തേയിലക്കാടുകള്‍ക്കിടയിലെ ചെറുപട്ടണം

വാല്‍പ്പാറ എന്നുമുതലാണ് സ്വപ്‌നഭൂമികയായി  മനസ്സില്‍ കയറിക്കൂടിയത് എന്നറിയില്ല. സമുദ്രനിരപ്പില്‍ നിന്നും 3,500 അടി ഉയരത്തിലുള്ള സ്ഥലം, തണുപ്പ്, മൂന്നാറു പോലെയോ അതില്‍ കൂടുതലോ സുന്ദരമായ തേയിലത്തോട്ടങ്ങള്‍. പക്ഷെ പല പല കാരണങ്ങളാല്‍ അവിടേക്കുള്ള യാത്ര നീട്ടിവെക്കപ്പെട്ടു. കിലോമീറ്ററുകള്‍ നീളുന്ന കാനനപാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍, ആന തുടങ്ങിയ വന്യമൃഗങ്ങള്‍ റോഡുകളില്‍

എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടാമെന്ന ഭയം; എല്ലാം ഒറ്റക്കുള്ള യാത്രയെ തടഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് ഞാന്‍ നിമിത്തങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്. നാളുകള്‍ക്കു മുമ്പ് മുന്‍കൂട്ടി തയ്യാറാക്കിയ യാത്രകള്‍  മുടങ്ങിപ്പോകുമ്പോഴും പെട്ടെന്ന് ഒട്ടും ഒരുക്കങ്ങളില്ലാതെ നാം ഭൂമിയുടെ ഏതെല്ലാമോ മുനമ്പുകളില്‍ ഒരു കാരണവുമില്ലാതെ എത്തിപ്പെടുന്നത് എന്തുകൊണ്ടാകാം? ആ സ്ഥലങ്ങള്‍ നമ്മെ മാടിവിളിക്കുന്നതുകൊണ്ടാണ് നാം മറ്റു തിരക്കുകളൊക്കെ മാറ്റിവച്ച് യാതൊരു മുന്‍പരിചയവുമില്ലാത്ത ആ ഇടങ്ങള്‍ തേടി യാത്ര പുറപ്പെടുന്നത്. അതെ, ആ സ്ഥലരാശികളുടെ ഹൃദയത്തില്‍ നമ്മെ കാണാനുള്ള ആഗ്രഹം മുളപൊട്ടി വിരിഞ്ഞ് പൂത്തുലയുമ്പോഴാണ് നാം അവിടെ എത്തിപ്പെടുക. നമ്മള്‍ മനുഷ്യര്‍ക്ക് ആകെ ചെയ്യാനാവുന്നത് ഇത്രമാത്രം. നാം കാണാനാഗ്രഹിക്കുന്ന പ്രദേശങ്ങള്‍ നമ്മെ വിളിക്കുന്നതും കാത്തുകാത്തിരിക്കുക.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിലെ അവസാനലക്ഷ്യം മാത്രമായിരുന്നു വാല്‍പ്പാറ. ചാലക്കുടിയില്‍ നിന്നാണ് വാല്‍പ്പാറക്ക് യാത്ര തുടങ്ങുന്നതെങ്കില്‍
വാല്‍പ്പാറ എത്തുന്നതുവരയുള്ള 160 കിമീറ്റിറിലെ ഓരോ ഇടങ്ങളും ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. അതിരപ്പിള്ളി, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, മലക്കപ്പാറ പിന്നെ വഴിയില്‍ നമ്മോടൊപ്പം സഞ്ചരിക്കുന്ന പുഴകള്‍, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍, നയനമനോഹരമായ കാഴ്ചകള്‍, ഇടതൂര്‍ന്ന കാടുകള്‍, തടാകങ്ങള്‍, തേയിലത്തോട്ടങ്ങള്‍...
എറണകുളത്തുനിന്നും 56 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അതിരപ്പള്ളിയിലെത്താം. ചാലക്കുടിപ്പുഴ കാടുകളിലൂടെ സഞ്ചരിച്ച് ഉന്‍മത്തതയോടെ ഉയരങ്ങളില്‍ നിന്നും താഴേക്ക് പതിക്കുന്നതിന്റെ ശബ്ദം അകലെവച്ചുതന്നെ കാതുകളിലെത്തും. റോഡിലെ വ്യൂപോയിന്റില്‍ നിന്ന് നോക്കുമ്പോഴാണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നന്നായി ആസ്വദിക്കാനാവുക. നദി രണ്ടു ചാലുകളായാണ് താഴേക്ക് പതിക്കുന്നത്. ഈ ഇരട്ടവെള്ളച്ചാട്ടം തന്നെയാണ് അതിരപ്പിള്ളിയുടെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നത്. പുക പോലെ, മഞ്ഞുപോലെ താഴെയെത്തുന്ന ജലകണങ്ങള്‍ക്കൊപ്പം മുകളില്‍ നിന്നും താഴോട്ടു ചാടിയാലെന്തെന്നുവരെ തോന്നിപ്പിക്കുന്നത്രയും മനോഹരമായ പതനം. വേണ്ട.., ഒരുപാടുതവണ കണ്ടിട്ടും ഇന്നും കൊതിപ്പിക്കുന്ന വെള്ളച്ചാട്ടം കുറേക്കൂടി നേരം നിന്നു കാണുന്നത് പിന്നെയൊരിക്കലാകാം. അതിരപ്പിള്ളിയുടെ സൗന്ദര്യത്തില്‍ മയങ്ങി വാല്‍പ്പാറയെത്താന്‍
വൈകിയാലോ...അഞ്ചുകിലോമീറ്ററുകള്‍ പിന്നിട്ടാല്‍ മതി, വാഴച്ചാലെത്താം. ഫോറസ്റ്റ് ഡിവിഷന്റെ ചെക്ക്‌പോസ്റ്റ്. നമ്മുടെ കയ്യിലുള്ള ബാഗുകള്‍, വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് കൂടുകള്‍ എല്ലാം കൃത്യമായി എണ്ണിരേഖപ്പെടുത്തിവെക്കുന്നുണ്ട് ഇവിടെ. ഇവ അലക്ഷ്യമായി വലിച്ചെറിയാതെ നമ്മോടൊപ്പം തിരിച്ചുകൊണ്ടുപോകണമെന്ന ഓര്‍മപ്പെടുത്തലുമുണ്ട്.
ചെക്ക്‌പോസ്റ്റ് കഴിഞ്ഞ് വണ്ടി മുന്നോട്ടെടുത്തെങ്കിലും റോഡിനു കുറുകെ കുരങ്ങന്‍മാര്‍ നിരന്നിരിക്കുകയാണ്. ഹോണടിക്കുന്നതൊന്നും കേട്ട ഭാവമില്ല. മനുഷ്യനെന്ന മൃഗത്തെ തെല്ലും കൂസാതെ അവ ഫോട്ടോക്ക് പോസ് ചെയ്തു. വാഴച്ചാല്‍ മുതല്‍ മലക്കപ്പാറയെത്തുന്നതുവരെ ഇടതൂര്‍ന്ന കാട്ടിലൂടെയാണ് സഞ്ചാരം. ഏകദേശം  50 കിലോമിറ്റര്‍ ദൂരത്തേക്ക് മനുഷ്യവാസമില്ല. ഉച്ച നേരത്തു പോലും റോഡാകെ ഇരുണ്ടുകിടന്നു. നല്ല  ശ്രദ്ധ വേണം ഇതിലൂടെയുളള യാത്രക്ക്. രണ്ടു കാരണങ്ങള്‍ കൊണ്ടാണ്  അത്. ഒന്ന് മലഞ്ചരിവില്‍ കൂടെയുള്ള റോഡാണ്. ഇടതൂര്‍ന്ന കാടും. ആനക്കൂട്ടം
