ഊഷരമായിക്കൊണ്ടിരിക്കുന്ന നമ്മുടെ മനസ്സുകളില്‍ പതുക്കെപ്പതുക്കെ സ്ഥാനം പിടിക്കുന്ന പച്ചപ്പും പ്രത്യാശാകിരണവുമാണ് വനപര്‍വം- എം.ടി.
പൂക്കളോടും ചെടികളോടും ചങ്ങാത്തം കൂടുന്ന ശലഭക്കൂട്ടങ്ങള്‍. കിളിക്കൊഞ്ചലുകള്‍. അറിഞ്ഞതും അല്ലാത്തതുമായ അനേകം ഒൗഷധ സസ്യങ്ങള്‍, ചെടികള്‍, മരങ്ങള്‍. കളകളം പാടിയൊഴുകുന്ന കാട്ടുചോലകള്‍... കൈവിട്ടു പോയെന്ന് നാം കരുതിയ പ്രകൃതി ഇവിടെ പുനര്‍ജനിക്കുന്നു. അതാണ് വനപര്‍വം. പ്രകൃതിസ്നേഹികളുടെ മനസ്സില്‍ ആനന്ദം കോരിയിടുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ജൈവവൈവിധ്യ ഉദ്യാനം ഈങ്ങാപ്പുഴക്കടുത്ത· കാക്കവയലിലാണ്. സസ്യ-ജന്തുജാലങ്ങളെ അവയുടെ ആവാസവ്യവസ്ഥയില്‍ തന്നെ സംരക്ഷിക്കാന്‍ വനംവകുപ്പാണ് ഈ ജൈവവൈവിധ്യ പാര്‍ക്ക് ആരംഭിച്ചത്. ഇവിടെ നമുക്ക് കാടിനെയറിയാം. പഠിക്കാം. ട്രക്കിങ് നടത്താം. കാട്ടുചോലയില്‍ നീരാടാം.
താമരശ്ശേരി വനം റേഞ്ചിന്‍െറ പരിധിയില്‍ 111 ഹെക്ടര്‍ നിക്ഷിപ്ത വനത്തിലാണ് ജൈവവൈവിധ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഉദ്യാനം. കോഴിക്കോടിന്‍െറ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന ഇടമായി മാറുകയാണിവിടം.
നക്ഷത്രവനം, ഓര്‍ക്കിഡ് ഹൗസ്, ജലവൈദ്യുതി പദ്ധതി മാതൃക, ചിത്രശലഭ ഉദ്യാനം, ഒൗഷധത്തോട്ടം, നഴ്സറി, മുളങ്കാട്, കള്ളിച്ചെടി തോട്ടം, പാത്തിപ്പാറ തടാകം, പാത്തിപ്പാറ, മുയല്‍പാറ വെള്ളച്ചാട്ടങ്ങള്‍, ചതുപ്പ് നിലം തുടങ്ങിയവ അടങ്ങിയതാണ് വനപര്‍വം.
മടങ്ങാം പച്ചപ്പിലേക്ക്
പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന മഹാശൃംഖലയുടെ കണ്ണികള്‍ അഴിഞ്ഞഴിഞ്ഞ് മഹാനാശ·ിലേക്ക് നീങ്ങുകയാണ്. പ്രകൃതി നശീകരണം, ഉപഭോഗ സംസ്കാരം എന്നിവ കാരണമായുണ്ടായ ഭീഷണികളില്‍ നിന്ന് മോചനം ലഭിക്കാന്‍ പച്ചപ്പിലേക്ക് മടങ്ങാമെന്ന ആഹ്വാനമാണ് വനപര്‍വം നല്‍കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ നിലനില്‍പിന് അത്യാവശ്യമാണെന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ ഉണര്‍ന്നിരിക്കുന്ന നവബോധം ഈ ഉദ്യാനക്കാഴ്ചകള്‍ നമുക്ക് പകര്‍ന്നു തരും.
കവാടത്തിനടുത്തു തന്നെ ഒരുക്കിയ നഴ്സറിയില്‍ നിന്ന് വൃക്ഷത്തൈകള്‍ വാങ്ങാം. ജൂണ്‍,ജൂലൈ മാസങ്ങളിലാണ് വില്‍പന. വനപര്‍വത്തിന്‍െറ പ്രധാന ആകര്‍ഷണമായ ശലഭോദ്യാനം നീലക്കടുവ, ഗരുഡന്‍, നീലക്കുടുക്ക, നവാബ്, വരയന്‍ ചാത്തന്‍, തവിടന്‍, വിലാസിനി, മയൂരി തുടങ്ങി 140 ഇനം ശലഭങ്ങളുടെ വിഹാരഭൂമിയാണ്. അവക്ക് വളരാനും വംശവര്‍ധനക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നിന്നെല്ലാം അപ്രത്യക്ഷമായ ശലഭങ്ങളെ നമുക്കിവിടെ കണ്‍കുളിര്‍ക്കെ കാണാം.
മുന്നൂറോളം ഒൗഷധസസ്യങ്ങളുണ്ടിവിടെ. പേര്, ശാസ്ത്രീയനാമം, ഉപയോഗം തുടങ്ങിയ വിവരങ്ങളും അറിയാം. യാത്രികര്‍ക്ക് മുളങ്കൂട്ടങ്ങളുടെ ശീതളിമയില്‍ അലസം വിശ്രമിക്കാം. പ്രകൃതിയൊരുക്കുന്ന കൂളിങ് അനുഭവിച്ചറിയാം. കൊടുംവേനലിന്‍െറ അസ്വസ്ഥതകളില്‍ നിന്ന് രക്ഷതേടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുത്തും ഈ വനപര്‍വം. വഴിനടത്താന്‍ കരിങ്കല്‍ പാതകളും തൂക്കുപാലങ്ങളുമുണ്ട്. ഇടക്ക് വിശ്രമിക്കാന്‍ വള്ളിക്കുടിലുകളും ഇരിപ്പിടങ്ങളും. പ്രകൃതിയുടെ കരുതല്‍ പാഠങ്ങള്‍ അറിഞ്ഞും ആസ്വദിച്ചും നവ്യമായൊരു ഉദ്യാനാനുഭവം അങ്ങനെ ആര്‍ജിച്ചെടുക്കാം. നേരത്തേ· ബുക്ക് ചെയ്താല്‍ സഞ്ചാരികള്‍ക്ക് ഭക്ഷണം പാകം ചെയ്തു തരാനും സംവിധാനമുണ്ട്. ഫോണ്‍: 9446886926.
പ്രകൃതിയെ അറിയാം പഠിക്കാം പുനര്‍ജനി തേടുന്ന പ്രകൃതിയെ അറിയാനും പഠിക്കാനും വനപര്‍വം അവസരമൊരുക്കുന്നുണ്ട്. ഇന്‍റര്‍പ്രട്ടേഷന്‍ സെന്‍റര്‍ വിദ്യാര്‍ഥികള്‍ക്ക് ജൈവവൈവിധ്യ പഠനത്തിന് സൗകര്യമൊരുക്കുന്നു. ഗവേഷകര്‍ക്കും സഞ്ചാരികള്‍ക്കുമെല്ലാം പ്രകൃതി പഠന ക്യാമ്പും വനപര്‍വത്തില്‍ നടത്താം. വനം അധികൃതരാണ് ഇത് സംഘടിപ്പിക്കുന്നത്. കോഴിക്കോട് മാത്തോട്ടത്തുള്ള വനശ്രീയില്‍ അപേക്ഷ നല്‍കണം. ഒരു സംഘത്തില്‍ 40 പേര്‍ക്ക് വരെ അംഗമാകാം. രാവിലെ 10 മുതല്‍ തുടങ്ങുന്ന ക്യാമ്പില്‍ പ്രകൃതിപഠനം, ട്രക്കിങ് എന്നിവക്ക് അവസരം ലഭിക്കും. ക്യാമ്പംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഭക്ഷണവും നല്‍കും. നമ്മുടെ ഭൂമിക്കു വേണ്ടി, നാളേക്കു വേണ്ടി ആവുന്നത് ചെയ്യണമെന്ന മോഹം ജനിപ്പിക്കും ഈ വനപര്‍വം. അറിവും വിനോദവും സമന്വയിച്ചൊരു അനുഭവം സമ്മാനിച്ചാകും ഈ ഉദ്യാനം നമ്മെ യാത്രയാക്കുക.
യാത്രാമാര്‍ഗം:
കോഴിക്കോട്- വയനാട് ദേശീയപാതയില്‍ താമരശ്ശേരി കഴിഞ്ഞാണ് ഈങ്ങാപ്പുഴ. കോഴിക്കോട് നിന്ന് 40 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലായി.
പഠനക്യാമ്പിന് അപേക്ഷിക്കേണ്ടത്:
പഠനക്യാമ്പിന്‍െറ അപേക്ഷാഫോറവും മറ്റു വിവരങ്ങളും www.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.