കുവൈത്തിലെ ദേശാടനക്കാലം

17,818 sq km(6,880 sq mi) മാത്രം വിസ്തൃതി ഉള്ള ചെറിയ രാജ്യമാണ് കുവൈത്ത്. എന്നാൽ ഭൂമിശാസ്ത്രപരമായി ഉള്ള ഇതിന്റെ സവിശേഷത കൊണ്ട് പ്രമുഖമായ പക്ഷികളുടെ രണ്ടു ദേശാടനപാത ഈ രാജ്യത്തിൽ കൂടെയാണ് കടന്നുപോകുന്നത്, മുഖ്യമായും രണ്ടു സീസണിൽ ആയാണ് ഇവിടെ ദേശാടന പക്ഷികൾ വിരുന്നു വരുന്നത് സെപ്റ്റംബർ മുതൽ മെയ് വരെ ഉള്ള ദേശാടനവും, വസന്തകാലത്തു ഇതേ പക്ഷികളുടെ സ്വന്തം വാസസ്ഥലേക്കുള്ള തിരിച്ചു പറക്കലും, കുറച്ചു പക്ഷികൾ ഒഴിച്ചുള്ളവ അവരുടെ ദേശാടന പാതയിലെ ഒരു വിശ്രമ കേന്ദ്രം ആയിട്ടാണ് കുവൈത്തിനെ കാണുന്നത്, ചെറുതും വലുതുമായ റാപ്റ്ററുകൾ ആണ് ഇവയിൽ മുഖ്യം. മരുഭൂമിയിൽക്കൂടെയുള്ള ഇവയുടെ ദേശാടനമാണ് ഇവയിൽ വലുത്.

യൂറോപ്പിൽ നിന്നും ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ആഫ്രിക്കയിലേക്കുള്ള ഇവരുടെ യാത്രയാണ് ഇതിൽ പ്രധാനം. ഇവയെ കൂടാതെ കുവൈറ്റിൽ കൂടെ ദേശാടന പാതയുള്ള പക്ഷികൾ ആണ് വീറ്റ്ഇയറുകൾ . ശരത്കാല ദേശാടന പക്ഷികളുടെ യാത്രയിൽ മിക്കവയും കുവൈറ്റിൽ ഇറങ്ങാതെ രാത്രി കാലങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ പോകുന്നതും പതിവാണ് ഇതിനു മുഖ്യ കാണണം ഈ സീസണിലെ ഇവിടുത്ത വരണ്ട ചൂടുള്ള കാലാവസ്ഥയാണ്. വസന്ത കാലത്തുള്ള തിരിച്ചു പോകുന്ന പക്ഷികൾ മിക്കവയും സ്വദേശത്തു ചെന്ന് പ്രജനനം നടത്താൻ ഉള്ള യാത്രയിൽ ആയതു കൊണ്ട് തന്നെ ഒരാഴ്ചയിൽ കൂടുതൽ കുവൈത്തിൽ തങ്ങാറില്ല , മെയ് അവസാനത്തോട് കൂടി തന്നെ മിക്ക ദേശാടന പക്ഷികളും ഇവിടം വിട്ടു പോകുകയും ചെയ്യും. എന്നാൽ ഇവയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു കൂട്ടരാണ് ശൈത്യകാലം ചിലവഴിക്കാനായി കുവൈറ്റിൽ എത്തുന്ന നീർപക്ഷികൾ.


കുവൈത്തിലെ ശൈത്യകാല വിരുന്നുകാർ

കുവൈത്തിൽ കാലാവസ്ഥ ശരത്ക്കാലം കഴിഞ്ഞു ശൈത്യത്തിലേക്ക് കടന്നിരിക്കുന്നു. ഈ സമയത്തു ഗൾഫ് കടലിൽ ഉണ്ടാകുന്ന പ്ലവകങ്ങളും അതിനോടനുബന്ധിച്ചു എത്തുന്ന മീനും ഇവിടത്തെ ജൈവവ്യവസ്ഥയെ ഈ പക്ഷികൾക്ക് അനുകൂലമാക്കുന്നു. ഈ അനുകൂല ഘടകങ്ങൾ ഉപയോഗപ്പെടുത്താൻ ആയിരകണക്കിന് എണ്ണത്തിൽ ഇവിടെ എത്തുന്ന പക്ഷികളിൽ പ്രധാനപെട്ടതാണ് വലിയ അരയന്ന കൊക്ക് അഥവാ ഗ്രെയ്റ്റർ ഫ്ളമിംഗോ.

ഫ്ളമിംഗോ

കുവൈത്തിലേക്കുള്ള ഫ്ളമിംഗോകളുടെ ദേശാടനം പ്രസിദ്ധമാണ്. ആയിരങ്ങളുടെ കൂട്ടമായി എത്തുന്ന ഇവ ലക്‌ഷ്യം വെക്കുന്നത് ഈ സമയത്തു ഇവിടെ കടലിൽ പ്രത്യക്ഷപ്പെടുന്ന ആൽഗകൾ ആണ്.

പക്ഷി ലോകത്തിൽ തന്നെ ഏറ്റവും വ്യത്യസ്തമായ ഘടനയുള്ള പക്ഷിയാണ് ഫ്ളമിംഗോ അഥവാ അരയന്ന കൊക്ക്. നനുനനുത്ത പിങ്ക് നിറത്തിലുള്ള തൂവലുകളും മുളംകമ്പ്‌ വെച്ച് കെട്ടിയപോലത്തെ നീളമേറിയ കാലും, ബൂമറാങ് പോലെ ഉള്ള കൊക്കും ആണ് ഇവയ്ക്കുള്ളത്. കുട്ടികളെ പാലയൂട്ടുന്ന അപൂർവം പക്ഷികളിൽ ഒന്നാണ് ഇവ, അതുകൊണ്ടു തന്നെ ഇവയുടെ ഏറ്റവും അടുത്ത പരമ്പരാഗത ബന്ധു ഇതേ സവിശേഷതയുള്ള പ്രാവുകളാണ്.


ജനിക്കുമ്പോൾ മങ്ങിയ വെള്ള നിറത്തിലുള്ള ഇവ രണ്ടു മുതൽ മൂന്ന് കൊല്ലംകൊണ്ടാണ് പിങ്ക് നിറം കൈവരിക്കുന്നത്. ഈ നിറം ഇവ ആർജിക്കുന്ന ഇവ വെള്ളത്തിൽ നിന്നും അരിച്ചു കഴിക്കുന്ന പായലുകളിൽ നിന്നും അകശേരുകികൾ നിന്നുമാണ്. ലോകമൊട്ടുക്ക് ആറുതരം ഫ്ളമിംഗോ ഉള്ളതിൽ ഇവിടെ എത്തുന്നത് ഗ്രെയ്റ്റർ ഫ്ളമിംഗോ എന്ന വലിയ അരയന്ന കൊക്കാണ്, ഇടക്ക് അത്യപൂർവമായി ചെറിയ അരയന്ന കൊക്കും വരാറുണ്ട് എന്നാൽ ഒന്നോ രണ്ടോ എണ്ണത്തിൽ കൂടുതൽ ഇവയെ കാണാറില്ല.

(കോഴിക്കോട് തോട്ടുമുക്കം സ്വദേശിയായ ലേഖകൻ കഴിഞ്ഞ 12 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്നു. കുവൈത്തിൽ ഏറ്റവും അധികം പക്ഷികളെ കണ്ടെത്തിയ പട്ടികയിൽ ആദ്യ പത്തിൽ ഒരാളാണ്.)

Tags:    
News Summary - Bird migration season in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT