???????????? ?????????????

കാതോര്‍ത്തു നോക്കൂ.. മരോട്ടിച്ചാല്‍ വിളിക്കുന്നുണ്ട്!

ഒരു ഉല്ലാസയാത്ര പോകണമെന്നു തീരുമാനിച്ചാല്‍ ആരുടെയും ശ്രദ്ധ സ്വന്തം ജില്ലയിലോ സംസ്ഥാനത്തോ ഒതുങ്ങിയെന്നു വരില്ല. ശരാശരി മലയാളിയുടെ ചിന്ത ദൂരെ ദൂരെ പോയാണ് കൂടുകൂട്ടുക. മനസ്സിന് ഉല്ലാസം നല്‍കുന്ന യാത്രകളാണല്ലോ ഉല്ലാസയാത്രകള്‍. കൂടെകൂട്ടുന്നവര്‍ ആരൊക്കെയാണെന്നും അവരൊക്കെ ദീര്‍ഘയാത്രക്ക് ആരോഗ്യക്ഷമതയുളളവാരാണോ എന്നൊക്കെ നോക്കിവേണം ഒരു യാത്ര തീരുമാനിക്കാന്‍. ഒരു പാട് മുന്നൊരുക്കങ്ങളില്ലാതെ ഉല്ലസിച്ച് വരാവുന്ന പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലുമുണ്ട്. പലരും ഇതേ കുറിച്ച് അറിയാത്തവരുമാണ്. മറ്റു ചിലര്‍ അറിഞ്ഞാലും ഇതൊക്കെ അവഗണിക്കുകയും ചെയ്യും. ദീര്‍ഘദൂരം യാത്ര ചെയ്ത് ക്ഷീണിച്ച് എന്തെങ്കിലുമൊക്കെ കണ്ട് മടങ്ങി തൃപ്തിയടയുകയാണ് മിക്കവരുടെയും രീതി. പ്രാദേശികമായി ഉല്ലസിക്കാന്‍ പറ്റുന്ന ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കൊന്നു ചെന്നു നോക്കൂ. അപ്പോളറിയാം യഥാര്‍ത്ഥ യാത്രയുടെ തനി നാടന്‍ ഇഫക്റ്റ്.


കൊച്ചുകേരളത്തിൻെറ നടുവിലായി സ്ഥിതി ചെയ്യുന്ന തൃശൂരിലെ മരോട്ടിച്ചാലിലേക്കാകാം അടുത്ത ഉല്ലാസയാത്ര. പ്രകൃതിയോട് ഏറെയടുത്ത് നില്‍ക്കുന്ന ഈ ചെറിയ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മതി. രണ്ടു മനോഹരമായ വെള്ളച്ചാട്ടങ്ങളാണ് ഇവിടെയെത്തുവരെ കാത്തിരിക്കുന്നത്. ശാന്തമായ കാടിനു നടുവില്‍ മലിനമാക്കപ്പെടാത്ത വെളളച്ചാട്ടങ്ങള്‍. മനസ്സു നിറഞ്ഞു തുളമ്പുന്ന കാനന കാഴ്ചകളില്‍ മതിമറക്കാനുളള അവസരം. തീര്‍ച്ചയായും വന്നിരിക്കേണ്ടതും ഒരല്‍പ്പം നേരത്തെയായിരിക്കണമെന്നും കരുതിപ്പോകുന്ന മനോഹര സ്ഥലമാണിതെന്ന കാര്യത്തില്‍‍ സംശയം തെല്ലു വേണ്ട.

മരോട്ടിച്ചാലിലേക്കുളള വഴി


തൃശൂര്‍ - മാന്ദാമംഗലം റൂട്ടില്‍ ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മരോട്ടിച്ചാല്‍ ജംഗ്ഷനില്‍ എത്താം. നഗരത്തില്‍ നിന്ന് മാന്ദാമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസ് കയറിയും ഇവിടെയെത്താം. എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KMസഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്ക്ക്‌ മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്ക്ക്  മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്എത്താം. പചപ്പില്‍ കുളിച്ച നല്ലൊരു ഗ്രാമമാണ് മരോട്ടിച്ചാലില് നിങ്ങളെ സ്വാഗതം ചെയ്യുക. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചെല്ലുന്നതു പോലെ നിരവധി കടകളോ വൈവിധ്യമേറിയ ഭക്ഷണ സൌകര്യങ്ങളോ ഒന്നും കണ്ടെന്നു വരില്ല. ഇവിടെ നിന്നും തന്നെ ആദ്യത്തെ വെള്ളച്ചാട്ടത്തിനരികിലേക്കുളള ചെറിയ വഴി തുടങ്ങുന്നു. വഴിയെന്നു പറഞ്ഞാല്‍ രണ്ടുപേര്‍ക്ക് നടന്നു പോകാന്‍ കഴിയുന്ന ഒരു ചെറിയ ഇടുങ്ങിയ ചെങ്കല്‍ പാത. ഈ ചെങ്കല്‍പ്പാത മാത്രമാണ് ഏക വഴിയെന്നതു കൂടെ അറിയണ്ടതുണ്ട്. ദിശാബോര്‍ഡുകളോ മറ്റു അടയാളങ്ങളോ പ്രതീക്ഷിക്കേണ്ട.

ഓലക്കയം – ആദ്യത്തെ വെളളച്ചാട്ടം


ശാന്തമായി ഒരു പത്തു മിനിറ്റ് നടക്കാമെങ്കിൽ ആദ്യത്തെ വെള്ളച്ചാട്ടത്തിനടുത്ത് പെട്ടെന്നെത്താം. ചെറിയ ഒരു വെള്ളച്ചാട്ടത്തിന് ഓലക്കയം എന്നാണ് വിളിക്കുന്നത്. മനസ്സും ശരീരവും ഒന്നിച്ച് തണുപ്പിക്കാന്‍ പറ്റുന്ന അപൂര്‍വ്വ സ്ഥലമെന്നു പറഞ്ഞാലും ആരും കുറ്റപ്പെടുത്തില്ലെന്നുറപ്പ്. പ്രകൃതിയുടെ പാറക്കെട്ടുകള്‍ക്ക് നടുവിലായി ഒരു ചെറിയ ജലാശയം. തൊട്ടടുത്തായി ഉയര്‍ന്ന് നില്‍ക്കുന്ന പാറയില്‍ നിന്നും ഈ ജലാശയത്തിലേക്കു വന്നു വീഴുന്ന തെളിനീര്‍. ശരിക്കും പ്രകൃതി ഒരുക്കിയ അസ്സല്‍ നീന്തല് കുളം തന്നെ. മുകളിലെ പാറയില്‍ ചെറിയ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. ആ വെളളത്തില്‍ നീന്തിക്കളിക്കുന്ന ചെറു മീനുകളുടെ തിളക്കം അറിയാതെ കണ്ണുകളിലുടക്കി. ആ ഭംഗിയില്‍ അലിഞ്ഞ് മുന്നോട്ടു നടന്നാല്‍ വഴുക്കി വീഴുന്നതും അറിയില്ല. ഇവിടെ ഓരോ കാലടിയും ശ്രദ്ധയോടെ വെയ്ക്കേണ്ടി വരുമെന്ന് ഓര്‍ത്തിരിക്കുകയും വേണം. അല്‍പ്പ സ്വല്‍പ്പം ഭയമൊക്കയുളളവര്‍ക്ക് ചുറ്റിലും നില്‍ക്കുന്ന മരക്കൊമ്പുകളില്‍ പിടിച്ച് നടക്കുകയുമാവും. വെള്ളച്ചാട്ടത്തിൻെറ ഒരു ഭാഗത്ത് ആനകളുടെ ശല്യം ഒഴിവാക്കാന്‍ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്. വെളളച്ചാട്ടത്തെ ചുറ്റി വരിഞ്ഞുളള കാടാണ് ഈ ഭാഗത്തു നിന്നുളള രസകരമായ കാഴ്ച. വളരെ കുറച്ചിടങ്ങളില്‍ മാത്രം ലഭിക്കുന്ന അനുഭൂതി, ഇതൊക്കെ കണ്ട് നിര്‍വൃതി കൊളളുന്നതിനിടയില്‍ ആ വെളളത്തിലേക്ക് ഒന്നിറങ്ങണം. കണ്ണിലെ കുളിര് കാലിലേക്ക് പടര്‍ന്നൊഴുകുന്നത് തൊട്ടറിയാനാവും.

ഇലഞ്ഞിപ്പാറ – രണ്ടാമത്തെ വെളളച്ചാട്ടം

ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം
 


ആദ്യത്തെ വെളളച്ചാട്ടത്തിന്‍റെ കുളിർമ്മയുമായി ഇനി രണ്ടാമത്തെ വെളളച്ചാട്ടത്തിനടുത്തേക്ക്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാലെ രണ്ടാമത്തെ ആസ്വാദന തീരത്ത് എത്താനാവൂ. കാടിന് നടുവിലൂടെയുള്ള യാത്രയാണ് മരോട്ടിച്ചാലിലെ എല്ലാവരും ഇഷ്ടപ്പെടുന്ന സാഹസികത കലര്‍ന്ന അനുഭവം. മുമ്പേ പോയവര്‍ നടന്നുണ്ടാക്കിയ വഴി മാത്രമാണ് കാടിനുളളില്‍ കാണുന്ന ഏക ആശ്വാസം. എങ്കിലും നടക്കുമ്പോള്‍ നല്ല ശ്രദ്ധയും വേണം. കല്ലും മുള്ളും നിറഞ്ഞ ആ വഴിയിലൂടെ കിളികളുമായി കലപില കൂട്ടി നടക്കാം. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും പാറകളുമൊക്കെയായി കാട് ശരിക്കും ഭീകരമായ പശ്ചാത്തല ദൃശ്യമൊരുക്കി. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളെ വരവേല്‍ക്കുന്നത് ഇരമ്പലുമായെത്തുന്ന നല്ലൊരു മഴയുമായിരിക്കാം. മഴ ഏറെ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. എങ്കിലും കിളിക്കൊഞ്ചലുകള്‍ ഇടുങ്ങിയ വഴിയില്‍ കൂട്ടായി ഒപ്പമുണ്ടായിരുന്നു. അരികിലൂടെ ഒഴുകുന്ന ചെറിയ പുഴയെ കാണാനായി, മുകളിലെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് എത്തുന്ന പുഴയാണിത്. ഈ പുഴയെ മറി കടക്കാനായി കുറുകേ കിടക്കുന്ന ചെറു മരങ്ങളിലൂടെ സാഹസികമായി മുന്നോട്ട് പോകാം. വഴുതിപ്പോകാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നേരെ പാറയിലേക്ക് കൂപ്പുകുത്തുമെന്ന് പറയേണ്ടതില്ലല്ലോ.

മരോട്ടിച്ചാൽ വെള്ളച്ചാട്ടം ഒരു ദൂരക്കാഴ്ച
 


മുകളിലെ വെള്ളച്ചാട്ടമാണ് ഇലഞ്ഞിപ്പാറ. മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവുമാണിത്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്നാണ് അറിയപ്പെടുന്നത്. കാടിന്‍റെ വന്യമായം സംഗീതം ആസ്വദിച്ച് പരിശുദ്ധമായ തെളിനിരില്‍ കുളിക്കാതെ ആര്‍ക്കും ഇവിടെ നിന്നും മടങ്ങിപ്പോകാനുമാവില്ല. പത്തു പന്ത്രണ്ട് മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളം. താഴെ വാരിവിതറിയ വലിയ പാറകളില്‍ വെള്ളം ചിതറിത്തെറിച്ച് പതഞ്ഞു കുതിക്കുന്നു.  പാറകള്ളില്‍ കൂര്‍ത്ത അഗ്രങ്ങളുളളതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഏറെ സൂക്ഷിച്ചു വേണം. വെള്ളച്ചാട്ടത്തിനു നേരെ മുന്നില്‍ അതേ ഉയരത്തില്‍ നില്‍ക്കുന്ന മറ്റൊരു പാറയുണ്ട്. അതിന്റെ മുകളില്‍ കയറിയാലേ വെളളച്ചാട്ടത്തിന്‍റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാനാവൂ.


നല്ല മഴപെയ്താലെ വെള്ളച്ചാട്ടത്തിൻെറ ഭംഗി മുഴുവനായി ആസ്വദിക്കാനാവൂ. നല്ല മഴയുളളപ്പോള്‍ വെളളച്ചാട്ടങ്ങള്‍ക്ക് അരികിലെത്തുകയെന്നത് ശ്രമകരവുമാണ്. മാത്രമല്ല ഏതു സമയത്തും വഴിതെറ്റിവരുന്ന കാട്ടാനകളെ പേടിച്ചേ മുന്നോട്ടു നീങ്ങാനാവൂ. തിരിച്ച് ഒരു മണിക്കൂര്‍ നേരം സഞ്ചരിച്ചാണ് കാട്ടില്‍ നിന്നും പുറത്തു കടന്നത്. ഇത്രയും കേട്ടപ്പോള്‍ തന്നെ ശക്തമായ ഉള്‍വിളി വരുന്നില്ലേ.. അതെ, മരോട്ടിച്ചാല്‍ നിങ്ങളെയും വിളിക്കുന്നുണ്ട്.

Tags:    
News Summary - marottichal waterfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT