???????????? ?????????????

കാടിൻെറ വശ്യതയും ജലധാരയുടെ കുളിരും

കടുത്ത വേനലില്‍ തണുപ്പ് കൊള്ളാന്‍ ഇറങ്ങുകയാണ്. മലകളുടെ താഴ്വാരത്തെ കാട്ടുചോലയിലേക്കാണ് ഇത്തവണത്തെ യാത്ര. മലപ്പുറം ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കരുവാരകുണ്ട് കല്‍ക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടമാണ് ലക്ഷ്യം. ഉരുണ്ട പാറക്കെട്ടുകള്‍ക്കിടയിലൂടെ കുത്തനെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കാര്‍ഷിക-കുടിയേറ്റ ഗ്രാമമായ കരുവാരകുണ്ട് ഗ്രാമത്തിലാണ്. കൂടുതലും റബര്‍, നാളികേരം, കാപ്പി, കൊക്കോ, പൈനാപ്പിള്‍ തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ അധിവസിക്കുന്ന ഗ്രാമമാണിത്. കുരുമുളക്, ഏലം, ജാതിക്ക, ഗ്രാമ്പൂ എന്നിവ മലയടിവാരങ്ങളില്‍ വിളഞ്ഞുനില്‍ക്കുന്ന മലയോര താഴ് വര. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം പാലക്കാടന്‍ അതിര്‍ത്തി പ്രദേശം കൂടിയാണ്.

കേരളാംകുണ്ടിലേക്കുള്ള വഴി
 


നാട്ടുപാതകളിലൂടെ സഞ്ചരിച്ചാല്‍ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലെത്താം. നാട്ടില്‍നിന്ന് 29 കിലോമീറ്റര്‍ മാത്രമുള്ള ഇവിടേക്ക് രണ്ടാം തവണയാണ് യാത്ര പോകുന്നത്. ഒരു അവധിദിനം ഒത്തുവന്നാല്‍ നാട്ടിലെ സുഹൃത്തുക്കള്‍ സ്ഥിരമായി എത്തുന്ന പ്രദേശമാണിത്. അവര്‍ക്കൊപ്പം പോകണമെന്ന് കരുതുമെങ്കിലും എന്തെങ്കിലും തിരക്ക് കാരണം യാത്ര മുടങ്ങും. കരുവാരകുണ്ട് ടൗണിലെത്തിയപ്പോള്‍ ഉച്ചയായി തുടങ്ങി. ഇവിടുന്ന് 7.6 കിലോമീറ്റര്‍ കൂടി സഞ്ചരിക്കണം വെള്ളച്ചാട്ടം പ്രദേശത്തേക്ക്. പൊള്ളുന്ന ചൂടില്‍ കാര്‍മേഘങ്ങള്‍ തൂങ്ങിനില്‍ക്കുന്നുണ്ടെങ്കിലും പെയ്തു തുടങ്ങിയിട്ടില്ല. കരുവാരകുണ്ട് ടൗണില്‍നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു.

