മലമുകളിലെ ജലയാത്രകള്‍

  • വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ക്ഷണിച്ച് വൈദ്യുതി ബോര്‍ഡിന്‍െറ ഹൈഡല്‍ ടൂറിസം
  • ആധുനിക സംവിധാനങ്ങളുമായി ‘എലിഫന്‍റ്സ് എബോഡും’ ‘സണ്‍മൂണ്‍ വാലി’യും
  •  സുരക്ഷ ഉറപ്പാക്കാന്‍ സി.സി ടി.വി സംവിധാനം

ഇടുക്കിയുടെ സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍െറ അനുബന്ധ സ്ഥാപനമായ കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്‍െറ അധീനതയിലുള്ള പദ്ധതി പ്രദേശങ്ങളിലെ ജലാശയങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യവും പ്രയോജനപ്പെടുത്തി നിയന്ത്രിത വിനോദ സഞ്ചാരം പ്രാവര്‍ത്തികമാക്കുകയെന്നതാണ് ഹൈഡല്‍ ടൂറിസം സെന്‍ററിന്‍െറ പ്രഖ്യാപിത ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.
 വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളെ ഇടുക്കിയുടെ മനോഹാരിതയിലേക്ക് കൈപിടിച്ച് കൊണ്ടുപോകാനായി ഹൈഡല്‍ ടൂറിസം തയാറാക്കിയ രണ്ടു പദ്ധതിക്ക് തിങ്കളാഴ്ച ഇടുക്കിയില്‍ തുടക്കമാകും. ആനകളുടെ വിഹാര കേന്ദ്രമായ ആനയിറങ്കലില്‍ ബോട്ടിങ്ങിനും റിക്രിയേഷനുമുള്ള ‘എലിഫന്‍റ്സ് എബോഡെ’ന്ന പേരിലുള്ള പദ്ധതി സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും. തേയിലത്തോട്ടങ്ങളുടെ ഹരിതാഭയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ആനയിറങ്കല്‍ സന്ദര്‍ശകര്‍ക്ക് മാസ്മരിക നവോന്മേഷം നല്‍കുമെന്നാണ് അധികൃതരുടെ വിശ്വാസം. സൂര്യചന്ദ്രന്മാര്‍ ചക്രവാള സീമയില്‍ ഒന്നിക്കുന്നതിനാല്‍ ‘സണ്‍മൂണ്‍ വാലി’ എന്നറിയപ്പെടുന്ന മാട്ടുപ്പെട്ടിയിലെ പദ്ധതിയും ഒപ്പം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വിനോദത്തോടൊപ്പം വിജ്ഞാനവും ചരിത്രവും സമ്മേളിക്കുക വഴി വ്യത്യസ്തവും ആകര്‍ഷകവുമാണ് ഹൈഡല്‍ ടൂറിസത്തിന്‍െറ ഓരോ പദ്ധതികളും. മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ-സ്വിസ് ഫാം
കാണാനത്തെുന്നവരെ സംബന്ധിച്ചിടത്തോളം സണ്‍മൂണ്‍വാലി ഇരട്ടിമധുരമാകും.
പദ്ധതി പ്രദേശം മുഴുവനും പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ‘ബഗ്ഗി’ കാറുകള്‍ ഏര്‍പ്പെടുത്തിയത് ഇതിന്‍െറ ഭാഗമാണ്. അതീവ സുരക്ഷാ മേഖലയില്‍പെടുന്ന വൈദ്യുതി ബോര്‍ഡിന്‍െറ പദ്ധതി പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക സി.സിടി.വി കാമറ മുഴുവന്‍ നേരവും പ്രവര്‍ത്തിക്കും. വകുപ്പ് മന്ത്രിക്കും ബോര്‍ഡ് ചെയര്‍മാനും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേണമെങ്കില്‍ മൊബൈല്‍ ഫോണിലൂടെ പ്രത്യേക പാസ്വേഡ് ഉപയോഗിച്ച് നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.
മാട്ടുപ്പെട്ടിയില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സുകള്‍ ആര്‍ക്കിടെക്ടുമാര്‍ മനോഹരമായി പുനര്‍നിര്‍മിച്ച് 12 സ്വതന്ത്രമുറികളാക്കി മാറ്റി വിനോദ സഞ്ചാരികള്‍ക്ക് താമസസൗകര്യവും തയാറായിട്ടുണ്ട്. ഹാരിസണ്‍ മലയാളവുമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ച് ബോട്ടിങ് അടക്കമുള്ള സൗകര്യവും ഇവിടെ വര്‍ധിപ്പിച്ചു. കൂടാതെ റിസര്‍വോയറിലുണ്ടായിരുന്ന മരക്കുറ്റികള്‍ പിഴുത് മാറ്റി ബോട്ടിങ് സുഗമമാക്കി. ഇങ്ങനെ ലഭിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള വേരുകള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശില്‍പങ്ങള്‍
പദ്ധതി പ്രദേശത്ത് വിന്യസിച്ചത് ശ്രദ്ധേയമാണ്. മൂന്നു ഫുഡ് കോര്‍ട്ടും വലിയ വാഹനങ്ങളടക്കം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും  ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. വിപുലമായ ടോയ്ലറ്റ് സൗകര്യവും  ഒരുക്കിയിട്ടുണ്ട്. ഹൈഡല്‍ ടൂറിസം വെബ്സൈറ്റ് ഉദ്ഘാടനവും വേഴാമ്പലിന്‍െറ ചിത്രമടങ്ങിയ ലോഗോയുടെ പ്രകാശനവും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തിങ്കളാഴ്ച നിര്‍വഹിക്കുമെന്ന് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആര്‍. രമേശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.