വിസ്മയക്കാഴ്ചകളുടെ മലമുകളിൽ

പെരിന്തല്‍മണ്ണ ടൗണില്‍നിന്ന് കാണുമ്പോള്‍ കോടമഞ്ഞ് കൊടികുത്തിമലയെ മുഴുവനായി പൊതിഞ്ഞ് കിടക്കുകയായിരുന്നു. കോടമഞ്ഞിന്‍െറ തണുപ്പില്‍, പുല്‍മേടുകള്‍ താണ്ടിയെത്തെുന്നവരെ വീണ്ടും വീണ്ടും കൊതിപ്പിച്ചുകൊണ്ടിരിക്കും പ്രകൃതിയുടെ പറുദീസയായ കൊടികുത്തിമല. വീട്ടില്‍നിന്ന് മണ്ണാര്‍മല കയറി കാട്ടിലൂടെ നടന്നാല്‍ അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ കൊടികുത്തിയിലേക്ക്. റോഡ് വഴിയാണെങ്കില്‍ 17 കിലോമീറ്റര്‍ സഞ്ചരിക്കണം. നാടിനടുത്തുള്ള ഈ തണുപ്പിന്‍െറ മാമലയില്‍ പലവട്ടംപോയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കാറ്റുകൊള്ളാന്‍ എത്ര തവണയാണ് ഈ മലകയറിയത്! ആകാശക്കാഴ്ചകളുടെയും പ്രകൃതിയുടെയും വിസ്മയലോകമാണ് മലപ്പുറത്തിന്‍െറ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല. കോടമഞ്ഞ് കൊതിപ്പിച്ച ഒരു വൈകുന്നേരം സുഹൃത്തിനൊപ്പം വീണ്ടും കൊടികുത്തിമലയിലേക്ക് ഒരു യാത്ര.
ദൂരെ കൊടികുത്തിമല
 

ഇടവപ്പാതി തിമിര്‍ത്തുപെയ്ത് നനഞ്ഞു കിടക്കുന്ന റോഡിലൂടെ ഞങ്ങള്‍ യാത്ര തുടങ്ങി. പെരിന്തല്‍മണ്ണ ടൗണില്‍നിന്ന് 12 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടികുത്തിമലയിലത്തൊം. കോഴിക്കോട്പാലക്കാട് റോഡില്‍ അമ്മിനിക്കാട് കവലയില്‍നിന്ന് പോക്കറ്റ് റോഡിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിക്കണം. ഗ്രാമീണപാതയിലൂടെ യാത്ര തുടര്‍ന്നു. ചെറുകയറ്റങ്ങള്‍ പിന്നിട്ട് മലയുടെ താഴ്വാരത്തത്തെി. റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇവിടുന്നങ്ങോട്ട് വണ്ടി പോകില്ല. തെളിനീരൊഴുകുന്ന കാട്ടരുവിയാണ് സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുക. കാട്ടരുവിയുടെ കുറച്ച് മാറി വണ്ടി ഒതുക്കിനിര്‍ത്തി. ഇനി രണ്ടര കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം കൊടികുത്തിയുടെ നെറുകയിലേക്ക്. കോണ്‍ക്രീറ്റ് റോഡിലൂടെ ഞങ്ങള്‍ പതിയെ നടന്നുതുടങ്ങി. ഇടക്കിടെ വീശുന്ന കാറ്റ് ശരീരത്തെ തണുപ്പിച്ച് കടന്നുപോയ്‌ക്കൊണ്ടിരുന്നു. റോഡിന് പുറമെ പുല്‍മേട്ടിലൂടെ ചവിട്ടുപാതകള്‍ താണ്ടിയും മലമുകളിലത്തൊം. എളുപ്പത്തില്‍ എത്താമെന്നതിനാല്‍ ചവിട്ടുവഴിയാണ് യാത്രക്ക് തെരഞ്ഞെടുത്തത്. വേനല്‍മഴയില്‍ കിളിര്‍ത്ത പുല്ലുകള്‍ വളര്‍ന്നു വരുന്നതേയുള്ളൂ. കുറച്ചു മുമ്പ് പെയ്ത മഴച്ചാറ്റല്‍ പുല്‍നാമ്പുകളില്‍ വെള്ളമുത്തുകള്‍ വിതാനിച്ചിട്ടുണ്ട്. നടപ്പാതകളില്‍ കാലിനും മണ്ണിനുമിടയില്‍ അവ ഞെരിഞ്ഞമര്‍ന്നു.


