ബേക്കൽ കോട്ട

സഞ്ചാരികളെയും കാത്ത്​ ബേക്കൽ

ഉദുമ: ആറുമാസത്തെ അടച്ചിടലിനുശേഷം ബേക്കൽ കോട്ട സന്ദർശകർക്കായി തുറന്നുകൊടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബേക്കൽ കോട്ട സന്ദർശകർക്കായി തുറന്നുകൊടുത്തത്. ചരിത്ര പ്രസിദ്ധമായ ടൂറിസ്​റ്റ്​ കേന്ദ്രം എന്ന നിലയിൽ, ബേക്കൽ കോട്ടയിലെത്തുന്ന സഞ്ചാരികൾ കോട്ടയുടെ മഴക്കാല സൗന്ദര്യം ആസ്വദിക്കാൻ പ്രത്യേക താൽപര്യമെടുക്കാറുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ കോട്ട അടച്ചിടേണ്ടി വന്നതോടെ വിനോദ-പഠന സഞ്ചാരികൾ നിരാശയിലായിരുന്നു. കർശന ഉപാധികളോടെയാണ് നിലവിലെ സാഹചര്യത്തിൽ ബേക്കൽ കോട്ടയിലേക്ക് പ്രവേശനം. രാവിലെ എട്ടുമുതൽ 5.30 വരെയാണ് പ്രവർത്തന സമയം.

ഒരുസമയം നൂറിൽ കൂടുതൽ ആളുകളെ കോട്ടക്കകത്തേക്ക് കടത്തിവിടില്ല. പ്രവേശന കവാടത്തിൽ സ്​ഥാപിച്ച ക്യു.ആർ കോഡ് സ്​കാൻ ചെയ്ത്​ സഞ്ചാരികൾക്ക് പണം ഓൺലൈനായി അടക്കാം. സ്വദേശികൾക്ക് 20 രൂപയും വിദേശികൾക്ക് 250 രൂപയുമാണ് നിലവിൽ ബേക്കൽ കോട്ടക്ക്​ അകത്തുകടക്കാൻ നൽകേണ്ടത്. ജൂലൈ ആറിന് കോട്ട ഒരുദിവസം വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തുവെങ്കിലും കോവിഡ് ജില്ലയിൽ പടരുന്നത് രൂക്ഷമായതിനാൽ പിറ്റേദിവസം തന്നെ അടക്കാൻ ജില്ല കലക്ടർ ഉത്തരവിടുകയായിരുന്നു.

ടൂറിസം ഭൂപടത്തിൽ ഇടം

കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമാണ്. 1921ലാണ് അന്നത്തെ മദ്രാസ് സർക്കാർ ബേക്കൽ കോട്ടയെ പുരാവസ്തു സ്മാരകമായി പ്രഖ്യാപിച്ചത്.അറബിക്കടലി​െൻറ തീരത്ത് ചെങ്കല്ലിൽ പണിത ഈ കോട്ട 1991ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുത്തു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ രേഖകളിൽ ബേക്കൽ കോട്ടക്ക്​ 34.56 ഏക്കർ സ്ഥലമുണ്ട്. എന്നാൽ, കോട്ട സ്ഥിതി ചെയ്യുന്ന പള്ളിക്കര ഫസ്​റ്റ്​ വില്ലേജ് ഓഫിസ് രേഖകളിൽ 30.41 ഏക്കറിലാണ് എന്നാണ് കണക്ക്. 4.15 ഏക്കർ സ്ഥലം എവിടെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്.പുരാവസ്തു, റവന്യൂ വകുപ്പുകൾ ചേർന്ന് ബേക്കൽ കോട്ടയുടെ സ്ഥലത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഇനിയും ആയിട്ടില്ല.

17ാം നൂറ്റാണ്ടിൽ പണിതതായി കരുതപ്പെടുന്ന ബേക്കൽ കോട്ട ശിവപ്പ നായ്ക്കർ രാജവംശത്തിൽനിന്ന് ടിപ്പുസുൽത്താൻ പിടിച്ചടക്കുകയും തുടർന്ന് ഈസ്​റ്റ്​ ഇന്ത്യ കമ്പനി വഴി ബ്രിട്ടീഷുകാരുടെ കൈകളിലും എത്തിച്ചേർന്ന ചരിത്രസ്മാരകം കൂടിയാണ്.

സമുദ്രതീരത്ത് വൻ കോട്ടമതിലും നിരീക്ഷണ ഗോപുരങ്ങളും ഭൂമിക്കടിയിലെ തുരങ്കങ്ങളും ആയുധശേഖരം സൂക്ഷിക്കാനായുള്ള കെട്ടിടവും തുരങ്കത്തോട് ചേർന്നുള്ള കിണറും ബേക്കൽ കോട്ടയെ മറ്റു കോട്ടകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

കൂടുതൽ സ്​റ്റോപ്പ്​ വേണം

ബേക്കൽ ഫോർട്ട്, കോട്ടിക്കുളം എന്നീ റെയിൽവേ സ്​റ്റേഷനുകളാണ് ബേക്കൽ കോട്ടയോട് ചേർന്നുനിൽക്കുന്ന രണ്ട് റെയിൽവേ സ്​റ്റേഷനുകൾ.എന്നാൽ, ഈ റെയിൽവേ സ്​റ്റേഷനുകളിൽ ഏതാനും എക്സ്പ്രസ് ട്രെയിനുകൾക്ക് മാത്രമാണ് സ്​റ്റോപ് അനുവദിച്ചിട്ടുള്ളത്. ഇതാണ് സഞ്ചാരികൾക്ക് ബേക്കൽ കോട്ടയിൽ എത്താൻ പ്രധാന തടസ്സം. 

കോട്ടയിലെ കോവിഡ് മാനദണ്ഡങ്ങള്‍

-വിലാസവും മൊബൈൽ നമ്പറും അടക്കം പേര് രജിസ്​റ്റർ ചെയ്യണം

-ക്യു.ആർ കോഡ് സ്കാന്‍ ചെയ്ത് ഓൺലൈൻ മാർഗങ്ങളിലൂടെ പ്രവേശന ഫീസ് അടക്കുക

-സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക

-തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശരീരോഷ്മാവ് പരിശോധന കഴിഞ്ഞാൽ കോട്ടക്കുള്ളിൽ പ്രവേശിക്കാം

-15 വയസ്സുവരെയുള്ളവർക്ക് ടിക്കറ്റ്‌ വേണ്ട.

-വൈകീട്ട് അഞ്ചരവരെയാണ് ടിക്കറ്റ് നൽകുന്നത്.

-ആറുമണിയോടെ മുഴുവൻ സന്ദർശകരെയും പുറത്തിറക്കും.

Tags:    
News Summary - Bekal Fort is open to tourist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.