മസ്കത്ത്: ഒരു ഭൂഖന്ധം മുഴുവന്‍ പൊരിഞ്ഞ വേനലില്‍ കത്തിയെരിയുമ്പോള്‍ പ്രകൃതിയുടെ വരദാനമായ സലാല ചാറല്‍ മഴയില്‍ തണുത്ത് വിറക്കുന്നു. ഒരാഴ്ചയായി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഐന്‍ ദര്‍ബാത്ത്, ഐന്‍ അസ്വം, ഐന്‍ ഹയൂത്ത്, ഐന്‍ തബറുഖ് തുടങ്ങിയ അരുവികള്‍ കാഴ്ച കാരുടെ മനം കവര്‍ന്ന് നിറഞ്ഞൊഴുകാന്‍ തുടങ്ങി. കഴിഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്കുള്ളിലെ മികച്ച കാലാവസ്ഥയാണ് ഈ സീസണില്‍ അനുഭവപ്പെടുന്നതെന്ന് സലാലക്കാര്‍ പറയുന്നു.
സലാല നഗരത്തില്‍ നിന്ന് 50 കിലോ മീറ്റര്‍ ചുറ്റളവില്‍ ത്വാഖാ, മര്‍ബാത്ത് റൂട്ടിലാണ് ഈ അരുവികളില്‍ അധികവും കാഴ്ചക്കാര്‍ക്ക് വസന്തം സൃഷ്ടിക്കുന്നത്. സാധാരണ സീസണുകളില്‍ മഴയുണ്ടാവാറുണ്ടെങ്കിലും തുടര്‍ച്ചയായി പെയ്യുന്നത് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഒരാഴ്ചയായി രാവിലെ മുതല്‍ തന്നെ മഴ പെയ്യുന്നു. പരക്കെ മഞ്ഞുമുടുകയും ചെയ്തതോടെ സലാല ടുറിസ്റ്റുകളൂടെ മനം നിറക്കുകയാണ്. മൂടല്‍ മഞ്ഞ് നിറഞ്ഞതിനാല്‍ റോഡുകള്‍ കാണാനും പ്രയാസമാണ്. ഇത്തരം റോഡുകളിലൂടെ പരിചയമില്ലാത്തവര്‍ വാഹനമോടിക്കുന്നത് അപകട സാധ്യത കൂട്ടുന്നുവെന്നും സലാലയില്‍ 23 വര്‍ഷമായി താമസക്കാരനായ വടകര സ്വദേശി അന്‍വര്‍ പറയുന്നു. ഈ വര്‍ഷം ഖത്തര്‍, ബഹ്റൈന്‍, ദുബൈ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. റൂമുകള്‍ കിട്ടാനുണ്ടെങ്കിലും വാടക വര്‍ദ്ധിച്ചു തുടങ്ങി. നല്ല കാലാവസ്ഥയായതിനാല്‍ സന്ദര്‍ശകരുടെ വന്‍ ഒഴുക്ക് തന്നെ ഈ സീസണില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സലാലയില്‍ മഴയും നല്ല കാലാവസ്ഥയുമുള്ളത് തങ്ങള്‍ക്ക് അനുഗ്രഹമാവുമെന്ന് സലാല നഗരത്തില്‍ ഇളനീര്‍, തേങ്ങ, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവ കച്ചവടം നടത്തുന്ന വടകര, പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷന്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷന്‍ സലാലയില്‍ നല്ല കാലാവസ്ഥ ലഭിച്ചതിലുളള ആവേശത്തിലാണ്. ഈ വര്‍ഷം കച്ചവടം പൊടിപെടിക്കുമെന്നാണ് പ്രതീക്ഷ. റമദാന്‍ ആയിട്ടും ഇപ്പോള്‍ സന്ദര്‍ശകര്‍ എത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സന്ദര്‍ശകര്‍ കുടുതലാണ്. ഫെസ്റ്റിവല്‍ പെരുന്നാള്‍ അവധിയോടനുബന്ധിച്ച് ആരംഭിക്കുന്നതിനാല്‍ മുന്‍ വര്‍ഷത്തെക്കാര്‍ കൂടുതല്‍ സന്ദര്‍ശകര്‍ ഈ വര്‍ഷമെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.