കേരളാംകുണ്ട് ദൂരക്കാഴ്ച
 


പച്ചപുതച്ച് ആകാശത്തെ തൊട്ടുനില്‍ക്കുന്ന കൂമ്പന്‍മല ദൂരെ കാണാം. വെള്ളച്ചാട്ടത്തിന് മൂന്ന് കിലോമീറ്റര്‍ ഇപ്പുറം വരെ മാത്രമേ വാഹനം പോകൂ. ഇവിടുന്ന് മല കയറാന്‍ ജീപ്പ് സര്‍വിസുണ്ട്. ഇനിയങ്ങോട്ട് ബൈക്ക് യാത്ര ശുഭകരമാവില്ലെന്ന് റോഡരികില്‍ പെട്ടിക്കട നടത്തുന്ന മധ്യവയസ്കന്‍ പറഞ്ഞെങ്കിലും സാഹസികതക്കു തന്നെ മുതിര്‍ന്നു. വലിയ കരിങ്കല്ല് പാകിയ പാതയിലൂടെ, ഇരുവശങ്ങളിലും കായ്ച്ചു നില്‍ക്കുന്ന കൊക്കോ തോട്ടങ്ങള്‍ക്ക് നടുവിലൂടെ ഇളകിയാടി ബൈക്ക് നീങ്ങി. ദൂരം പോകുംതോറും യാത്ര കൂടുതല്‍ ദുഷ്കരമായി തുടങ്ങി. ഇടക്ക് റബര്‍ തോട്ടങ്ങള്‍ക്കടുത്തെത്തുമ്പോള്‍ മാത്രം നല്ല റോഡ് കണ്ടു. കുത്തനെയുള്ള കയറ്റത്തിലൂടെയുള്ള സഞ്ചാരം അല്‍പം കഠിനം തന്നെയാണ്. ജീപ്പില്‍ കയറുന്നതാണ് ഉചിതം. റോഡ് അവസാനിക്കുന്നിടത്ത് ടിക്കറ്റ് കൗണ്ടറിനടുത്ത് വണ്ടി ഒതുക്കിനിര്‍ത്തി. 10 രൂപയുടെ ടിക്കറ്റെടുത്ത് മണ്‍പാതയിലൂടെ നടന്നു. കുറച്ചകലെയായി വെള്ളം താഴേക്ക് പതിക്കുന്ന ശബ്ദം കേട്ടുതുടങ്ങി.


പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയില്‍നിന്നുത്ഭവിക്കുന്ന ശുദ്ധമായ വെള്ളമാണ് കേരളാംകുണ്ടില്‍ പതിക്കുന്നത്. ഉരുണ്ട പാറക്കെട്ടുകളെ തഴുകി, വന്‍മരങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുകയാണ് കാട്ടുവെള്ളം. ലോകോത്തര ഹെറിറ്റേജ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനും ടൂറിസം വകുപ്പ് വിവിധ പദ്ധതികള്‍ക്ക് ഇവിടെ രൂപം നല്‍കിവരുന്നുണ്ട്. ഈറ്റക്കാടുകള്‍ സമൃദ്ധമായി വളരുന്ന ചോലക്കിരുവശവുമുള്ള തോട്ടങ്ങളില്‍ കാര്‍ഷികവിളകള്‍ വിളഞ്ഞുനില്‍ക്കുന്നു. നനക്കാനുള്ള വെള്ളം കൃഷിയിടത്തിലേക്ക് കൊണ്ടുപോകാന്‍ വലിയ പൈപ്പ്ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


കാടിനകത്തെത്തിയപ്പോള്‍ തണുത്ത കാറ്റ് വീശാന്‍ തുടങ്ങി. വേനല്‍ കടുത്തതോടെ ഒഴുക്കിന് ശക്തി കുറവാണ്. ചോലക്ക് കുറുകെയുള്ള ഇരുമ്പുപാലത്തിലൂടെ അപ്പുറത്തെത്തി. കാട്ടുചോലയുടെ പലയിടങ്ങളിലായി വിനോദസഞ്ചാരികള്‍ കുളിക്കുന്നത് കാണാം. വെള്ളത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. കുറച്ചുകൂടി താഴെയാണ് വെള്ളച്ചാട്ടം പ്രദേശം. വെള്ളം പതിക്കുന്ന പാറക്കെട്ടിന്റെ ഒരുഭാഗത്ത് താഴേക്കിറങ്ങാന്‍ ഇരുമ്പുകൊണ്ട് ചവിട്ടു പടികള്‍ നിര്‍മിച്ചിട്ടുണ്ട്. പതിയെ പടികളിറങ്ങി. സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പെടുമെന്നുറപ്പാണ്. വേണ്ടത്ര സുരക്ഷയൊരുക്കാത്തതിനാല്‍ നിരവധി അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അഞ്ചാള്‍ പൊക്കത്തില്‍നിന്ന് താഴേക്ക് പതിക്കുന്ന ശുദ്ധമായ വെള്ളം. കുളിക്കണമെന്ന ആഗ്രഹം കലശലായുണ്ടെങ്കിലും താഴേക്കിറങ്ങുന്നത് തല്‍ക്കാലം നിരോധിച്ചിരിക്കുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.


ഏറ്റവും അപകടം പിടിച്ചതാണ് ഇവിടുത്തെ കുളി. അപകടം സംഭവിച്ചാല്‍ ഒച്ചവെച്ച് വിളിച്ചാല്‍പോലും ആരും കേള്‍ക്കില്ല. വലിയൊരു കിണറിലേക്കെന്ന പോലെ പതഞ്ഞെത്തുന്ന മലവെള്ളം ഊര്‍ന്നിറങ്ങുന്ന കാഴ്ച സഞ്ചാരികളെ അദ്ഭുതപ്പെടുത്തുമെന്നതില്‍ സംശയമേതുമില്ല. ഇവിടുത്തെ അന്തരീക്ഷത്തോട് ഇണങ്ങിയാല്‍ ഏതൊരാളും വെള്ളത്തിലിറങ്ങിപ്പോകും. മനസ്സിനെ കുളിര്‍പ്പിക്കുകയും ആകര്‍ഷിപ്പിക്കുകയും ചെയ്യുന്ന മനോഹാരിതയാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടത്തിലെ കുളി നിരോധിച്ചിട്ടുണ്ടെങ്കിലും മുകള്‍ ഭാഗത്ത് ചോലയില്‍ ഇറങ്ങി. സഞ്ചാരികളില്‍ ചിലര്‍ ഇവിടെ കുളിക്കുന്നുണ്ട്.


വെള്ളത്തിലിറങ്ങിയപ്പോള്‍ മരം കോച്ചുന്ന തണുപ്പ്. പശ്ചിമഘട്ടമലനിരകളില്‍ നിന്നുല്‍ഭവിച്ച് വനാന്തരങ്ങളെ തഴുകിയെത്തുന്ന ശുദ്ധമായ വെള്ളത്തിന് തണുപ്പ് കൂടിയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. വൈകുന്നേരമായിത്തുടങ്ങിയതോടെ സഞ്ചാരികള്‍ കുളി മതിയാക്കി കയറിത്തുടങ്ങി. വെള്ളമൊഴുകിയെത്തുന്ന കാട്ടുചോലയുടെ മുകള്‍ഭാഗത്തേക്ക്, പാറക്കെട്ടുകളുടെ അരികുപറ്റി കുറച്ചുദൂരം നടന്നു. ഇരു ഭാഗങ്ങളിലും ഈറ്റക്കാടുകള്‍ കാറ്റില്‍ ആടിയുലഞ്ഞു. കുതിച്ചും കിതച്ചും ഒഴുകിപ്പോകുന്ന ചോലയെ നോക്കി ഈറ്റക്കാടിന്റെ തണല്‍ പറ്റി ഞാനിരുന്നു. വന്‍മരങ്ങളും കാട്ടുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതുമായ പ്രദേശം.


മടങ്ങാന്‍ നേരം പുതിയതായി തുടങ്ങുന്ന പൂന്തോട്ടത്തില്‍ ചെടികളെ പരിപാലിക്കുന്ന ജോലിക്കാരെ കണ്ടു. അവരോട് സംസാരിക്കുന്നതിനിടെയാണ് ഈ പ്രദേശത്ത് സ്ഥിരമായി ആനകളിറങ്ങുന്ന കാര്യം പറഞ്ഞത്. വെള്ളച്ചാട്ടത്തിന്റെ കവാടത്തിന് സമീപത്തായി ഒരു കട പ്രവര്‍ത്തിക്കുന്നുണ്ട്. കാട്ടിനുള്ളിലെ കടയില്‍നിന്ന് ചായയും പലഹാരവും കഴിച്ച് മലയിറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും ദൂരെ മാനത്ത് സൂര്യന്‍ വരച്ചുവെച്ച സിന്ദൂരച്ചോപ്പ് ഭൂമിക്കുമേല്‍ ഇരുട്ട് പരത്താന്‍ തുടങ്ങിയിരുന്നു. മനസ്സിനെയും ശരീരത്തെയും കുളിര്‍പ്പിച്ച കാടും നാടും കടന്ന് വീട്ടിലേക്ക് തിരിച്ചു.

Tags:    
News Summary - keralamkundu waterfalls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT