യാത്ര പ്ലാനുകളികളിൽ ഇൻസ്റ്റഗ്രാം വില്ലനാകുമ്പോൾ..
ഫോട്ടോ, വിഡിയോ ഷെയറിങ്ങിനായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ യാത്ര ആസ്വാദനങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്. യാത്രവിശേഷങ്ങൾ പങ്കുവെക്കാനുള്ള ഇടം എന്നതിൽനിന്ന് യാത്രകളുടെ പ്ലാൻ ഉണ്ടാവുന്ന സ്ഥലമായി ഇൻസ്റ്റഗ്രാം മാറിയിട്ടുണ്ട്. റീൽസുകളിൽ പ്രത്യക്ഷപ്പെടുന്ന മനോഹരമായ ഡെസ്റ്റിനേഷനുകൾ നമ്മുടെ മനസ്സിലും പതിയെ നമ്മുടെ യാത്രകളിലും ഇടംപിടിക്കുന്നു. മാത്രമല്ല, ഒരു സ്ഥലത്തേക്ക് യാത്ര പോകാൻ പ്ലാൻ ചെയ്യുമ്പോൾ നമ്മൾ ആദ്യം ഹാഷ്ടാഗ്, ജിയോ ടാഗ്, സേർച്ച് തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ അവിടെയുള്ള പ്രധാന കാഴ്ചകളെല്ലാം ലിസ്റ്റ് ചെയ്യുന്നു. സ്ഥിരം ടൂറിസ്റ്റ് സ്പോട്ടുകൾ അല്ലാതെ ഒരു സ്ഥലം മുഴുവനായി എക്സ്പ്ലോർ ചെയ്യാൻ ഇത് യാത്രപ്രേമികൾക്ക് സഹായകരമാണ്.
പക്ഷേ, ഇതിനൊരു മറുവശമുണ്ടല്ലോ. സൂക്ഷ്മമായി തയാറാക്കിയതും നന്നായി എഡിറ്റ് ചെയ്തതുമായ ഒരു റീലിൽ നമ്മൾ കാണുന്നത് എല്ലായ്പോഴും മുഴുവൻ ചിത്രമല്ല, അയാളുടെ അനുഭവത്തിന്റെ മികച്ച ഭാഗം മാത്രമാണത്. ആ ആസ്വാദന നിമിഷത്തിൽ എത്തുന്നതിന് മുമ്പ് നിങ്ങൾ നേരിടേണ്ടിവന്നേക്കാവുന്ന കഷ്ടപ്പാടുകളെക്കുറിച്ചൊന്നും ആ കുഞ്ഞു റീലുകൾ നിങ്ങളോട് പറഞ്ഞേക്കില്ല. ചില സ്ഥലങ്ങളെക്കുറിച്ച് അമിത പ്രതീക്ഷകൾ നൽകിയും ഇൻസ്റ്റഗ്രാം യാത്രപ്രേമികളെ നിരാശരാക്കാറുണ്ട്.
‘ഓവർ ടൂറിസം’ ഇൻസ്റ്റഗ്രാം യാത്ര പദ്ധതികളെ നശിപ്പിക്കുന്ന മറ്റൊരു മാർഗമാണ്. ഒരു ടൂറിസ്റ്റ് സ്പോട്ട് വൈറലാകുമ്പോൾ ദശലക്ഷക്കണക്കിന് യാത്ര പ്രേമികൾ ആ വിഡിയോകൾ കാണുകയും അങ്ങോട്ട് പോവുകയും ചെയ്യുന്നു. എന്നാൽ, അവിടെ അവർക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ ജനക്കൂട്ടത്തെയാണ്. നിറഞ്ഞു കവിഞ്ഞ ഹോട്ടലുകൾ, മണിക്കൂറുകളോളം നീളുന്ന ട്രാഫിക്, കുതിച്ചുയരുന്ന വിലകൾ എന്നിവയെല്ലാം അവിടെ ഉണ്ടായേക്കാം. ഇത് ഒരു സ്വപ്നയാത്രയെ ദുഃസ്വപ്നമാക്കി മാറ്റുന്നു.
യാത്ര ആസൂത്രണം ചെയ്യാൻ ഇൻസ്റ്റഗ്രാം മികച്ച മാർഗമാണെന്ന് നിഷേധിക്കാനാവില്ല. എന്നാൽ, അതിനെ അമിതമായി ആശ്രയിച്ചാൽ ചിലപ്പോൾ നിരാശരായേക്കാം. യാത്ര ഇൻഫ്ലുവൻസർമാരുടെ വർധനയും കണ്ടന്റ് ഉണ്ടാക്കാനുള്ള താൽപര്യവും വർധിക്കുന്നതോടെ വിവരങ്ങളുടെ അതിപ്രസരം അപൂർണമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിശദാംശങ്ങൾ വേർതിരിച്ചെടുക്കുന്നതിന് കൂടുതൽ ബുദ്ധിമുട്ടായി മാറുന്നു. കൃത്യമായ പ്ലാനിങ്ങോടെ മറ്റ് സ്രോതസ്സുകൾകൂടി ഉപയോഗപ്പെടുത്തി പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുറിച്ച് നല്ല ധാരണയുണ്ടാക്കിയാൽ ഇത്തരം പ്രയാസങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാം. ഫോട്ടോസ് എടുക്കുക എന്നതിലുപരി പോകുന്ന സ്ഥലങ്ങൾ ആസ്വദിക്കാൻ ശ്രമിച്ചാൽ യാത്ര മനോഹരമായൊരു അനുഭവവുമാക്കി മാറ്റാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- ഇൻസ്റ്റഗ്രാം പുതിയ സ്ഥലങ്ങൾ കണ്ടെത്താൻ ഉപയോഗിക്കാം. എന്നാൽ, അതിനെ മാത്രം ആശ്രയിക്കരുത്.
- ഇൻസ്റ്റയിൽ ഒരു സ്ഥലം കണ്ട് ഇഷ്ടപ്പെട്ടുവെന്ന് കരുതുക; പിന്നീട് മറ്റു സ്രോതസ്സുകളിൽനിന്നുകൂടി അതേക്കുറിച്ച വിശദാംശങ്ങൾ ശേഖരിക്കുക
- ട്രെൻടിങ് ആയ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ നിങ്ങൾക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല; അതിനാൽ, നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.