിൽ പൂഴിനാട്‌ എന്നറിയപ്പെട്ട വടക്കേ മലബാറും മൊഴിപെയർദേശം എന്നു വിളിക്കപ്പെട്ട കാസർകോടും ഉൾപ്പെട്ടിരുന്നു.  ഏലിമല, മുഷിക സൈലം, സപ്ത സൈലം എന്നിങ്ങനെയും ഏഴിമല അറിയപ്പെട്ടിരുന്നവത്രെ. ഉത്തരകേരളത്തിലെ എഴുതപ്പെട്ട ചരിത്രമുള്ള സ്ഥലങ്ങളിൽ പുരാതനമായ ഒന്നാണ് ഇവിടം. അതുലൻ എഴുതിയ മൂഷികവംശം എന്ന പുസ്തകം പത്താം നൂറ്റാണ്ടിന് മുമ്പുള്ള ഉത്തരകേരള ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നു. മൂഷിക വംശത്തിലെ ആദ്യത്തെ രാജാവ് രാമഘട മൂഷികൻ ആയിരുന്നു. അദ്ദേഹത്തി​​െൻറ തലസ്ഥാനമായിരുന്നു ഏഴിമല. അതുലൻ മൂഷികവംശത്തിലെ മറ്റു രാജാക്കന്മാരുടെയും കഥ പറയുന്നുണ്ട്.

പിൽക്കാലത്ത് ഈ രാജവംശം കോലത്തിരി രാജവംശം എന്ന് അറിയപ്പെട്ടു. രാമഘട മൂഷിക​​െൻറ പിന്മഗാമികൾ തലസ്ഥാനം പാഴി (ഇന്നത്തെ പഴയങ്ങാടി), വളഭപട്ടണം (വളപട്ടണം) എന്നീ സ്ഥലങ്ങളിലേക്ക് മാറ്റി. നന്നൻ ആണ് ഏഴിമല ഭരിച്ചിരുന്ന ഏറ്റവും പ്രശസ്തനായ രാജാവ്. തമിഴ്‌ സംഘസാഹിത്യത്തിൽ ഇദ്ദേഹം പരാമർശിക്കപ്പെട്ടിട്ടുണ്ട്. മലബാറി​​െൻറ ആധിപത്യത്തിനായി ഏഴിമല രാജാക്കന്മാരും ചേരന്മാരും ശ്രമിച്ചിരുന്നു.

പുതിയങ്ങാടി കടൽതീരത്തെ സായാഹ്​ന കാഴ്​ച
 

പൽയാനൈ ചെൽകെഴുകുട്ടുവൻ ആണ് ഏഴിമല കൈവശപ്പെടുത്തിയ ആദ്യത്തെ ചേരരാജാവ്. ഏഴിമലയുടെ ചരിത്രത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നത്‌ അഴിശ്ശിയുടെയും പരണരുടെയും കവിതകളിൽനിന്നാണ്‌. 'കടലാഴ്‌ കലത്തിൽ തോൻറി മാലൈ മറയുമവർ മണിനെടും കുൻറേ' (ഇരുട്ടിൽ മറയുന്ന മനോഹരമായ കുന്ന് കടലിൽ ആഴുന്ന കപ്പൽപോലെ തോന്നി -കുറുന്തൊകൈ, 240) എന്ന പ്രസിദ്ധമായ ഉപമയിൽ പരാമർശിക്കുന്ന നെടുങ്കുന്ന്‌ ഏഴിമലയാണ്‌. മധ്യകാല മുസ്ലിം യാത്രികർ എലി, ഹിലി, ഡിലേലി എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഈ മലയെ വിളിച്ചുവന്നു. കടലിലേക്ക്‌ തള്ളിനിൽക്കുന്ന ഇതിനെ അബ്‌ദുൽഫിദ എന്ന അറബി ഭൂമിശാസ്‌ത്രജ്ഞൻ 'രാസ്‌ഹെയ്‌ലി' എന്നാണ്‌ വിളിച്ചിട്ടുള്ളത്.

13ാം നൂറ്റാണ്ടിൽ വെനീസിൽനിന്നുള്ള വിശ്വസഞ്ചാരി മാർക്കോപോളോ ഇവിടെ കപ്പലിറങ്ങിയിട്ടുണ്ട്. 14ാം നൂറ്റാണ്ടിൽ മൊറോക്കൻ സഞ്ചാരി ഇബ്‌നുബത്തൂത്തയും ഇവിടെയെത്തി. ഏഴിമലയിലെ മൗണ്ട് ഡെലി വിളക്കുമാടം (ലൈറ്റ് ഹൌസ്) പുരാതനവും പ്രശസ്തവുമാണ്. നാവിക അക്കാദമിയുടെ ഭാഗമായ ഇൗ വിളക്കുമാടം ദൂരെനിന്ന് തന്നെ കാണം.

ഏഴിമല ടോപ് റോഡിൽ ലേഖകനും സുഹൃത്തുക്കളും
 

മലയുടെ പൂർവഭാഗത്തിലൂടെ വളപട്ടണം പുഴയിലേക്കുള്ള സുൽത്താൻകനാൽ ചരിത്ര പ്രസിദ്ധമാണ്. മൈസൂർ സുൽത്താൻ ഹൈദരാലിയുടെ മലബാർ പടയോട്ടക്കാലത്താണ് ഈ കനാൽ നിർമിക്കാൻ പദ്ധതി തയാറാവുന്നത്. എ.ഡി 1766ൽ അറക്കൽ രാജവംശത്തിലെ അറക്കൽ ബീവിയുടെ ഭർത്താവായ സുൽത്താൻ ആലിരാജ ‍ഈ കനാൽ വെട്ടിയുണ്ടാക്കി. അന്നത്തെ പ്രമുഖ തുറമുഖമായിരുന്ന ഏഴിമലയുമായി ബന്ധിപ്പിക്കലായിരുന്നു സുൽത്താൻകനാൽ നിർമാണത്തി​​െൻറ ഉദ്ദേശ്യം.

എങ്ങനെ എത്താം: കണ്ണൂരിൽനിന്ന് 27 കിലോമീറ്റർ ദൂരമുണ്ട് ഏഴിമലയിലേക്ക്. സമീപത്തെ റെയിൽ‌വേ സ്റ്റേഷനുകൾ: പഴയങ്ങാടി - ആറ് കിലോമീറ്റർ, പയ്യന്നൂർ - എട്ട് കിലോമീറ്റർ.  കണ്ണൂർ എയർപോർട്ട് - 51 കിലോമീറ്റർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT