‘ഹോളിഡേ ഹീസ്റ്റ്’; ടൂറിസം വകുപ്പിന്‍റെ വാട്സാപ് ഗെയിമിന് കോടിയിലേറെ കാണികൾ

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റ് നമ്പറിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിന് ഒരുകോടിയിലധികം കാണികൾ. വിജയികൾക്ക്​ കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ഗെയിം.

ജൂലൈയില്‍ സംഘടിപ്പിച്ച ബിഡ്ഡിങ് ഗെയിമില്‍ 80,000ലധികം ബിഡുകളാണ് നടന്നത്. നാലര കോടിയിലധികം ഇംപ്രഷനുകള്‍ സൃഷ്ടിച്ചു. 1.3 കോടിയിലധികം കാണികളെയും നേടി. കാമ്പയിന്‍ കാലയളവില്‍ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ‘ലോവസ്റ്റ് യുനിക് ബിഡ്ഡിങ്’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം.

എ.ഐ സാ​ങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് ‘മായ’ (7510512345) ആണ് കാമ്പയിനിന് നേതൃത്വം നല്‍കിയത്. കാമ്പയിന്‍ കാലയളവില്‍ ദിവസവും പുതിയ ടൂര്‍ പാക്കേജുകളും, പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനുള്ള പുതിയ അവസരങ്ങളും നല്‍കി. ആകര്‍ഷകമായ 30 പാക്കേജുകളോടെ ഭാഗ്യശാലികള്‍ക്ക് കേരളത്തില്‍ അവധിക്കാലം സ്വന്തമാക്കാനുള്ള അവസരവും മുന്നോട്ടുവച്ചു. സമര്‍ഥമായ ബിഡ്ഡുകളിലൂടെ അഞ്ച്​ രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്.

ഹോളിഡേ ഹീസ്റ്റ് ഗെയിമിലൂടെ ടൂര്‍ പാക്കേജ് പ്രമോഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ കേരള ടൂറിസത്തിനായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകര്‍ഷിക്കാന്‍ ഗെയിമിനായി. രാജ്യത്ത് ഒരു ടൂറിസം വകുപ്പിന്‍റെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. വിനോദസഞ്ചാര വ്യവസായത്തിലെ നൂതന സമീപനങ്ങളില്‍ മാതൃക സൃഷ്ടിക്കുന്നതില്‍ അഭിമാനിക്കുന്നു. കേരള ടൂറിസത്തിന്‍റെ നെറ്റ്്​വര്‍ക്ക് വികസിപ്പിക്കുന്നതില്‍ കാമ്പയിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. കേരളത്തിന്‍റെ ട്രാവല്‍ കമ്മ്യൂണിറ്റിയിലേക്ക് 41,000 പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ചില്‍ ആരംഭിച്ച മായ 1.5 ലക്ഷത്തോളം കോണ്‍ടാക്റ്റുകളുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമാണ്‌. മൂന്ന് ലക്ഷത്തിലധികം സജീവ ചാറ്റുകളുമുണ്ട്.

Tags:    
News Summary - 'Holiday Heist'; The tourism department's WhatsApp game has more than one crore viewers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.