തട്ടുതട്ടായി പച്ചപുതച്ച് കിടക്കുന്ന പുല്‍മേടുകളില്‍ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ടു നില്‍ക്കുന്ന ചെറുമരങ്ങളുണ്ട്. കുടപോലെ ചില്ലകള്‍ നിവര്‍ത്തി നില്‍ക്കുകയാണവ. ഇടക്കിടെ കാണുന്ന മരത്തിന് ചുവട്ടില്‍ വിശ്രമിച്ചാണ് യാത്ര തുടര്‍ന്നത്. അല്‍പദൂരം പിന്നിട്ടതോടെ മഞ്ഞ് വീണു തുടങ്ങി. ചെറുപാറകള്‍ തടസ്സമുണ്ടാക്കുന്ന ചവിട്ടുവഴികള്‍ താണ്ടി അര മണിക്കൂറിനുള്ളില്‍ കൊടികുത്തിമലയുടെ നെറുകയില്‍ തൊട്ടു. ഏറ്റവും മുകളിലുള്ള വാച്ച് ടവറിന്റെ പുനര്‍നിര്‍മാണം നടക്കുകയാണ്. ആകാശക്കാഴ്ചയുടെ വിസ്മയ ലോകമാണ് കൊടികുത്തിമല സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.

 


ആഞ്ഞുവീശുന്ന കാറ്റില്‍ കോടമഞ്ഞ് ഇടക്കിടെ ഞങ്ങളെ തഴുകി കടന്നുപോയി. കാറ്റിനൊപ്പം എളുപ്പത്തില്‍ മാറുന്ന കാലാവസ്ഥയാണിവിടുത്തെ പ്രത്യേകത. നിമിഷങ്ങള്‍ക്കകം കാലാവസ്ഥ മാറിക്കൊണ്ടിരിക്കും. കോടയും മഞ്ഞും മഴയും മഴച്ചാറ്റലും ഇളം വെയിലുമൊക്കെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ തഴുകി കടന്നുപോകും. ഇപ്പോള്‍ പെയ്യുമെന്ന് തോന്നിച്ച് കറുത്തുതുടുത്ത കാര്‍മേഘം തലയുടെ തൊട്ടുമുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. കുറച്ച് നേരം വാച്ച്ടവറില്‍ കാറ്റുകൊണ്ട് ഇരുന്നു. കനത്ത കാറ്റും മഞ്ഞും കാരണം ശരീരം വിറച്ചുതുടങ്ങി. വാച്ച് ടവറിന് തൊട്ടടുത്ത് വനം വകുപ്പിന്റെ ഔട്ട്‌പോസ്റ്റുമുണ്ട്. കറുത്ത മേഘക്കൂട്ടുകളെ കാറ്റ് ദൂരേക്ക്‌കൊണ്ടു പോകുന്ന സുന്ദരമായ കാഴ്ചയില്‍ ഞങ്ങളിരുന്നു. കാര്‍മേഘം മൂടിനില്‍ക്കുന്നതുകാരണം സൂര്യാസ്തമയം കാണാനായില്ല.

മഞ്ഞുമുടിക്കിടക്കുന്നു
 

കുളിര്‍കാഴ്ചയുടെ താവളമാണ് മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല. സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരമുള്ള മലമുകളില്‍ നമ്മെ തഴുകിപ്പോകുന്ന തണുത്ത കാറ്റിന്റെ കാലാവസ്ഥയാണ്. പഞ്ഞിക്കെട്ടുകള്‍ പോലെ വെള്ളിമേഘങ്ങള്‍ ഇടക്കിടെ തഴുകി കടന്നുപോയി. വാച്ച്ടവറില്‍ നിന്ന് നോക്കുമ്പോള്‍ പച്ചയണിഞ്ഞ താഴ്വരകളുടെ കാഴ്ചകള്‍ അതിമനോഹരമാണ്. മഴക്കാലത്ത് മുഴുവന്‍ സമയവും മറ്റുസമയങ്ങളില്‍ വൈകുന്നേരം നാല് മണിയോടെയും രാവിലെയും മൂടല്‍മഞ്ഞ് പരന്നത്തെും. 1000 അടി താഴ്ചയിലേക്ക് കാണാവുന്ന മുനമ്പും കിഴക്കുഭാഗത്തുണ്ട്. 1921ലെ മലബാര്‍ സര്‍വേയിലെ പ്രധാന സിഗ്‌നല്‍ സ്റ്റേഷനായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷുകാര്‍ മലമുകളില്‍ കൊടികുത്തിയതിനാല്‍ പേരിന് പിന്നിലുള്ള ചരിത്രവും ഇതുതന്നെയാണെന്ന് പറയപ്പെടുന്നു.

 


വടക്ക് തെക്കന്‍മലയും പടിഞ്ഞാറ് മണ്ണാര്‍മലയും കിഴക്ക് പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ജനവാസകേന്ദ്രങ്ങളുമാണ്. മലമുകളില്‍നിന്ന് തെക്ക് ഭാഗത്തേക്ക് നോക്കിയാല്‍ താഴ്വാരത്തായി കോഴിക്കോട്പാലക്കാട് ദേശീയ പാതയും അല്‍പം അകലെയായി ഭൂമിക്ക് വെള്ളിയരഞ്ഞാണം ചാര്‍ത്തിയൊഴുകുന്ന കുന്തിപ്പുഴയും കാണാം. വനംവകുപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് കൊടികുത്തിമല ഡി.ടി.പി.സിയുടെ അധീനതയിലായിരുന്നു. 55 ഏക്കര്‍ വരുന്ന പുല്‍മേട്ടില്‍ ഉയര്‍ന്ന ഭാഗത്ത് 1998ലാണ് ഡി.ടി.പി.സി മൂന്ന് നിലകളുള്ള നിരീക്ഷണ ഗോപുരം നിര്‍മിച്ചത്. തകര്‍ന്നുതുടങ്ങിയിരുന്ന ഗോപുരം ഇപ്പോള്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പുനര്‍നിര്‍മിക്കുന്നത്.

വാച്ച് ടവറിൽ നിന്നുള്ള കാഴ്ച
 


ദുര്‍ഘടപാതയിലൂടെ സഞ്ചരിച്ച് മലമുകളിലത്തെുന്നതിന്റെ പ്രയാസം കാരണം സഞ്ചാരികള്‍ ഇവിടേക്കത്തെുന്നത് വളരെ കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ ദേശീയപാതയില്‍നിന്ന് അമ്മിനിക്കാട് വഴി പുതിയ റോഡ് നിര്‍മിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ട്രക്കിങ്ങിന് താല്‍പര്യമുള്ളവര്‍ക്ക് മണ്ണാര്‍മല കയറി അഞ്ച് കിലോമീറ്റര്‍ കാല്‍നടയായും ഇവിടെയത്തൊം. വന്‍ ടൂറിസം പദ്ധതികള്‍ക്കാണ് കൊടികുത്തിമല വരും കാലങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മഞ്ഞുപോലെ മഴ ചാറിയ നേരത്ത് മലയിറങ്ങിത്തുടങ്ങി. തണുപ്പ് നല്‍കിയ അനുഭൂതിയില്‍ ഇരുട്ടുപരന്നുതുടങ്ങിയ മലഞ്ചെരിവിലൂടെ ഞങ്ങള്‍ മടങ്ങി.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • മലയുടെ താഴ്വാരത്ത് പെട്ടിക്കടകളുണ്ട്. കുടിക്കാനുള്ള വെള്ളവും ലഘുഭക്ഷണവും ആവശ്യമെങ്കില്‍ ഇവിടെനിന്ന് വാങ്ങുക. മലകയറിത്തുടങ്ങിയാല്‍ വഴിയോരങ്ങളിലോ മലമുകളിലോ കടകളില്ല.
  • കുടിവെള്ളം കൊണ്ടുപോകുന്ന കുപ്പികളും പ്‌ളാസ്റ്റിക് കവറുകളും മറ്റും മലയില്‍ ഉപേക്ഷിക്കരുത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മണ്ണാണ് ഇവിടുത്തേത്.
  • മല കയറുമ്പോള്‍ റോഡിലൂടെയും ഇറങ്ങുമ്പോള്‍ ചവിട്ടുപാതകളും യാത്രക്കായി തെരഞ്ഞെടുക്കുന്നതാണ് ഉചിതം. വിശ്രമിക്കാനായി ഇടക്കിടെ വ്യൂ പോയന്റുകളുണ്ട്.
  • ഉച്ചക്ക് രണ്ടരയോടെ മലകയറുന്നതാണ് ഉത്തമം. കാര്‍മേഘം കാഴ്ച മറച്ചില്‌ളെങ്കില്‍ സൂര്യാസ്തമനം കണ്ട് മലയിറങ്ങാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT