ഒറ്റ ദൗത്യം, എട്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍െറ (ഐ.എസ്.ആര്‍.ഒ) നേട്ടങ്ങളുടെ പട്ടികയില്‍ ചേര്‍ത്തുവെക്കാന്‍ ഒരു പൊന്‍തൂവല്‍കൂടി. ഒറ്റ ദൗത്യത്തില്‍ നടന്ന ഇരട്ട വിക്ഷേപണത്തില്‍ എട്ട് ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുകയെന്ന ചരിത്രദൗത്യം ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കി. സ്കാറ്റ്സാറ്റ് -ഒന്ന് ഉള്‍പ്പെടെ എട്ടു ഉപഗ്രഹങ്ങളാണ് തിങ്കളാഴ്ച ഭ്രമണപഥത്തിലത്തെിയത്. രാവിലെ 9.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍നിന്ന് പി.എസ്.എല്‍.വി -സി 35 റോക്കറ്റിലായിരുന്നു ആദ്യ വിക്ഷേപണം. പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യമാണിത്. രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനിന്നു. അല്‍ജീരിയ (മൂന്ന്), കാനഡ (ഒന്ന്), അമേരിക്ക (ഒന്ന്) എന്നിവയുടെ അഞ്ചു ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളുമാണ് സ്കാറ്റ്സാറ്റ് -ഒന്നിനോടൊപ്പം വിക്ഷേപിച്ചത്. 17 മിനിറ്റുകൊണ്ട് സ്കാറ്റ്സാറ്റിനെ 724 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചതോടെ ആദ്യഘട്ടം വിജയിച്ചു. 11.25ഓടെ ബാക്കിയുള്ള ഏഴു ഉപഗ്രഹങ്ങളെ 669 കിലോമീറ്റര്‍ ഉയരത്തിലുള്ള രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തതോടെ ഇരട്ടവിക്ഷേപണമെന്ന ചരിത്രദൗത്യം പൂര്‍ണ വിജയമായി. വിക്ഷേപണം ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു.

സ്കാറ്റ്സാറ്റ് -ഒന്ന്

ഭാരം 377 കിലോഗ്രാം. നിര്‍മാണച്ചെലവ് 120 കോടി രൂപ. കാലാവധി അഞ്ചു വര്‍ഷം. ഓഷ്യന്‍സാറ്റ് -രണ്ടിനു പകരമാണ് സ്കാറ്റ്സാറ്റ് -ഒന്ന്. കാലാവസ്ഥ നിരീക്ഷണം, സമുദ്രപഠനം, കാറ്റിന്‍െറ ദിശ മനസ്സിലാക്കി ചുഴലിക്കാറ്റുകള്‍ മുന്‍കൂട്ടി പ്രവചിക്കുക എന്നിവക്ക് പ്രയോജനപ്പെടും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.