കാഴ്ചകളും അനുഭവങ്ങളും ഏറെ; ഇന്ത്യൻ സഞ്ചാരികളെ സ്വാഗതം ചെയ്ത് ആഫ്രിക്കൻ ദ്വീപ് രാജ്യം

ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പരസ്യ കാമ്പയിൻ അവതരിപ്പിച്ച് മൗറീഷ്യസ്. 'വേർ എൽസ് ബട്ട് മൗറീഷ്യസ്' എന്ന പേരിലാണ് ഉദ്യമം ആരംഭിച്ചിരിക്കുന്നത്. മൗറീഷ്യസിനെ ഇന്ത്യക്കാരുടെ ജനപ്രിയ യാത്രാ കേന്ദ്രമാക്കി മാറ്റാൻ വിവിധ ടാർഗെറ്റ് ഗ്രൂപ്പുകൾ ഉൾക്കൊള്ളിച്ച് വ്യത്യസ്ത ഭാവങ്ങളോട് കൂടിയതും വൈവിധ്യമാർന്ന ഓഫറുകൾ ഉൾക്കൊള്ളിച്ചുമുള്ള പരസ്യ കാമ്പയിനാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ മാർക്കറ്റിങ് കാമ്പയ്‌നിന്റെ പ്രാഥമിക ലക്ഷ്യം ഇന്ത്യൻ സഞ്ചാരികളെ ആർഷിക്കുക എന്നതാണ്. അതിനായി കാമ്പയ്നിന്‍റെ ആദ്യ ഘട്ടത്തിൽ രാജ്യത്തിന്റെ സുസ്ഥിരമായ ടൂറിസം രീതികളെയും മറ്റു പ്രവർത്തനങ്ങളെ കുറിച്ചും മൗറീഷ്യസിലെ വൈവിധ്യങ്ങളാർന്ന സ്ഥലങ്ങളിലെ സാഹസികത, വന്യജീവികൾ, പ്രകൃതി, രുചിവൈവിധ്യങ്ങൾ, സംസ്കാരം, പൈതൃകം എന്നിവയെ കുറിച്ചും സമൂഹ മാധ്യമങ്ങളിലൂടെ അവബോധം നൽകും. സെലിബ്രിറ്റികൾ, മാധ്യമങ്ങൾ, ട്രാവൽ ഏജന്റുമാർ, ഇവന്‍റ് മാനേജ്മെന്‍റ്, സിനിമാ നിർമാതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചത്.

നീണ്ടുകിടക്കുന്ന അതിമനോഹരമായ വെളുത്ത മണൽ ബീച്ചുകൾ, തെളിഞ്ഞതും വൈഡൂര്യം പോലെ നീല നിറത്തിലുമുള്ള കടൽ വെള്ളം, പ്രകൃതിദത്ത തടാകങ്ങൾ, അതിശയകരവും വൈവിധ്യവുമാർന്ന സമുദ്രജീവികൾ എന്നിവയാൽ മൗറീഷ്യസ് സമ്പന്നമാണ്. കൂടാതെ സാഹസിക പ്രേമികൾക്കായി സ്കൈ ഡൈവിങ്, ബൈക്കിങ്, സിപ്‌ ലൈനിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ്, ഹെലികോപ്റ്റർ, സീ പ്ലെയിൻ യാത്രകൾ എന്നിങ്ങനെയുള്ള ആവേശകരമായ വിനോദങ്ങളും മൗറീഷ്യസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഭക്ഷണ പ്രേമികളെ വരവേൽക്കാൻ ആകർഷകവും രുചികരവുമായ വിഭവങ്ങളും ദ്വീപ് ഒരുക്കിയിട്ടുണ്ട്.

ടൂറിസം ബോർഡ് പ്രചാരണ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മെട്രോകളിലേക്കും വൻ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മൗറീഷ്യസ് ടൂറിസം പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ അരവിന്ദ് ബുന്ദുൻ പറഞ്ഞു. ഇന്ത്യൻ യാത്രക്കാരെ മൗറീ‍ഷ്യസിലേക്ക് സ്വാഗതം ചെയ്യാൻ വിവിധ മേഖലകളെ ഉൾപ്പെടുത്തി കാമ്പെയ്‌ൻ നടത്താൻ പദ്ധതിയുണ്ടെന്നും പരസ്യ കാമ്പയ്‌ൻ ഉടനടി സന്ദർശകരുടെ വരവ് സൃഷ്ടിക്കുകയല്ല, മറിച്ച് വരും വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽനിന്ന് സുസ്ഥിരമായ വളർച്ചക്ക് അത് പ്രചോദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക സസ്യജന്തുജാലങ്ങളുടെ സമ്പത്ത് ഉൾക്കൊള്ളുന്ന നിരവധി പ്രകൃതിദത്ത വിനോദ പാർക്കുകളും മൗറീഷ്യസിലുണ്ട്. അതോടൊപ്പം പൈതൃകവും സാംസ്കാരികവുമായ വിനോദ യാത്രകൾ, ഗോൾഫ്, ആരോഗ്യ പരിശീലന കേന്ദ്രങ്ങൾ, നൈറ്റ് ലൈഫ് എന്നിവയും വാഗ്ദാനം ചെയ്യുന്നു ഈ ആഫ്രിക്കൻ ദ്വീപ് രാജ്യം. 'സുരക്ഷിതരായിരിക്കുക, ഞങ്ങളുടെ അതിഥികളെ സുരക്ഷിതമായി സൂക്ഷിക്കുക' എന്നതാണ് സംഘാടകർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.

Tags:    
News Summary - Mauritius Tourism launches campaign for Indian travellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.