തെന്മല ഡാം വിഴുങ്ങിയ ബംഗ്ളാവിന് വരള്‍ച്ചയില്‍ പുനര്‍ജനി

കൊല്ലം: പഴമയുടെ ഓര്‍മകള്‍ മുങ്ങിത്താണ ഡാമില്‍നിന്ന് മുപ്പതാണ്ടുകള്‍ക്കുശേഷം ‘ബ്രിട്ടീഷ് ബംഗ്ളാവ്’ കാഴ്ചപ്പുറത്തേക്ക് ഉയര്‍ന്നുവന്നു. കൊടുംവേനലില്‍ വറ്റിവരണ്ട തെന്മല ഡാമിന്‍െറ ജലസംഭരണിക്കുള്ളിലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മുങ്ങിപ്പോയ ബ്രിട്ടീഷ് നിര്‍മിത ബംഗ്ളാവ് തെളിഞ്ഞുവന്നത്.
എര്‍ത്ത്ഡാമില്‍നിന്ന് മൂന്ന് കി.മീ. ദൂരെയാണ് ഈ അദ്ഭുതം. 45 മിനിറ്റോളം കുന്നും താഴ്വാരവും സാഹസികമായി താണ്ടി വേണം ബംഗ്ളാവിലെത്താന്‍. ഡാം വറ്റിവരണ്ടതോടെ ഒരാഴ്ച മുമ്പാണ് ബംഗ്ളാവിന്‍െറ ഭാഗങ്ങള്‍ കണ്ടുതുടങ്ങിയത്. യക്ഷിക്കഥകളെ അനുസ്മരിപ്പിക്കുംവിധം ബംഗ്ളാവ് പതിയെപ്പതിയെ ജലസമാധിയില്‍നിന്ന് ഉയരുകയായിരുന്നു.
1886-87 കാലഘട്ടത്തിലാണ് ബ്രിട്ടീഷ് വ്യവസായി ആയിരുന്ന ടി.ജെ. കാമറൂണ്‍ ബംഗ്ളാവ് നിര്‍മിച്ചത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ കാമറൂണിന് പുനലൂരില്‍ പേപ്പര്‍മില്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനായെത്തിയ കാമറൂണ്‍ താമസത്തിനും ബിസിനസ് ആവശ്യത്തിനുമായാണ് പഴയ തിരുവനന്തപുരം-ചെങ്കോട്ട റോഡിന്‍െറ അരികില്‍ കൂറ്റന്‍ ബംഗ്ളാവ് നിര്‍മിച്ചത്. ഇഷ്ടികയും സുര്‍ക്കിയും ഉപയോഗിച്ചാണ് 15 മുറികളുള്ള ബംഗ്ളാവിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വലിയ ജനാലകളില്‍ ഗ്ളാസാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ‘കണ്ണാടി ബംഗ്ളാവെ’ന്നാണ് നാട്ടുകാരിതിനെ വിളിച്ചിരുന്നതെന്ന് രേഖകള്‍ പറയുന്നു. പേപ്പര്‍മില്ലിലേക്കാവശ്യമുള്ള ഈറ്റ തെന്മലയില്‍നിന്ന് കാളവണ്ടിയിലായിരുന്നു പുനലൂരിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിന്‍െറ മേല്‍നോട്ടത്തിനായിരുന്നു ബംഗ്ളാവ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. 1972 ല്‍ ബംഗ്ളാവ് ഉള്‍പ്പെടുന്ന പ്രദേശം വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്പ്രകാരം സംസ്ഥാന വനംവകുപ്പ് ഏറ്റെടുത്തു. പിന്നീട് കുറച്ചുകാലം കല്ലട ജലസേചനപദ്ധതിയുടെ സര്‍വേ ഓഫിസായി ഇത് പ്രവര്‍ത്തിച്ചു. 1983 ല്‍ തെന്മല ഡാം നിര്‍മാണം നടക്കുമ്പോള്‍ത്തന്നെ ബംഗ്ളാവ് ഉള്‍പ്പെടുന്ന പ്രദേശം മുങ്ങിത്താഴുമെന്ന ഉറപ്പില്‍ വാതിലുകളും ജനലുകളും ഉള്‍പ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ലേലംചെയ്തിരുന്നു. 1984ല്‍ ഡാം കമീഷന്‍ ചെയ്തതോടെ ബംഗ്ളാവ് ഉള്‍പ്പെടുന്ന പ്രദേശം പൂര്‍ണമായി മുങ്ങിത്താഴ്ന്നു.
ബംഗ്ളാവ് മുങ്ങിയശേഷം ആദ്യമായാണ് ഉയര്‍ന്നുവരുന്നത്. 30 വര്‍ഷം ജലത്തിനടിയില്‍ കിടന്നിട്ടും ബംഗ്ളാവിന് വലിയ രൂപമാറ്റൊന്നും സംഭവിച്ചിട്ടില്ല. മലകള്‍ക്കുതാഴെ താഴ്വരയില്‍ പഴമയെ ഓര്‍മിപ്പിച്ച് ആ കെട്ടിടം നിവര്‍ന്നുനില്‍ക്കുകയാണ്. മഴ വരുന്നതോടെ ബംഗ്ളാവ് വീണ്ടും ജലസമാധിയിലാകും. അതിനുമുമ്പ് ‘കണ്ണാടിബംഗ്ളാവ്’നെ ദര്‍ശിക്കാന്‍ ചരിത്രകുതുകികള്‍ ഇവിടേക്കെത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.