????????

അന്നൊരു നാള്‍ പൈതല്‍മലയുടെ കുളിരില്‍

കുറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹമായിരുന്നു പൈതല്‍മല. ആ മോഹം സഫലീകരിക്കാനായി. ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരുമണിക്കുള്ള തളിപ്പറമ്പ് ബസില്‍ തൃശൂരില്‍നിന്ന് യാത്ര ആരംഭിച്ചു. കൂട്ടിനായി ആരോടും അനുവാദം ചോദിക്കാതെ മഴയും ഒപ്പമെത്തി. കോഴിക്കോടുവരെ മഴയായതിനാല്‍ ഷട്ടറിനുള്ളില്‍ അടച്ചിരുന്നായിരുന്നു യാത്ര. മഴയത്ത് ഓടിയൊളിക്കുന്ന ആളുകളെ മാത്രം കണ്ടുശീലിച്ച എന്റെ കണ്ണുകള്‍ക്ക് പുതിയ ഒരു കാഴ്ചയായി മഴയത്ത് മൈതാനിയില്‍ ഫുട്ബാള്‍ കളിക്കുന്ന കോഴിക്കോട്ടുകാര്‍. പുസ്തകം ബയന്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന 'കാലിക്കോ' എന്ന പരുത്തിത്തുണി കോഴിക്കോട്ട് തുറമുഖത്തുനിന്ന് ലോകമെമ്പാടും കയറ്റി അയച്ചിരുന്നു. അങ്ങനെയാകാം കോഴിക്കോടിനെ വിദേശികള്‍ 'കാലിക്കറ്റ്' എന്ന പേരുവിളിച്ചത് എന്നാണ് ചില ചിത്രകാരന്മാരുടെ വിലയിരുത്തല്‍. മഴവെള്ളത്തില്‍ ചവിട്ടിയോടി മണ്ണിലും മറ്റും വീണ് തറയിലെ ഓരോ തുള്ളിയും തട്ടിത്തെറിപ്പിച്ച് ഗോളടിക്കുന്ന കളിക്കാരായിരുന്നു കോഴിക്കോട് നഗരം വിടുന്നതുവരെ.

കോട്ടേജിലെ പ്രഭാതം
 


ഒടുവില്‍ 6.30ഓടെ തളിപ്പറമ്പ് ബസിറങ്ങി അവിടെനിന്ന് അടുത്ത ബസില്‍  കറുകച്ചാലില്‍ എത്തി. അല്‍പസമയത്തിനകം എനിക്ക് പോകേണ്ട നൂലിട്ടാമലയിലേക്കുള്ള ബസ് വന്നു. ഞാന്‍ കയറിയ ആ ബസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതാണ് 'ജനകീയ ബസ്'. ആ നാട്ടിലെ ജനങ്ങളെല്ലാംകൂടി കാശ് പങ്കിട്ട് വാങ്ങിയ ബസ്. വര്‍ഷത്തിലൊരിക്കല്‍ കണക്കെടുപ്പ് നടത്തി എല്ലാവര്‍ക്കും ലാഭവിഹിതം നല്‍കും. അങ്ങനെ ആ ജനകീയ ബസിലെ യാത്ര എന്നെ നൂലിട്ടാമലയില്‍ എത്തിച്ചു. അതായിരുന്നു ആ ബസിന്റെ അവസാനത്തെ സ്റ്റോപ്. എങ്കിലും, അതിനടുത്ത ജങ്ഷനിലായിരുന്നു എനിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയത്. ബസ് ഇറങ്ങിയതും എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ സിന്‍ജോ കാത്തുനില്‍പുണ്ടായിരുന്നു. അവിടെനിന്ന് ഏകദേശം അഞ്ചു മിനിറ്റിനകം താമസസൗകര്യം ഒരുക്കിയ കോട്ടേജില്‍ എത്തിയപ്പോഴേക്കും തണുത്തുവിറച്ചിരുന്നു. ആ തണുപ്പ് മാറാന്‍ കോട്ടേജിന്റെ മുന്നില്‍ തീകൂട്ടി ഞങ്ങള്‍ കഥകള്‍ പറഞ്ഞ് ഇരുപ്പുറപ്പിച്ചു. ഇവിടെനിന്ന് നോക്കിയാല്‍ തൊട്ടുമുന്നില്‍ കാണുന്നതാണ് പൈതല്‍മല എന്ന് സിന്‍ജോ പറയുമ്പോഴും ആ കാഴ്ചകളെല്ലാം അന്ധകാരത്തിന് കീഴ്പ്പെട്ടിരുന്നു. സായംസന്ധ്യയിലെ ഇളം കുളിരും പൈതല്‍മലയിലെ തണുത്ത കാറ്റും മൂടല്‍മഞ്ഞും ചാറ്റല്‍മഴയും മനസ്സിനെ ആകര്‍ഷിച്ചുകൊണ്ടേയിരുന്നു. അധികം താമസിയാതെ, പിറ്റേന്ന് കാണാന്‍ പോകുന്ന ആ സൗന്ദര്യത്തെ സ്വപ്നംകണ്ട് നിദ്രയില്‍ ആഴ്ന്നു.

കോട്ടേജിൽ നിന്നുള്ള വിദൂരദൃശ്യം
 


പിറ്റേന്ന് നേരം പുലര്‍ന്നു. പറവകള്‍ പറന്നുയര്‍ന്നു. കോട്ടേജിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടും  കണ്ണോടിച്ചു. മലമുകളില്‍ പച്ചക്കൂടാരത്തിനുള്ളിലൂടെ മൂടല്‍മഞ്ഞിന്‍ പാളികളെ തന്റെ കിരണങ്ങളാല്‍ തള്ളിനീക്കാന്‍ സൂര്യന്‍ പാടുപെടുകയാണ്. ഈ നാട് ഇങ്ങനെയായിരിക്കാം. എങ്ങും കാടും മേടും മലയും. ഒപ്പം വിരലിലെണ്ണാന്‍ മാത്രം  കൊച്ചുവീടുകള്‍. നേരം പുലരുന്നു എന്നറിയണമെങ്കില്‍ സമയത്തിന്റെ പാത പിന്തുടര്‍ന്നേ മതിയാകൂ. സൂര്യപ്രഭയുടെ നിഴല്‍പോലും കാണാന്‍ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല. എന്തായാലും ആ മഞ്ഞുവീഴ്ച ആസ്വദിച്ച് ഞാന്‍ താഴെയുള്ള രാമചന്ദ്രന്‍ ചേട്ടന്റെ ചായക്കടയിലേക്ക് നടന്നു.

വനത്തിലൂടെയുള്ള ട്രക്കിങ് പാത
 


ഓലമേഞ്ഞ ഒരു പഴയ നാട്ടിന്‍പുറത്തെ ചായക്കട വളരെ നാളുകള്‍ക്കുശേഷമാണ് കണ്ടത്. വീശിയടിക്കുന്ന ചായയും നാടന്‍ ദോശയും ചട്നിയുമൊക്കെ ആസ്വദിച്ച് കഴിച്ചു. ഇതിനിടയില്‍ പഴയകാല സ്മരണകള്‍ ഉണര്‍ത്തി ഒരു റേഡിയോ പെട്ടി പതുക്കെ പാടുന്നുണ്ടായിരുന്നു. അവിടെയുള്ള  മുതിര്‍ന്ന ആള്‍ പത്രവായന തുടങ്ങിയതും കൂടെയുള്ളവര്‍ വാര്‍ത്തക്ക് അഭിപ്രായവും പറഞ്ഞുതുടങ്ങി. അന്നത്തെ അവരുടെ വിഷയം നമ്മുടെ പുതിയ ഭരണമായിരുന്നു. ചായക്കടയിലെ ആ നിമിങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും പഴമയിലേക്കുള്ള തിരിച്ചുപോക്കായി. ബാല്യത്തില്‍ മാത്രം കണ്ടുമറന്ന കാഴ്ചകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്നില്‍ ഒരു സിനിമ എന്നപോലെ പ്രദര്‍ശിപ്പിക്കുകയായിരുന്നു കാലം. കാലത്തിനൊപ്പം ചുവടുവെച്ച് ഞാനും പ്രപഞ്ചത്തിന്റെ പുതിയതലങ്ങള്‍ തേടി. പൈതല്‍മലയിലേക്കുള്ള യാത്ര ആരംഭിക്കാന്‍ തിരിച്ച് കോട്ടേജിലേക്ക് നടന്നു.

പഴയ അമ്പലം ദൂരക്കാഴ്ച
 


ഭാഗ്യമെന്നുപറയട്ടെ, തിരിച്ചെത്തിയപ്പോഴേക്കും പൈതല്‍മല എനിക്ക് ദര്‍ശനം തന്നു. കോട്ടേജിനു മുന്നില്‍ നിന്നുനോക്കുമ്പോള്‍ അങ്ങുദൂരെ ആനയുടെ മസ്തിഷ്കംപോലെ പൈതല്‍മല തെളിഞ്ഞുകണ്ടു. ഇവിടെനിന്ന് മാത്രമേ ആനയുടെ മസ്തിഷ്കം പോലെയുള്ള പൈതല്‍മലയെ കാണാന്‍ സാധിക്കൂവെന്ന് സിന്‍ജോ പറഞ്ഞു. കോടമഞ്ഞ് മാറിയ ആ വേളയില്‍തന്നെ ഞങ്ങള്‍ പൈതല്‍മലയിലേക്കുള്ള നടത്തം ആരംഭിച്ചു. മല കയറാന്‍ ഞങ്ങള്‍ക്കൊപ്പം ഒരു 10ാം ക്ളാസുകാരനും കൂടി. അതായിരുന്നു അമല്‍. പൈതല്‍മലയിലെ ലോക്കല്‍ ഗൈഡ്. പൈതല്‍മലയെക്കുറിച്ച ഐതിഹ്യങ്ങളും കഥകളും അരച്ചുകലക്കി കുടിച്ച അമല്‍ തന്റെ ജോലി ആരംഭിച്ചു. ദൂരെ കണ്ട കുറച്ച് വീടുകള്‍ ചൂണ്ടിക്കാട്ടി അമല്‍ പറഞ്ഞു; ഇത് ഇവിടുത്തെ കാട്ടുവര്‍ഗക്കാരുടേതാണ്. സാധാരണ നമ്മുടെ കാട്ടുവര്‍ഗക്കാര്‍ ഇരുനിറക്കാരാണെങ്കില്‍ ഇവിടെ നേരെ വിപരീതമാണ്. വെളുത്ത നിറവും അതുപോലെ സൗന്ദര്യം തുളുമ്പി നില്‍ക്കുന്നവരുമാണ് ഇവിടത്തെ കാടിന്റെ മക്കള്‍. ഇവര്‍ കുടകില്‍നിന്ന് ഇവിടേക്ക് ചേക്കേറിയതാണ്....

നാട്ടിന്‍പുറത്തെ ചായക്കട
 


പണ്ട് കുടകിലെ രാജാവ് പൈതല്‍മലക്ക് മുകളില്‍ ഒരു കൊട്ടാരവും അമ്പലവും സ്ഥാപിച്ചെന്നും ആ കൊട്ടാരത്തിലേക്കുള്ള പ്രാചീന വഴിയിതാണെന്നും കരുതപ്പെടുന്നു. അവിടത്തെ രാജാവിനും പരിവാരങ്ങള്‍ക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് എന്തു സംഭവിച്ചാലും അവര്‍ അനങ്ങില്ല. അത് കഴിച്ച ശേഷമേ അവിടെനിന്ന് എഴുന്നേല്‍ക്കൂ. ഇത് മനസ്സിലാക്കിയ കണ്ണൂരിലെ രാജാവ് അവരുടെ ഭക്ഷണസമയത്ത് കൊട്ടാരവും അമ്പലവും ആക്രമിക്കുകയും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിരവധി കഥകളാണ് പൈതല്‍മലക്ക് പിന്നില്‍.

പൈതല്‍മല
 


കാട്ടുവഴിയിലൂടെയുള്ള മലകയറ്റമായിരുന്നു ആദ്യം. കഥകളൊക്കെ കേട്ട് മലകയറിയത് അറിഞ്ഞതേയില്ല. അതുവരെ ആകാശത്തെ മറച്ചുപിടിച്ചിരുന്ന കാട്ടില്‍നിന്ന് പുറത്തിറങ്ങിയതും അതിസുന്ദരമായ കാഴ്ചകളാണ് കണ്മുന്നില്‍ തെളിഞ്ഞത്. എങ്ങും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍. ഒന്നിനുപിറകെ ഒന്നൊന്നായി ഓടിക്കളിക്കുന്ന മഞ്ഞുമേഘങ്ങള്‍. ഞങ്ങള്‍ എത്തിയതറിഞ്ഞ് എവിടെനിന്നോ പാഞ്ഞെത്തിയ കുളിരുള്ള കാറ്റ് ആകെ കോരിത്തരിപ്പിച്ചു. തൊട്ടടുത്ത നിമിഷം അവ മഞ്ഞുമേഘങ്ങളെയുംകൊണ്ട് പറന്നു. ആകാശവും മലനിരകളും വീണ്ടും തെളിഞ്ഞു. പ്രകൃതി കനിഞ്ഞുനല്‍കിയ കാടും മലയുമെല്ലാം നനഞ്ഞുനില്‍ക്കുന്നു. മല കയറി തളരുമ്പോള്‍ കാറ്റും മഞ്ഞും വീണ്ടും വന്ന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും നല്‍കിക്കൊണ്ടേയിരുന്നു.
 

വനത്തിലൂടെയുള്ള ട്രക്കിങ്
 


കുറച്ചുകൂടി മല കയറിയപ്പോള്‍ എങ്ങും കോടമഞ്ഞ് മാത്രം. ഒപ്പം തണുപ്പിന്റെ കാഠിന്യവും കൂടി. ക്ഷീണമകറ്റാന്‍ പുല്‍മേടുകള്‍ക്കിടയില്‍ അങ്ങിങ്ങായ് ഒറ്റപ്പെട്ട് തണുത്ത് വിറങ്ങലിച്ചുനില്‍ക്കുന്ന മരച്ചുവട്ടില്‍ ചാരിയിരിക്കവെ എന്നില്‍നിന്ന് കിട്ടുന്ന സ്പര്‍ശം ആ മരച്ചില്ലകള്‍ക്ക് അല്‍പം ചൂടുപകരുന്നതായി തോന്നി. മഞ്ഞും മഴയും കാറ്റും ഒക്കെ ആസ്വദിച്ച് ഒടുവില്‍ മലമുകളില്‍ എത്തിപ്പോള്‍ ആദം കണ്ണില്‍ ഉടക്കിത് ഇടിഞ്ഞുപൊടിഞ്ഞുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളായിരുന്നു. ഇതാണ് ആ പഴ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലമായി കരുതപ്പെടുന്നത്. തൊട്ടടുത്തായി ഒരു കിണറും ശ്രദ്ധില്‍പെട്ടു. മലകയറിയ ക്ഷീണമകറ്റാന്‍ അവിടെയിരുന്നു. അല്‍പം പ്രകൃതികാഴ്ചകള്‍ ആസ്വദിക്കാന്‍ തീരുമാനിച്ചു. 

വനത്തിലൂടെയുള്ള ട്രക്കിങ് പാത
 


മലമുകളിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തിന് സുഭിക്ഷമായി ലഭിച്ച ഓക്സിജന്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നു. അല്‍പം കഴിഞ്ഞ് മൂടല്‍മഞ്ഞ് മാറി ഇളംചൂട് തട്ടി തണുപ്പിന്റെ കാഠിന്യം കുറഞ്ഞപ്പോള്‍ ആ ആകാശവിസ്മൃതിയില്‍ മലഞ്ചെരുകളുടെ ഓരത്ത് കയറി നിന്നു. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആ കുന്നിന്‍ മുകളില്‍നിന്നുള്ള കാഴ്ചകള്‍ വിവരണാതീതമായിരുന്നു. പച്ചവിരിച്ച താഴ്വാരങ്ങള്‍ ഞൊറികളായി താഴേക്ക് പോകുന്നു. എങ്ങും കുന്നും താഴ്വാരങ്ങളും മലമടക്കുകളും മാത്രം. അവക്കിടയിലൂടെ വെള്ളിനുലിഴ ചേര്‍ത്തിട്ടപോലെ ഒലിച്ചിറങ്ങുന്ന അരുവികളും നീര്‍ച്ചാലുകളും ദൂരക്കാഴ്ചക്ക് ഭംഗി കൂട്ടുന്നു.

പൈതല്‍മല
 

ആ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്ന നമ്മുടെ മനസ്സിനെ കൂട്ടിലാക്കിയില്ലെങ്കില്‍ അത് നമ്മെ വിട്ട് വിഹായസ്സിലേക്ക് പറന്നുയരുമെന്നതില്‍ സംശയമില്ല. ആ നയനമനോഹര കാഴ്ചകള്‍ കാമറയില്‍ ഒപ്പിയെടുക്കാന്‍ മലകള്‍തോറും കയറിയിറങ്ങി. കാരണം, നമ്മുടെ ലോകത്തെക്കുറിച്ച കാഴ്ചകള്‍ കൈമാറപ്പെടുന്നത് ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ പൈതല്‍മലയുടെ ഓരോ അറ്റവും ഓടിനടന്ന് ചിത്രങ്ങളെടുത്തു. ഒടുവില്‍ വിശപ്പിന്റെ വിളി കീഴടക്കിയപ്പോള്‍ മലയിറങ്ങി കോട്ടേജിലെത്തി. നല്ല സ്വാദുള്ള ഉച്ചഭക്ഷണത്തിനുശേഷം ഇത്രയും നല്ല യാത്രയും താമസവും ഭക്ഷണവും ഞങ്ങള്‍ക്കൊരുക്കിയ ആ കോട്ടേജിന്റെ മാനേജരായ സുബിനോട് നന്ദി രേഖപ്പെടുത്തി തൃശൂര്‍ക്ക് മടങ്ങി.

വഴി: കണ്ണൂർ-തളിപറമ്പ്- കറുവൻചാൽ- പാത്തൻപാറ- പൈതൽ മല
ദൂരം:  തൃശൂർ-പൈതൽ മല-260 km
കണ്ണൂർ- പൈതൽ മല-52 km
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 9061277892
താമസസൗകര്യം: പൈതൽമല കോട്ടേജസ്- ഫോൺ: 9061277892
പൈതൽമല കോട്ടേജ്- ഫോൺ:8086686860

Full View
Tags:    
News Summary - tourist place Paithalmala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT