തൊടുപുഴ: സന്ദർശനത്തിനെത്തുന്ന സഞ്ചാരികളിൽനിന്ന് ആഗസ്റ്റ് മുതൽ ഹരിത സെസ് ഈടാക്കാനൊരുങ്ങി മൂന്നാർ പഞ്ചായത്ത്. ദേവികുളം പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, മൂന്നാർ -തേനി, മൂന്നാർ-ഉടുമൽപേട്ട അന്തർ സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് നടപടിയാരംഭിച്ചു.
തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളിൽ ഏറിയ പങ്കും ദേവികുളം പഞ്ചായത്ത് പരിധിയിലെ പാതയിലൂടെയാണ് മൂന്നാറിലെത്തുന്നത്. ഈ സാഹചര്യത്തിലാണ് ദേവികുളം പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. മൂന്നാർ പഞ്ചായത്തിന് ഒരു വർഷം മാലിന്യ നിർമാർജനത്തിന് രണ്ടു കോടിയോളം ചെലവാകുന്നുണ്ട്. ഇതിന്, തനത് ഫണ്ടിൽനിന്ന് പണം കണ്ടെത്തുന്നതിനാണ് ഹരിത സെസ് പദ്ധതി നടപ്പാക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് മാതൃകയിൽ ഫീസ് ഈടാക്കാനാണ് പദ്ധതി. തുക നിശ്ചയിച്ചിട്ടില്ലെന്നും ചെറിയ തുക മാത്രമേ സഞ്ചാരികൾക്ക് നൽകേണ്ടി വരുകയുള്ളൂവെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ പറഞ്ഞു.
30ൽ കൂടുതൽ യാത്രക്കാരുമായി വരുന്ന വാഹനങ്ങൾ മറ്റെവിടെയങ്കിലും പാർക്ക് ചെയ്യണമെന്ന നിർദേശമാണ് ദേവികുളം പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. അവിടെനിന്ന് ചെറിയ വാഹനങ്ങളിൽ മാട്ടുപ്പെട്ടിയിൽ എത്തണം. ചെറിയ വാഹനങ്ങൾക്കുള്ള തുക പഞ്ചായത്ത് നിശ്ചയിക്കും. സഞ്ചാരികൾ മാട്ടുപ്പെട്ടി ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.