ബിരേൻ സിങ്
ഇംഫാൽ: മണിപ്പൂരിൽ രാജിവെച്ചൊഴിഞ്ഞ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താനാവാതെ ബി.ജെ.പി കേന്ദ്ര നേതൃത്വം. സംസ്ഥാന നേതാക്കളുമായി മൂന്ന് ദിവസമായി തുടരുന്ന ചർച്ചകൾക്കിടയിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലുള്ള കാലതാമസം സംസ്ഥാന ബി.ജെ.പിക്കുള്ളിലെ കടുത്ത വിള്ളലുകളിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് റിപ്പോർട്ട്.
ബി.ജെ.പിയുടെ നോർത്ത് ഈസ്റ്റ് കോർഡിനേറ്റർ സംബിത് പത്ര ബുധനാഴ്ച രാവിലെ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയെ വീണ്ടും കാണുകയും പിന്നീട് ഇംഫാൽ ഹോട്ടലിൽ വെച്ച് സംസ്ഥാന ഘടക നേതാക്കളുമായും സഖ്യകക്ഷികളുമായും ചർച്ചകൾ തുടരുകയും ചെയ്തു.
ബുധനാഴ്‌ചക്കുള്ളിൽ നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ ഭല്ല എടുക്കുന്ന തീരുമാനത്തിനായി രാജ്ഭവനും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് നിയമസഭയിൽ അവസാനമായി സമ്മേളനം നടത്തിയത്. ആറ് മാസത്തിനുള്ളിൽ വീണ്ടും ചേരേണ്ട കാലാവധി ബുധനാഴ്ച അവസാനിച്ചു.
ബിരേൻ സിങ്ങിനോട് വിശ്വസ്തരായ എം.എൽ.എമാരും നേതാക്കളും അദ്ദേഹത്തെ എതിർക്കുന്നവരും കുതികാൽ വെട്ടിയതായാണ് വിവരം. ഒത്തുതീർപ്പ് സ്ഥാനാർഥിക്കായുള്ള കാത്തിരിപ്പ് നീണ്ടേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി ‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
അതേസമയം, കേന്ദ്രനേതൃത്വം തെരഞ്ഞെടുക്കുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പിന്തുണക്കുമെന്ന് രണ്ട് ബി.ജെ.പി എം.എൽ.എമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.