ഈ റോഡ് മുറിച്ചുകടന്നാണ് പുഴയിലേക്കു പോകുന്നത്. റോഡിലേക്കിറങ്ങിയാല്‍ പിന്നെ പെട്ടെന്ന് താഴേക്കിറങ്ങാനും മുകളിലേക്ക് കയറാനും ബുദ്ധിമുട്ടാണ്. മറ്റൊന്ന് അപൂര്‍വമായ മൃഗങ്ങളുടേയും പക്ഷികളുടേയും ആവാസസ്ഥാനം കൂടിയാണിത്. മരത്തിനുമുകളിലും ചെടിപടര്‍പ്പുകളിടയിലും ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്താന്‍ നല്ല ശ്രദ്ധതന്നെ വേണം. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ ഇതിനിടയിലെ മനോഹരക്കാഴ്ചകളാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങു താഴെ കാണുന്ന പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ കാഴ്ച അതിമനോഹരമാണ്. ചെറിയ ഒരു ദ്വീപിനെചുറ്റിയാണ് പുഴ നിറഞ്ഞുനില്‍ക്കുന്നത്.
മലക്കപ്പാറയാണ് കേരള തമിഴ്‌നാട് അതിര്‍ത്തി. തേയിലത്തോട്ടങ്ങളാണ് ഇവിടെ. വാഴച്ചാല്‍ ഡിവിഷന്റെയും മലയാറ്റൂര്‍ ഡിവിഷന്റെയും അധീനതയിലാണ് വനപ്രദേശങ്ങള്‍. മലക്കപ്പാറയിലെ ചെക്ക്‌പോസ്റ്റ് പിന്നിടുന്നതോടെ ചെറിയ ചായക്കടകള്‍ കണ്ടുതുടങ്ങുന്നു. ചായയും ബന്നും മെദുവടയും കിട്ടുന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ ചെറിയ തട്ടുകടകള്‍. നമ്മുടെ ഉഴുന്നുവട അത്രയും കൃത്യമല്ലാത്ത ആകൃതിയില്‍ ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്നതാണ് മെദുവട. മലക്കപ്പാറ പിന്നിടുന്നതോടെ പ്രകൃതിയുടെ പച്ചപ്പും സൗന്ദര്യവും ആരോ അപഹരിച്ചതുപോലെ തോന്നും.
തേയിലത്തോട്ടങ്ങള്‍ ഇടതൂര്‍ന്ന കാട്ടില്‍ നിന്നും അത്ര സുഖകരമല്ലാത്ത പ്രകൃതിയിലേക്കുള്ള ആ കൂടുമാറ്റം ആര്‍ക്കും ഇഷ്ടപ്പെടാന്‍ വഴിയില്ല.  പക്ഷെ പത്തു കിലോമീറ്റര്‍ പിന്നിടുന്നതോടെ പ്രകൃതിയും കാലാവസ്ഥയും അപ്പാടെ മാറുകയാണ്. ഉരുളിക്കല്‍ എസ്റ്റേറ്റ് വഴിയുള്ള ആ യാത്ര അവസാനിക്കുന്നത് റൊട്ടിക്കവലയിലാണ്. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ വാല്‍പ്പാറയ്ക്ക് ആറ് കിലോമീറ്റര്‍. നയനമനോഹരങ്ങളായ തേയിലത്തോട്ടങ്ങള്‍. ആ വെയിലത്തും നമ്മെ സുഖകരമായി കോരിത്തരിപ്പിക്കുന്ന നേരിയ തണുപ്പ്. അതെ വാല്‍പ്പാറയിലേക്കെത്തുകയാണ്. ഇളം പച്ചയും കടും പച്ചയും ഇടകലര്‍ന്ന തോട്ടത്തിലൂടെയാണ് ഇനി നമ്മുടെ യാത്ര.
വാല്‍പ്പാറ ഒരു ചെറിയ പട്ടണമാണ്. മൂന്നാറിന്റെ ആഡംബരമൊക്കെ പ്രതീക്ഷിച്ച് അവിടെയെത്തുന്നവര്‍ ശരിക്കും നിരാശപ്പെടും. നല്ല ഹോട്ടലുകള്‍ ഉണ്ടെങ്കിലും വളരെ വലിയ ഹോട്ടലുകളൊന്നും ഇല്ലെന്നുതന്നെ പറയാം. പക്ഷെ എല്ലാ വീടുകളും ഹോംസ്റ്റേകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അവിടത്തെ ഏറ്റവും സാധാരണമായ ബിസിനസ് ഈ ഹോംസ്റ്റേകളാണ്. മുറിയുടെ ഒരു വശം മുഴുവന്‍ ഗ്ലാസുകൊണ്ടുള്ള ജനാലയും അതില്‍ നീലവിരിയിട്ട കര്‍ട്ടനും അത് നീക്കിയാല്‍ കാണാവുന്ന പച്ചനിറമുള്ള തേയിലത്തോട്ടങ്ങളും ഒരു കൊച്ചരുവിയും ഉള്ള ഹോംസ്റ്റേയിലെ മുറിയില്‍ വാസമാക്കിയതോടെ ജീവിതത്തിലെ ഒരു ആഗ്രഹം സഫലമായി. അവിടത്തെ ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ ഒരു വശത്ത് വാല്‍പ്പാറ പട്ടണമാണ്, മറുവശത്ത് പശ്ചിമഘട്ടനിരകളും.
വാല്‍പ്പാറ എന്ന തമിഴ്പട്ടണം കോയമ്പത്തൂര്‍ ജില്ലയിലാണ് ഉള്‍പ്പെടുന്നതെങ്കിലും കോയമ്പത്തൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണിത്.
ഏറ്റവും അടുത്തുള്ള നഗരം 65 കിലോമീറ്റര്‍ അകലെയുള്ള പൊള്ളാച്ചിയാണ്. കാപ്പിത്തോട്ടങ്ങളിലെയും ചായത്തോട്ടങ്ങളിലെയും തൊഴിലാളികളാണ് ഇവിടെത്തെ ഭൂരിഭാഗം മനുഷ്യരും. തമിഴ് നാട് ടീ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും ടാറ്റാ ടീ യുടേതും അടക്കം പത്തോളം കമ്പനികളുടെ ഉടമസ്ഥതയിലാണ് തോട്ടങ്ങളിലേറെയും.  മാര്‍ക്കറ്റില്‍ കാണുന്ന പച്ചക്കറികള്‍  െഫ്രഷ് ആണ്. സുഗന്ധവ്യഞ്ജനവിളകള്‍ സുലഭമാണ് എങ്കിലും പച്ചക്കറികള്‍ വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല.
സമയം കളയാതെ വാല്‍പ്പാറ ടൗണില്‍ നിന്നും 10 കി.മീ. മാത്രം അകലെയുള്ള കാരമലയിലെ ബാലാജി ക്ഷേത്രത്തിലേക്ക്് യാത്ര തിരിച്ചു. ഇരുവശവും ചായച്ചെടികള്‍ക്കിടയിലൂടെയുള്ള യാത്ര രസരമായിരുന്നുവെങ്കിലും അവസാനത്തെ രണ്ടു കിലോമീറ്റര്‍ ദൂരം റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. അതുകഴിഞ്ഞ് അര കിമിറ്റര്‍ നടന്നുപോവകയും വേണം. പെരിയ കാരമലൈ ടീ ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബാലാജി ക്ഷേത്രം. അമ്പലത്തിനിരുവശത്തും പല നിറത്തിലും വലുപ്പത്തിലുമുള്ള റോസാപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നു. വെങ്കിടാചലപതിയാണ് പ്രതിഷ്ഠ.
ചിട്ടി വിനായകര്‍ ക്ഷേത്രം, നല്ലമുടി പൂഞ്ചോലൈ, കാരമലൈ വേളാങ്കണ്ണി ചര്‍ച്ച് എന്നിവയിലേക്കുള്ള യാത്ര പിറ്റേ ദിവസത്തേക്ക് മാറ്റിവച്ച്  മുറിയിലേക്കു മടങ്ങി. സുഖകരമായ തണുപ്പുമേറ്റുകൊണ്ടുള്ള ബാല്‍ക്കണിയിലെ ഇരിപ്പിന് വല്ലാത്ത വശ്യതയുണ്ടായിരുന്നു.
പശ്ചിമഘട്ട മലനിരകള്‍ക്കുമേല്‍ സൂര്യന്‍ ഉദിച്ചുയരാന്‍ വൈകി.  ഏഴുമണിയായതോടെ പൊള്ളാച്ചി റൂട്ടിലൂടെയുള്ള പ്രശസ്തമായ 40 ഹെയര്‍പിന്‍ വളവുകളിലൂടെ യാത്ര ചെയ്യാന്‍ ഉല്‍സാഹഭരിതരായി ഭക്ഷണം പോലും വേണ്ടെന്നുവച്ച് ഞങ്ങള്‍ പുറപ്പെട്ടു. മലയിറങ്ങാനാരംഭിച്ചു. കാട് നിബിഡമല്ല എങ്കിലും യാത്ര ഹെയര്‍പിന്‍ യാത്രകള്‍ ആസ്വാദ്യകരം തന്നെ. പൊള്ളാച്ചി- അളിയാര്‍- വാല്‍പ്പാറ ബസുകള്‍ ധാരാളം കാണാന്‍ കഴിയുന്നുണ്ട്. കുണ്ടുംകുഴിമില്ലാത്ത, ഡ്രൈവര്‍മാരെ മോഹിപ്പിക്കുന്ന സുന്ദരമായ റോഡ്.
പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള റൂട്ടില്‍ ഒന്‍പതാമത്തെ ഹെയര്‍പിന്‍ വളവായ ലോംസ് വ്യൂ പോയിന്റിലെ കാഴ്ച മനോഹരമാണ്. താഴെ ഒഴുകിനിറഞ്ഞ് വലിയൊരു നീലതടാകം പോലെ അളിയാര്‍ ഡാം. ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടവും അങ്ങകലെ പൊള്ളാച്ചി നഗരവും. എപ്പോഴും സന്ദര്‍ശകരുടെ തിരക്കുള്ള സ്ഥലം. മറ്റു സന്ദര്‍ശകരെക്കൂടാതെ ഒരു ഫോട്ടോ എടുക്കുക എന്നതുപോലും ദുഷ്‌ക്കരമാണിവിടെ. അധികം സമയം ചിലവഴിക്കാനില്ല. മങ്കി ഫാള്‍സും (കുരങ്ങ് അരുവി) അളിയാര്‍ ഡാമും കാത്തിരിക്കുകയാണ്.
അങ്ങനെ 40 ഹെയര്‍പിന്നുകളും ഇറങ്ങി തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് കടക്കുമ്പോള്‍ നാമറിയുന്നു, തമിഴ്‌നാട്ടിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വലിയ കണിശതയൊന്നുമില്ല എന്ന്. അവര്‍ക്കറിയുക പോലും വേണ്ടാ. നാം പ്ലാസ്റ്റിക് കൂടുകള്‍ കാട്ടില്‍ ഉപേക്ഷിച്ചോ
വീട്ടിലുപേക്ഷിച്ചോ എന്നൊന്നും. കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരിസ്ഥിതി സ്‌നേഹത്തന് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ യാത്ര തുടര്‍ന്നു.

 

ചിത്രങ്ങള്‍: ശരത് ശങ്കര്‍



 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.