കിഴക്കിന്‍െറ വെനീസ് കാണാന്‍ 

എന്‍െറ സ്കൂളില്‍നിന്ന്  പഠനയാത്ര പോയത് കിഴക്കിന്‍െറ വെനീസായ ആലപ്പുഴയിലേക്കാണ്. ഞാനും  അമ്മയും ക്ളാസ് ടീച്ചറായ ജയ ടീച്ചറും പ്രധാനാധ്യാപികയായ സഫിയ ടീച്ചറും സീജ ടീച്ചറും ബിബിത ടീച്ചറും ഷംലു ടീച്ചറും തോമസ് മാഷും പി.ടി.എ പ്രസിഡന്‍റായ മണിച്ചേട്ടനും ഓമനച്ചേച്ചിയും എന്‍െറ കൂട്ടുകാരും അവരുടെ മാതാപിതാക്കളും ചേര്‍ന്നാണ് യാത്ര പോയത്. ആദ്യം ഞങ്ങള്‍ പോയത്  വിശുദ്ധ സെന്‍റ് സെബാസ്റ്റ്യനോസ് പുണ്യാളന്‍െറ അര്‍ത്തുങ്കല്‍ പള്ളിയിലാണ്.


 ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ പള്ളിയാണ് അര്‍ത്തുങ്കല്‍ പള്ളി. ഈ പള്ളിയില്‍ ജനുവരി 20ാം തീയതിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.  ഈ പള്ളിയുടെ മോഡല്‍ പോര്‍ചുഗീസുകാരാണ് കേരളത്തില്‍ കൊണ്ടുവന്നത്. ഇതുപോലത്തെ പള്ളി കേരളത്തില്‍ രണ്ടു സ്ഥലങ്ങളിലാണുള്ളത്. അര്‍ത്തുങ്കല്‍ പള്ളിയും കാഞ്ഞൂര് പള്ളിയും. പള്ളിയെക്കുറിച്ചും സെബാസ്റ്റ്യനോസ് പുണ്യാളനെപ്പറ്റിയും കുറെ കാര്യങ്ങള്‍ മാഷും ടീച്ചര്‍മാരും പറഞ്ഞുതന്നു. പള്ളിയും സ്ഥലങ്ങളും കണ്ടശേഷം പള്ളിയിലെതന്നെ ഒരു ഹാളില്‍ കയറി അപ്പവും ചായയും കഴിച്ചു. പിന്നെ ഞങ്ങള്‍ പോയത് ആലപ്പുഴ കയര്‍ ബോര്‍ഡിലാണ്.  അവിടെ ആദ്യം കണ്ടത് കയര്‍കൊണ്ടുണ്ടാക്കിയ വടം ആണ്. അത് എനിക്ക് വളരെ ഇഷ്ടമായി. കാരണം എന്‍െറ അച്ഛന്‍ വടംവലിക്കാരനാണ്. എനിക്കും വടംവലി ഇഷ്ടമാണ്. പിന്നെ വളരെ ഭംഗിയായി മഹാത്മാഗാന്ധിയുടെ ചിത്രം ചകിരിയില്‍ രൂപപ്പെടുത്തിയത് കണ്ടു. 
അവിടത്തെ ഒരു ചേച്ചി ഓരോ റൂമിലും കൊണ്ടുപോയി കയര്‍യന്ത്രങ്ങള്‍ പരിചയപ്പെടുത്തിത്തന്നു. കൈകള്‍കൊണ്ട് ഉണ്ടാക്കുന്ന കയറുപിരി തുടങ്ങി ഇപ്പോഴത്തെ വലിയ വലിയ യന്ത്രങ്ങള്‍ വരെ കാണുകയും അവയുടെ ഉപയോഗം മനസ്സിലാക്കിത്തരുകയും ചെയ്തു. പിന്നെ ഞങ്ങള്‍ പോയത് ബോട്ടിങ്ങിനാണ്. രണ്ടു നിലയിലുള്ള ബോട്ട് ആയിരുന്നു. ബോട്ടില്‍ കയറാന്‍ ആദ്യം എനിക്ക് പേടിയുണ്ടായിരുന്നു. 


അതില്‍ കയറിയപ്പോള്‍ പേടിമാറി. വരുംവഴി കുര്യാക്കോസ് ഏലിയാസ് ചാവറ അച്ഛന്‍െറ ജനനസ്ഥലം കാണാന്‍ കയറി. മറ്റു മുറികളും കണ്ടു. അവിടെ കുറെനേരം കളിച്ചു. തിരിച്ചുവരുംവഴി കുളവാഴ നിറഞ്ഞ കുളം കണ്ടു. പിന്നെ ബോട്ടില്‍ കയറി അവിടെനിന്ന് യാത്രതിരിച്ചു. കുറെ വിദേശസഞ്ചാരികള്‍ യാത്രചെയ്യുന്നതും കണ്ടു. അവര്‍ ഞങ്ങള്‍ക്ക് റ്റാറ്റ തന്നു. പിന്നെ ഒരു ചേച്ചി ചൂണ്ടയിടുന്നതും ഹൗസ്ബോട്ടുകളും ചെറുവഞ്ചികളും കണ്ടു. എന്‍െറ അത്രയുമുള്ള കുട്ടികള്‍ വഞ്ചിയില്‍ കയറി സ്കൂളില്‍ പോകുന്നതും വേറെ സ്കൂളില്‍നിന്നും ചേച്ചിമാര്‍ പഠനയാത്രക്കായി ബോട്ടില്‍ വരുന്നതുമെല്ലാം കണ്ടു. ബോട്ടിങ് കഴിഞ്ഞ് ഞങ്ങള്‍ പോയത് ബീച്ചിലേക്കാണ്. ബീച്ചില്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും വളരെ സന്തോഷമായി. കുട്ടികള്‍ എല്ലാവരും ബസില്‍നിന്ന് കടല്‍ക്കരയിലേക്ക് ഓടിപ്പോയി. ഇത്തിരിനേരം കടല്‍ കണ്ടുനിന്നശേഷം കടലില്‍ ഇറങ്ങി. വലിയതിരമാല വന്നപ്പോള്‍ അമ്മ എന്നെ കൂട്ടിപ്പിടിച്ചു.

ഞങ്ങള്‍ ബോട്ടില്‍ കയറിയപ്പോള്‍ കണ്ട ചേച്ചിമാര്‍ ബീച്ചിലും വന്നിരുന്നു. 
അതില്‍ ഒരു ചേച്ചിയുടെ ചെരിപ്പ് തിരമാല കൊണ്ടുപോയി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തിരികെവന്നു. കുറെനേരം വെള്ളത്തിലും മണലിലും കളിച്ചു. കളിച്ചപ്പോള്‍ ഡ്രസിലെല്ലാം മണല്‍ കയറി. പിന്നെ കരയിലേക്ക് കയറി.അവിടത്തെ മരച്ചുവട്ടിലുള്ള തിണ്ണയില്‍ കുറച്ചുനേരം കാഴ്ചകള്‍ കണ്ടിരുന്നു. രാത്രി 10 ആയപ്പോഴേക്കും സ്കൂളില്‍ തിരിച്ചത്തെി. എല്ലാവരും ബസില്‍നിന്ന് ഇറങ്ങി. എന്നെയും അമ്മയെയും കാത്ത്  അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ടീച്ചറോട് യാത്രപറഞ്ഞ് വീട്ടിലേക്ക് പോയി. ഞാന്‍ വീട്ടില്‍ച്ചെന്ന് അച്ഛച്ഛനോടും അമ്മൂമ്മയോടും അച്ഛനോടും മേമ്മയോടും അനിയത്തിയോടുമെല്ലാം ഈ യാത്രയെക്കുറിച്ച് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.