സ്കൂബ ഡൈവ് ചെയ്ത് കടലിനടിയിൽ പോയാൽ സാധാരണ കാണാനാവുക പ്രകൃതി ഒളിപ്പിച്ചുവെച്ച അത്ഭുത കാഴ്ചകളാണ്. ബഹുവർണ നിറത്തിലെ മത്സ്യങ്ങൾ, വിവിധ രൂപത്തിലുള്ള ജീവികൾ, ചെടികൾ എന്നിവയെല്ലാം നിറകാഴ്ചയൊരുക്കും.
എന്നാൽ, തുർക്കിയിലെ ഗാലിപോളിയിൽ മുങ്ങിത്താഴ്ന്നാൽ കാണാനാവുക ചരിത്രസംഭവങ്ങളാകും. കടലിന്‍റെ അടിത്തട്ടിൽ തകർന്ന കപ്പലിന്‍റെ അവശിഷ്ടങ്ങൾ അടങ്ങിയ മ്യൂസിയം ദിവസങ്ങൾക്ക് മുമ്പാണ് അനാച്ഛാദനം ചെയ്തത്. ചരിത്ര യുദ്ധത്തിന്‍റെ അവശേഷിപ്പുകൾ പര്യവേക്ഷണം ചെയ്യാൻ സഞ്ചാരികൾക്ക് ഈ മ്യൂസിയം അവസരം നൽകുന്നു.
1915-16ൽ ഒന്നാം ലോകമഹായുദ്ധക്കാലത്ത് മുങ്ങിയ കപ്പലുകളാണ് ഇവിടെയുള്ളത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽനിന്ന് 700 കിലോമീറ്റർ അകലെ ഡാർഡനെല്ലസ് കടലിടുക്കിലാണ് ഈ മ്യൂസിയമുള്ളത്.
ഇവിടെ നടന്ന ഗാലിപോളി യുദ്ധത്തിൽ നിരവധി ആസ്‌ട്രേലിയൻ, ന്യൂസിലാൻഡ് സൈനികർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചുവീണ 500,000 സൈനികരെ ആദരിക്കുന്നതിന്‍റെ ഭാഗമായി 1973ൽ ഗാലിപോളിയെ ഹിസ്റ്റോറിക്കൽ പാർക്കായി പ്രഖ്യാപിച്ചു. ഇവിടെ യുദ്ധവുമായി ബന്ധപ്പെട്ട ട്രഞ്ചുകളും കോട്ടകളും ടവറുകളുമെല്ലാമുണ്ട്. കൂടാതെ തുർക്കി, ആസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള സൈനികരുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്.
കടലിനടിയിലെ യുദ്ധശേഷിപ്പുകൾ കാണാൻ പോകുന്നതിന് നേരത്തെ അധികാരികളിൽനിന്ന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ഈ പ്രദേശം എല്ലാവർക്കുമായി തുറന്നിരിക്കുകയാണ്.
ഡൈവർമാർക്ക് ഇവിടെ 14 യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാൻ കഴിയും. ബോംബാക്രമണത്തിൽ തകർന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ 'എച്ച്.എം.എസ് മജസ്റ്റിക്' ആണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ അവശിഷ്ടങ്ങളിൽ ഒന്ന്. സെദ്ദുൽബാഹിർ ഗ്രാമത്തിൽ ജല ഉപരിതലത്തിൽനിന്ന് 80 അടി താഴെയാണ് കപ്പലിന്‍റെ അവശിഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.