കടലിനടിയിൽ അദ്ഭുതങ്ങൾ ഒളിപ്പിച്ച്​ ദഹബാൻ; ഇത്​ സൗദിയിലെ വിസ്​മയങ്ങളുടെ കലവറ

യാത്ര ഇഷ്​ടപ്പെടാത്തവരായി ആരും തന്നെയില്ല എന്നുപറയുന്നതാകും ശരി. ആ യാത്ര കൗതുകങ്ങളും വിസ്മയങ്ങളും നിറഞ്ഞതാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നമുക്കിടയിൽ ചെറിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്ന ഒത്തിരി പേരുണ്ട്. ചിലതൊക്കെ നമ്മുടെ വിരൽതുമ്പിലുണ്ടാകും. അല്ലെങ്കിൽ നമുക്ക് എത്തിപ്പിടിക്കാൻ പറ്റുന്ന ഇടത്താകും. പക്ഷേ, നമ്മളതറിയുന്നില്ല എന്നു മാത്രം. ചെറുപ്പം മുതലേ സ്വപ്നങ്ങളിലുണ്ടായിരുന്ന ഒന്നാണ് കടലി​െൻറ ആഴങ്ങളിൽ സഞ്ചരിക്കുക എന്നത്. മുത്തും ചിപ്പിയും പവിഴപ്പുറ്റുകളും പലനിറത്തിലുള്ള മത്സ്യങ്ങളുമെല്ലാം നിറഞ്ഞ പ്രകൃതിയുടെ അക്വോറിയമാണ് കടൽ.

കാത്തിരിപ്പിനൊടുവിൽ ആ അവസരം എന്നെ തേടിയെത്തി. പ്രവാസിയുടെ ഒഴിവുദിവസങ്ങളിലെ പ്രധാന കൂട്ട് അവനവ​െൻറ മൊബൈൽ ഫോൺ മാത്രമാണല്ലോ. കൂട്ടിലടക്കപ്പെട്ട കിളികളെ പോലെ ആവാതെ ഇടക്കൊക്കെ ഒന്ന് പറക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെ കാണുന്ന കാഴ്ചകളും അതിലൂടെ ലഭിക്കുന്ന ആനന്ദവും സന്തോഷവും ഒന്ന് വേറെത്തന്നെയാണ്.


കടലിനടിയിലെ വർണക്കാഴ്ചകൾ കാണാൻ ഒഴിവുദിവസമായ വെള്ളിയാഴ്ച തന്നെ തെരഞ്ഞെടുത്ത് അതിരാവിലെ തന്നെ കൂടെ ജോലിചെയ്യുന്ന സുഹൃത്തുക്കളോടൊപ്പം യാത്രതിരിച്ചു. ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്ന് 25 കി.മീറ്റർ ദൂരമെയുള്ളൂ. ഇത്രയും കാലം ഇവിടെ ഉണ്ടായിട്ടും നമ്മൾ ഒരുപാട് വൈകിപ്പോയില്ലേ. സൗദിയിലെ ജിദ്ദയിൽനിന്ന് മദീന റൂട്ടിൽ റാഹേലി പെട്രോൾ പമ്പ് കഴിഞ്ഞ ഉടനെ എക്സിറ്റ്‌. എന്നിട്ട് ദഹബാൻ റൂട്ടിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ ലക്ഷ്യസ്ഥാനത്തെത്താം.

കാണാൻ പോകുന്ന കാഴ്ചകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് യാത്ര. അവശ്യസാധന സാമഗ്രികൾ എല്ലാം നേരത്തേ തന്നെ കരുതിയിരുന്നു. കാര്യമായിട്ട് വേണ്ടത് സ്​നോർക്കലിങ്ങിനുള്ള കണ്ണടയാണ്. അതില്ലാതെ പോയിട്ട് കാര്യമില്ല. പിന്നെ കാലിൽ ഷൂ ധരിക്കുന്നതും നല്ലതാണ്. കണ്ണട ഒന്നുകിൽ ഓൺലൈൻ വഴി ഓർഡർ ചെയ്യാം. അല്ലെങ്കിൽ ജിദ്ദയിലെ അബുഹുർ ഭാഗത്തുള്ള ഒരുവിധം ഷോപ്പുകളിൽ എല്ലാം ലഭ്യമാണ്. പൊതുവെ ഇത്തരം സാധനങ്ങൾ ജിദ്ദയിൽ സുലഭമാണ്. എവിടെ പോയാലും വാങ്ങാൻ കഴിയും.


വെള്ളത്തിലിറങ്ങിയാൽ വിശപ്പ് വില്ലനാകും. അതുകൊണ്ട്‌ പോകുന്നവഴിക്ക് നല്ല ചൂടുപൊറോട്ടയും ബീഫും പാർസൽ വാങ്ങി. ഒരു സുഹൃത്തിനെ റുവൈസിൽനിന്നും എടുക്കേണ്ടതുകൊണ്ട് അവിടെനിന്നാണ് ഭക്ഷണ സാധനം വാങ്ങിയത്. നമ്മൾ പോകുന്ന സ്ഥലത്ത് കടകൾ ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ട് ഭക്ഷണം കരുതുകയോ കഴിച്ചുവരുകയോ ചെയ്യുക.

നേരെ കടപ്പുറം ലക്ഷ്യമാക്കി പിടിച്ചു. അങ്ങനെ പെെട്ടന്ന് ആർക്കും കണ്ടുപിടിക്കാൻ പറ്റുന്ന സ്ഥലമല്ല. വണ്ടി പാർക്ക് ചെയ്ത് കുറച്ചു നടക്കാനുണ്ട്. കഴിയുന്നതും രാവിലെ നേരത്തേ വരുന്നത് നന്നായിരിക്കും. അതാകു​േമ്പാ വെയിൽ ചൂടാകുന്നതിനുമുമ്പ് തിരിച്ചുപോകാം. അധികം ക്ഷീണവും അനുഭവപ്പെടില്ല.


നല്ല പൊടിക്കാറ്റുണ്ട്. ഭക്ഷണം എങ്ങനെ കഴിക്കും എന്നതിൽ ആശങ്കയും. കടലി​െൻറ അടിത്തട്ടു കാണാനുള്ള കൗതുകം കൊണ്ടാകണം, എല്ലാവരും വേഗം ഭക്ഷണം കഴിക്കാൻ ഒരുങ്ങി. ചെറിയ കാറ്റ് ഉള്ളതുകൊണ്ട് മണൽതരികളെ ഭയന്നുള്ള തീറ്റയായിരുന്നു. അതുകൊണ്ട്‌ എല്ലാവരും പെെട്ടന്ന് സംഗതി അകത്താക്കി.

പിന്നെ വസ്​ത്രമെല്ലാം മാറ്റി കാലിൽ ഷൂ ധരിച്ചു. കണ്ണടയും വെച്ച് ഇറങ്ങി. മണൽതരികളിൽ കാലുപതിഞ്ഞതും ചെറു തിരമാലകൾ തലോടിത്തുടങ്ങി. അതിരാവിലെ ആയതുകൊണ്ടാകാം വെള്ളത്തിന് നല്ല തണുപ്പ്‌. പതുക്കെ നടക്കാനേ പറ്റൂ, ആഴം കുറവാണ്. പാറക്കെട്ടുകളിൽ സൂക്ഷിച്ചുവേണം നടക്കാൻ. കണ്ണുകൾ കാഴ്ചകൾ കാണാൻ കൊതിക്കുന്നു. മനസ്സിൽ ആകാംക്ഷയുടെ പുതുമഴ പെയ്തിറങ്ങുന്നു.


വെള്ളത്തിനടിയിലേക്ക് താഴ്ന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. പല നിറങ്ങളിലുള്ള പുറ്റുകൾ, പല തരത്തിലുള്ള മത്സ്യങ്ങൾ തലങ്ങും വിലങ്ങും നമ്മുടെ മൂക്കിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പായുന്നു. ശരിക്കും ത്രില്ലടിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരമൊരിടത്ത് പോയില്ലെങ്കിൽ അത് വൻ നഷ്​ടമാകും, തീർച്ച. തീരെ ആഴമില്ല എന്നതാണ് ഇവിടത്തെ പ്രത്യേകത.

എങ്കിലും നീന്തൽ അറിയാത്തവരെ പ്രോത്സാഹിപ്പിക്കുന്നില്ല. നമ്മുടെ അരക്കു കീഴ്പോട്ടെ വെള്ളമൂള്ളൂ. അതുകൊണ്ടുതന്നെ ആസ്വദിച്ചു കാണാനും സാധിക്കും. നീന്തൽ അറിയാത്തവർ ഇവിടെ പോകരുത്. ആഴമില്ലെങ്കിലും കടൽ എല്ലായ്​​പ്പോഴും ഒരുപോലെ ആകണമെന്നില്ല.


കാലിൽ ഷൂ ധരിക്കാനും മറക്കണ്ട. പാറക്കെട്ടുകളിൽ തട്ടി കാല് മുറിയാൻ സാധ്യതയുണ്ട്. ആഴങ്ങളിലേക്കുപോയി അപകടം ക്ഷണിച്ചുവരുത്താതിരിക്കുക. കാരണം, നമ്മളെ ശ്രദ്ധിക്കാനും നിയന്ത്രിക്കാനും അവിടെ ആരും തന്നെയില്ല.


Tags:    
News Summary - Dahaban hides wonders under the sea; This is a storehouse of wonders in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT