എന്തിന് പുസ്തം തുറക്കണം, അല്ലാതെ സ്കാന്‍ ചെയ്യാം!

യന്തിരന്‍ സിനിമയില്‍ കണ്ടിട്ടില്ളേ,പുസ്തകം ഒറ്റ നോട്ടത്തില്‍ സ്കാന്‍ ചെയ്ത് മുഴുവന്‍ തലക്കുള്ളിലാക്കുന്ന രജനീകാന്തിനെ? അങ്ങനെ ആകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. ഇപ്പോഴിതാ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(MIT)യിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് അത്തരം ഒരു വിദ്യ പരീക്ഷിച്ച് വിജയം കണ്ടിരിക്കുകയാണ്. പുസ്തകം ഒന്ന് തുറന്നു നോക്കുക പോലും ചെയ്യാതെ പുറംചട്ട അടച്ചുവെച്ച് അതിനുള്ളിലുള്ള വിവരങ്ങള്‍ അപ്പടി സ്കാന്‍ ചെയ്തെടുക്കാനാണ് ഇത്.
ഇന്ത്യന്‍ ശാസ്ത്രജ്ഞനായ രമേശ് രസ്കാര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ ടെക്നോളജിക്ക് പിന്നില്‍. തൊട്ടാല്‍ പൊടിഞ്ഞു പോകുന്ന പഴയ പുസ്തകങ്ങള്‍ക്കുള്ളിലെ വിവരങ്ങള്‍ കേടുപാടുകള്‍ കൂടാതെ ശേഖരിക്കാന്‍ ഈ ടെക്നോളജിക്ക് പറ്റും. ചരിത്രകാരന്മാര്‍ക്കാണ് ഇത് ഏറെ പ്രയോജനം ചെയ്യുക. 
ഓരോ പേപ്പറിലും ഓരോ അക്ഷരം വീതം പ്രിന്‍റ് ചെയ്ത ഒന്‍പത് പേപ്പറുകള്‍ ഒന്നിനുമീതെ ഒന്നായി വച്ചാണ് ഇതിന്‍െറ പ്രോട്ടോടൈപ്പ് പരീക്ഷണം നടത്തിയത്. ഓരോന്നിലെയും അക്ഷരങ്ങള്‍ ശരിയായി സ്കാന്‍ ചെയ്ത് വായിച്ചെടുക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചു. 


‘ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ മ്യൂസിയം ഈ പുതിയ കണ്ടുപിടിത്തത്തില്‍ ഏറെ സന്തുഷ്ടരാണ്. കൈകൊണ്ടു തൊടാന്‍ പോലും പറ്റാത്ത നിരവധി പുസ്തകങ്ങള്‍ അവിടെയുള്ളതിനാല്‍ അവയുടെ പഠനത്തിന് ഞങ്ങളുടെ കണ്ടുപിടിത്തം പ്രയോജനകരമാണ്’ ശാസ്ത്രജ്ഞരിലൊരാളായ ബര്‍മാക് ഹെഷ്മത് പറഞ്ഞു.
നേരിയ അട്ടികളായി ക്രമീകരിക്കുന്ന എന്തും ഇത്തരത്തില്‍ വായിച്ചെടുക്കാം. യന്ത്രഭാഗങ്ങളിലെയും മറ്റും കോട്ടിങ് എന്താണെന്ന് മനസിലാക്കാം. MIT,ജോര്‍ജിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഓരോ പേപ്പറില്‍ നിന്നും വിവരങ്ങള്‍ ചിത്രങ്ങളാക്കി മാറ്റാനുള്ള അല്‍ഗോരിതം വികസിപ്പിച്ചത്. 
മൈക്രോവേവിനും ഇന്‍ഫ്രാറെഡിനും ഇടയില്‍ ടെറാ ഹെര്‍ട്സ് (Terahertz) റേഞ്ച് ഫ്രീക്വന്‍സിയുള്ള റേഡിയേഷനാണ് ഈ സംവിധാനത്തില്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഉപരിതലങ്ങള്‍ തുളച്ച് അകത്തു കയറാനാവും. വിവരങ്ങള്‍ അടങ്ങിയതും അല്ലാത്തതുമായ പേപ്പര്‍ തിരിച്ചറിയാന്‍ ഈ വികിരണത്തിനാവും. രണ്ടു പേപ്പറുകള്‍ തമ്മില്‍ 20 മൈക്രോമീറ്റര്‍ വരുന്ന എയര്‍ പോക്കറ്റുകള്‍ കാണും എന്നതാണ് രണ്ടു പേപ്പറുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇതിനെ സഹായിക്കുന്നത്. 
അധികം പഴക്കമില്ലാത്ത ടെക്നോളജിയാണ്  ടെറാ ഹെര്‍ട്സ് ഇമേജിങ്. ഭാവിയില്‍ കൂടുതല്‍ പ്രയോജനകരമായി ഉപയോഗിക്കാന്‍ ഇതില്‍ ശാസ്ത്രജ്ഞര്‍ നിരന്തരം പഠനങ്ങള്‍ നടത്തുന്നുണ്ട് . ജേണല്‍ ഓഫ് നേച്ചര്‍ കമ്യൂണിക്കേഷന്‍സിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.