തിരുവനന്തപുരം: ജൈവവൈവിധ്യ ലോകത്തിന്‍റെ ചരിത്രം പറയാൻ തിരുവനന്തപുരം നാച്വറൽ ഹിസ്റ്ററി മ്യൂസിയം ഒരുങ്ങി. അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.
എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദർശന വസ്തുക്കളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. വംശനാശം സംഭവിച്ച് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ 19 ജന്തുക്കളുടെ ത്രിമാന രൂപം സജ്ജീകരിച്ച് ഒരുക്കിയ ഗ്യാലറി, ജന്തു-ഭൗമശാസ്ത്രപരമായി വേർതിരിക്കപ്പെട്ട സസ്തനികളുടെ ഗ്യാലറി എന്നിവ പ്രധാന ആകർഷണങ്ങളാണ്.
പ്രദർശന വസ്തുക്കളുടെ വിശദ വിവരങ്ങളടങ്ങിയ ടച്ച് സ്‌ക്രീൻ കിയോസ്‌കുകളും സജ്ജീകരിച്ചിട്ടുണ്ട്. ഗവേഷകർക്കായി 2226 പക്ഷികളുടെയും നിരവധി ഉഭയജീവികളുടെയും പഠന സ്പെസിമനുകളടങ്ങിയ റെപ്പോസിറ്ററിയും ഒരുക്കിയിട്ടുണ്ട്.
പൂർണമായും ശീതീകരിച്ച മ്യൂസിയത്തിൽ ഭിന്നശേഷി സൗഹൃദത്തിന്‍റെ ഭാഗമായി സ്റ്റെയർ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആറരക്കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയത്തിന്‍റെ നവീകരണം പൂർത്തീകരിച്ചത്. തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ-മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.