?????? ??????? ???????? ????? ??????? ????????????? ?????????? ??????????? ??????? ????????????????? ????????????????

ഇന്ദ്രനീലിമയോലും...

കർക്കടകം 16നാണ് മാടായിക്കാവിൽ മാരിതെയ്യങ്ങൾ ഉറഞ്ഞു തുള്ളുന്നത്. മുടിയും മുഖപ്പാളയും ധരിച്ച് ഉറഞ്ഞാടുന്ന തെയ് യങ്ങൾ കാവിലമ്മയെ തൊഴുത് വലംവെച്ചശേഷം ഊരുചുറ്റി കർക്കടകശനിയെ ആവാഹിച്ച് കടലിലൊഴുക്കി നാട് ശുദ്ധീകരിക്കുന്നു. കാവിൽനിന്ന് ഊരുചുറ്റാനിറങ്ങുന്ന മാരിക്കരുവനും മാമാരിക്കരുവനും മാരിക്കുളിയും (മാരി ഗുളികൻ) മാമാരിക്കുളിയനും മാരിക്കലിയനും മാമാരി കലിച്ചിയും മാടായിപ്പാറയിൽ പദമൂന്നിയാണ് നാട്ടിലിറങ്ങുന്നത്. മാരി തെയ്യങ്ങളെത്തുമ്പോൾ പാറപ്പുറത്തെ കാക്കപ്പൂക്കൾ മിഴികളടച്ച് തപസ്സിലായിരിക്കും. കർക്കടക ശനിയകന്ന് ചിങ്ങത്തി​​െൻറ സ്വർണ വെയിൽ പരക ്കുമ്പോഴേക്കും പൂവുകൾ കൺതുറക്കും. ഈ സമയത്ത് പാറപ്പുറം ഇന്ദ്രനീലിമയുടെ അനന്യ സൗന്ദര്യം കൊണ്ട് വിസ്മയിപ്പിക്കും. തിരുവോണ നാളിൽ വിരുന്നെത്തുന്ന മാവേലി തമ്പുരാനെ വരവേൽക്കാനെന്ന പോലെ.

ചേറ്റുപാടക്കരയിലെ ആർക്കും വേണ്ടാത്ത, പൂജക്കെടുക്കാത്ത കാക്കപ്പൂവി​​െൻറ ആത്മനൊമ്പരത്തെക്കുറിച്ച് കവി പി.കെ.ഗോപി പാടിയിട്ടുണ്ട്. എന്നാൽ, മാടായിപ്പാറയിലെ കാക്കപ്പൂവുകൾ അവഗണനയുടെ നൊമ്പരപ്പൂക്കളല്ല. അംഗീകാരത്തി​​െൻറ നിറശോഭയാണ്. വിരിഞ്ഞുനിറയുന്ന പൂക്കളെ കാണാൻ ഇവിടെയെത്തുന്നത് ആയിരങ്ങൾ. ചിങ്ങവെയിൽ ഫ്ലാഷ് മിന്നിക്കുന്നതോടെ കാമറക്കണ്ണുകൾ പുഷ്പസൗന്ദര്യം ഒപ്പിയെടുക്കാൻ മത്സരിക്കും. വിഗ്രഹത്തെ സ്പർശിക്കാൻ ഭാഗ്യമില്ലെങ്കിലും മാവേലിയെ വരവേൽക്കുന്ന പൂക്കളത്തി​​െൻറ ഭാഗമാകാൻ നിയോഗമുണ്ട്. അത്തം മുതൽ തിരുവോണം വരെ പൂക്കളം തീർക്കാൻ പൂ തേടിയെത്തുന്ന കുരുന്നുകളുടെ കലപില ശബ്​ദംകൊണ്ട് മുഖരിതമാവും പാറപ്പരപ്പ്. അടുത്ത കാലത്ത് ചലച്ചിത്രങ്ങളിലെ പ്രണയഗാന ലൊക്കേഷനാവാനും ഭാഗ്യം ലഭിക്കാറുണ്ട് ഏഴിമലയുടെ ഈ ജൈവവൈവിധ്യ കലവറയായ താഴ്വാരത്തിന്.

കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ന് മാടായിപ്പാറ. കാഴ്ചകളുടെ സമൃദ്ധിതന്നെ കാരണം. ഓരോ ഋതുവിലും വേഷം മാറുന്നു എന്നത് 600 ഏക്കർ വിസ്തൃതിയുള്ള ഈ പാറയുടെ മാത്രം പ്രത്യേകത. മനോഹരമാണ് ഈ വേഷപ്പകർച്ച. ഇടവപ്പാതി തുടങ്ങിയാൽ പാറ പച്ചപ്പട്ടുടുക്കും. നൂറുകണക്കിന് തുമ്പികൾ, ശലഭങ്ങൾ, പക്ഷികൾ, ചെറുസസ്തനികൾ ഇവയുടെ സ്വൈരവിഹാരം കൊണ്ട് ധന്യമാണ് പാറപ്പുറം. ഓണക്കാലത്ത്​ ഹരിതകാന്തി ഇന്ദ്രനീലിമക്ക് വഴിമാറും. വയലറ്റും നീലയും കലർന്ന കാക്കപ്പൂക്കൾക്കു പുറമെ കൃഷ്ണപ്പൂവും കണ്ണാന്തളിയും കാട്ടു ശംഖുപുഷ്പവും മുക്കുറ്റിയുമൊക്കെയുണ്ടാവും കാഴ്ചയുടെ വസന്തമൊരുക്കാൻ. കന്നി മുതൽ മൂന്നുമാസം നെയ്പുല്ലുവിളയുന്ന കാലം. പാറയുടെ വസ്ത്രത്തിന് അപ്പോൾ സ്വർണ നിറമാണ്. വൈകുന്നേരങ്ങളിലെ ഇളം കാറ്റിൽ ഞൊറിയിട്ടുലയുന്ന ഈ കസവുടയാട നൽകുന്നത് കാഴ്ചയുടെ ഉത്സവം. പിന്നീട് ഇളംപച്ച നിറത്തിലുള്ള പാറമുള്ളുകളുടെ ഹരിത സൗന്ദര്യമാണ്.
300 ലധികം കാട്ടുപൂക്കൾ വിരിയുന്ന കേന്ദ്രമാണിവിടം. മഴക്കാലത്ത് മാടായിപ്പാറയെ ഹരിതകമ്പളമണിയിക്കാൻ മത്സരിക്കുന്നത് 38 ലധികം ഇനം പുൽവർഗങ്ങൾ. 138 ഇനം ചിത്രശലഭങ്ങളെയും അനേകമിനം തുമ്പികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 175 ഇനം പക്ഷികൾ ഇവിടെയെത്തുന്നു. അറബിക്കടൽ കടന്നെത്തുന്ന സഞ്ചാരിപ്പക്ഷികളുടെ ഇടത്താവളമാണ് മാടായിപ്പാറ. അഞ്ഞൂറിലധികം സസ്യങ്ങൾ. ഇവയിൽ ഭൂരിഭാഗവും ഔഷധഗുണമുള്ളവ. ചരിത്രത്തിലും ഗതകാല സാഹിത്യത്തിലും ഇടം ലഭിച്ച പുണ്യഭൂമി. എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന ധന്യത.

മാംസഭോജികളായ ചെറുസസ്യങ്ങളില്‍ ഒന്നാണ് കാക്കപ്പൂവി​​െൻറ ചെടി. യുനെസ്‌കോയുടെ, വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങള്‍ അടങ്ങുന്ന ചുവപ്പു പട്ടികയില്‍ ഇടംപിടിച്ച ഒന്നാണിത്​. കൃഷിചെയ്യാത്ത വയലുകളിലും ഈ ചെടി കാണാറുണ്ട്. വയലുകളില്‍ കാണുന്ന ചെടിയുടെ പൂവിന് അത്യാകര്‍ഷകമായ വയലറ്റ് നിറമാണ്. മാടായിപ്പാറയിലെ പൂക്കൾക്ക് നല്ല നീലനിറമാണ്. വയലുകളിലും ജലസാന്നിധ്യമുള്ള കുന്നുകളിലും കണ്ടുവരുന്നുണ്ടെങ്കിലും ഇടനാടൻ ചെങ്കൽക്കുന്നുകളുടെ നാശം ഇവയുടെ നിലനിൽപിന് ഭീഷണിയാണ്​. അടുത്തുവരുന്ന സൂക്ഷ്മജീവികളെ ആകര്‍ഷിച്ച് പോടിനുള്ളില്‍ വീഴ്ത്തി ആഹാരമാക്കുന്നതിനുപുറമെ വേരിലൂടെ പോഷണം വലിച്ചെടുത്തുമാണ്​ ചെടികളുടെ അതിജീവനം. പൂക്കളത്തിന് പഴയകാലം മുതൽ ഇവ ഉപയോഗിക്കാറുണ്ട്. പൂരാടം നാളില്‍ കാക്കപ്പൂ പൂക്കളത്തില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു പണ്ട്. കാക്കപൂരാടത്തിന് കാക്കയോളം പൊക്കത്തില്‍ കാക്കപ്പൂവിടണമെന്ന പഴമൊഴി തന്നെയുണ്ട്.
Tags:    
News Summary - madayipara flowers-travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT