കൊല്ലം: കണക്കുകളും ശാസ്ത്രങ്ങളും അവര്‍ വിസ്മയങ്ങളാക്കിയപ്പോള്‍ വിരിഞ്ഞത് പുതിയ കണ്ടുപിടിത്തങ്ങള്‍. കുരുന്നു ശാസ്ത്രജ്ഞന്മാര്‍  കൈയടി നേടിയ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ രണ്ടാം ദിനത്തില്‍ നിറഞ്ഞത് അന്വേഷണാത്മകതയും ശാസ്ത്രീയമനോഭാവവും സൃഷ്ടിപരതയും ഒത്തുചേര്‍ന്ന പോരാട്ടം. യു.പി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള കുട്ടികള്‍  ഒരോ വിഭാഗത്തിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 പറഞ്ഞു പഴകിയ വിഷയങ്ങളെ അവഗണിച്ച് കാലികപ്രസക്തിയുള്ള കണ്ടുപിടിത്തങ്ങളും പ്രശ്നപരിഹാരങ്ങളുമായാണ് വിദ്യാര്‍ഥികളത്തെിയത്. അതേസമയം, ചില വേദികളില്‍ മത്സരം തുടങ്ങാന്‍ വൈകിയതും അവതരണത്തിനിടയില്‍ പ്രോജക്ടറുകള്‍ പണിമുടക്കിയതും കല്ലുകടിയായി. 
 അഞ്ചു വേദികളിലായി 37 ഇനങ്ങളിലായിരുന്നു മത്സരം. ആദ്യ ഫലം വന്ന ഐ.ടി വിഭാഗത്തിലെ ഡിജിറ്റല്‍ പെയ്ന്‍റിങ്ങില്‍ എച്ച്.എസ് വിഭാഗത്തിലെ ആതിഥേയരായ കൊല്ലം ഒന്നാം സ്ഥാനം നേടി.  പ്രധാനവേദിയായ ഗവ.മോഡല്‍ ബോയിസ് എച്ച്.എസ്.എസിലെ അഖില്‍ ക്ളീറ്റസ് എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം നേടിയത്.ശാസ്ത്രമേള വേദിയില്‍  യു.പി,എച്ച്.എസ് വിഭാഗക്കാരുടെ പ്രദര്‍ശന വസ്തുക്കളുടെ ക്രമീകരണവും യു.പി മുതല്‍ വി.എച്ച്.എസ്.എസ് വിഭാഗം വരെയുള്ളവരുടെ  ടീച്ചര്‍ എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട് മത്സരങ്ങളുമാണ് നടന്നത്. 
പ്രതിഭകളുടെ മികച്ച പങ്കാളിത്തമായിരുന്നു ശാസ്ത്രമേള വേദിയില്‍ ദൃശ്യമായത്. ഗണിത ശാസ്ത്രമേളയില്‍ യു.പി.എച്ച്.എസ് വിഭാഗത്തിന്‍െറ തത്സമയമായിരുന്നു മത്സരങ്ങള്‍. കണക്കിന്‍െറ കളികളില്‍ മത്സരിക്കാന്‍ പെണ്‍കുട്ടികളായിരുന്നു ഏറെയുമുണ്ടായിരുന്നത്. സാമൂഹിക ശാസ്ത്രമേള വേദിയില്‍ പ്രസംഗമത്സരം രണ്ടര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്.
പ്രവൃത്തിപരിചയമേളയില്‍ യു.പി വിഭാഗം സപെഷല്‍ സ്കൂള്‍ വിഭാഗം കൈയടി നേടി. ഡിജിറ്റല്‍ സാങ്കേതിക മേഖലയില്‍ കുട്ടികളുടെ കഴിവ് തെളിയിക്കുന്നതായിരുന്നു ഐ.ടി മേള.

ജ്യോതിക (അതിരമ്പുഴ, സെന്‍റ് മേരീസ് കോട്ടയം)
 

പ്ളാസ്റ്റിക് കുപ്പികളില്‍നിന്ന് വാട്ടര്‍ ഹീറ്റര്‍ 
കൊല്ലം: ഉപയോഗം കഴിഞ്ഞ് ഇനി പ്ളാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയേണ്ട. 500 രൂപയും കുപ്പികളും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലൊരു വാട്ടര്‍ ഹീറ്റര്‍ ഉണ്ടാക്കാം. കോട്ടയം അതിരമ്പുഴ സെന്‍റ് മേരീസ് ഗേള്‍സ് എച്ച്.എസിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥികളായ ജ്യോതിക ഷെല്‍ജിയും ജെസ്ന ജോസഫുമാണ് ചെലവുകുറഞ്ഞ വാട്ടര്‍ഹീറ്ററിന്‍െറ കണ്ടുപിടിത്തത്തിന് പിന്നില്‍. 
പ്ളാസ്റ്റിക് കുപ്പികള്‍ നിരയായി ബന്ധിപ്പിച്ചശേഷം മുകളില്‍ കറുത്ത പെയ്ന്‍റടിക്കുന്നതാണ് പ്രധാന പ്രവര്‍ത്തനം. കുപ്പികളുടെ അടിയിലായി അലുമിനിയം ഷീറ്റ് വെക്കണം. തുറസ്സായ സ്ഥലത്ത് സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധമാണ് ഇവ ക്രമീകരിക്കേണ്ടത്. വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളം കറുത്ത പെയ്ന്‍റടിച്ച ഭാഗത്തേക്ക് ഒഴുകി എത്തുമ്പോള്‍ സൂര്യപ്രകാശത്തിന്‍െറ സാന്നിധ്യത്തില്‍ ചൂടുപിടിക്കും. ഇങ്ങനെ ചൂടാവുന്ന വെള്ളം പുറത്ത് ഘടിപ്പിച്ചിട്ടുള്ള ടാപ് തുറന്നാല്‍ ലഭിക്കുന്നവിധമാണ് ക്രമീകരണം. 

ഓട്ടോമാറ്റിക് ദോശ മേക്കറുമായി അനിജിത്തും അശ്വനികുറുപ്പും
 

ദോശയും ഹൈടെക്
കൊല്ലം: സ്വിച്ചിട്ട് രണ്ടുമിനിറ്റ് കഴിഞ്ഞാല്‍ ദോശ പാത്രത്തിലത്തെും. മാവ് കലക്കി ഒഴിക്കുന്നതടക്കമുള്ള ജോലികള്‍ക്ക് സമയവും അധ്വാനവും പാഴാക്കേണ്ട. കരിയാത്ത നല്ല വട്ടത്തിലുള്ള ദോശ ചൂടോടെതന്നെ കഴിക്കാം.
 ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ 10ാം ക്ളാസ് വിദ്യാര്‍ഥികളായ എ.അനുജിതും അശ്വിനി കുറുപ്പുമാണ് ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിങ് മോഡലില്‍ ‘ഓട്ടോമാറ്റിക് ദോശമേക്കര്‍’ അവതരിപ്പിച്ചത്. സി.പി.യുവും ഉപയോഗമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ചാണ് ദോശമേക്കര്‍ നിര്‍മിച്ചത്. വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. 
സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ മുകളിലെ പാത്രത്തിലുള്ള ദോശമാവ് താഴെ വൃത്താകൃതിയിലുള്ള കല്ലില്‍ വീഴും. രണ്ട് മിനിറ്റിനുള്ളില്‍ കഴിക്കാന്‍ പാകത്തില്‍ ദോശ പാത്രത്തില്‍ എത്തും.

ഹോംമേറ്റ് ഉപകരണവുമായി ഫ്രാന്‍സിസ് കെ. ജോണും ജോമല്‍ ജോയിയും
 

സൈക്ക്ള്‍ ചവിട്ടിയാല്‍ പലതുണ്ട് ഗുണം
കൊല്ലം: വ്യായാമത്തിനായി ഇനി നടക്കുകയോ ഓടുകയോ വേണ്ട. വീടിന്‍െറ വരാന്തയില്‍ സൈക്ക്ള്‍വെച്ച് വെറുതെയങ്ങ് ചവിട്ടുക. ശരീരത്തിന് ‘ഫിറ്റ്നസ്’ കിട്ടുന്നതോടൊപ്പം വീട്ടിലെ പല ജോലികളും ലളിതമായി ചെയ്യാം. തേങ്ങചുരണ്ടാനും തുണി അലക്കാനും അരിയാട്ടാനും വെള്ളം പമ്പുചെയ്യാനും ഈ സൈക്ക്ള്‍ചവിട്ടല്‍ ഉപകരിക്കും. 
യു.പി വിഭാഗം വര്‍ക്കിങ് മോഡലിലാണ് നാലുജോലികള്‍ ഒരേ സമയം ചെയ്യുന്ന ‘ഹോം മേറ്റ്’ എന്ന പേരില്‍ കണ്ടുപിടിത്തം അവതരിപ്പിക്കപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സെന്‍റ് സ്റ്റീഫന്‍സ് യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥികളായ ഫ്രാന്‍സിസ് കെ.ജോസഫും ജോമല്‍ ജോയിയുമാണ് ഹോം മേറ്റിനുപിന്നില്‍.
 സൈക്ക്ള്‍ ചവിട്ടുമ്പോള്‍ ഉണ്ടാകുന്ന യാന്ത്രികോര്‍ജം ഉപയോഗിച്ച് പിസ്റ്റണ്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതാണ് പ്രധാന പ്രവര്‍ത്തനം. ഓരോ ഗൃഹോപകരണത്തെയും ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. മൂന്ന് വ്യത്യസ്ത ബെല്‍റ്റുകളുടെയും രണ്ട് ചെയിനിന്‍െറയും സഹായത്തോടെയാണ് ‘ഹോം മേറ്റ്’ പ്രവര്‍ത്തനം. ആറ് കുപ്പികള്‍, പിസ്റ്റണ്‍ പമ്പ്, വാഷര്‍, നാല് വാല്‍വുകള്‍, ഹോസ്, ഡൈനാമോ, ക്രൗണ്‍ ആന്‍ഡ് പിനിയന്‍ എന്നിവയാണ് പ്രധാനമായും വേണ്ടത്.  ‘ഇത്തിരി ശക്തി, ഒത്തിരി ജോലി’, ചലനത്തിനൊപ്പം തുടങ്ങിയ അഞ്ച്, ആറ് ക്ളാസുകളിലെ പാഠഭാഗങ്ങളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോം മേറ്റിന് രൂപംനല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 

എയര്‍ വാഹനം: ബാസില്‍ അക്തര്‍, എന്‍.എ. അസ്ലഹ് (അഴീക്കല്‍ എസ്.എസ്.എം.എച്ച്.എസ്.എസ്, കൊടുങ്ങല്ലൂര്‍)
 

പെ¤്രടാളിന് വിട, കാറ്റാണ് താരം
കൊല്ലം: ഇന്ധന വിലയെക്കുറിച്ചും ‘മൈലേജിനെ’ക്കുറിച്ചുമുള്ള ആശങ്കകളില്ലാതെ ‘കാറ്റ്’ നിറച്ചൊരു ബൈക്ക് യാത്ര. കൊടുങ്ങല്ലൂര്‍ അഴീക്കോട് എസ്.എസ്.എം എച്ച്.എസ്.എസിലെ ബാസിം അക്തറും എന്‍.എ. അസ്ലാഹുമാണ് വ്യത്യസ്തമായ കണ്ടത്തെലിനു പിന്നില്‍. ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിങ് മോഡല്‍ വിഭാഗത്തിലാണ് ഇരുവരും കാറ്റ് ഇന്ധനമാക്കിയ സൂപ്പര്‍ ബൈക്കുമായി എത്തിയത്. 
ഒരുതവണ കാറ്റടിച്ചാല്‍ 40 മിനിറ്റ് സഞ്ചരിക്കാം. പരമാവധി വേഗം 25 കിലോമീറ്റര്‍. ഇന്‍റര്‍നെറ്റില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ സഹായത്തോടെയാണ് ഇരുവരും ബൈക്ക് നിര്‍മിച്ചത്. വാഹനമോടിച്ചാല്‍ ഒരു മലിനീകരണവും ഉണ്ടാവില്ല. കംപ്രസ്ഡ് എയര്‍വെഹിക്ക്ള്‍ എന്നാണ് വര്‍ക്കിങ് മോഡലിന്‍െറ പേര്. സാധാരണ ബൈക്കിലെ പോലെ കിക്കര്‍ ഉപയോഗിച്ചാണ് ഇതും സ്റ്റാര്‍ട്ടാക്കുന്നത്.
വാഹനങ്ങള്‍ക്ക് കാറ്റടിക്കുന്ന സാധാരണ കംപ്രസറിന്‍െറ സഹായത്തോടെയാണ് ബൈക്കിന്‍െറ സിലിണ്ടറില്‍ കാറ്റ് നിറക്കേണ്ടത്. 60-70 പി.എസ്.ഐ മര്‍ദത്തിലാണ് കാറ്റടിക്കുന്നത്.
 ഫോര്‍ സ്ട്രോക് എന്‍ജിനെ എയര്‍എന്‍ജിനാക്കി മാറ്റിയാണ് ബൈക്ക് ഓടിക്കുന്നത്. പഴയ കാവസാക്കി ബൈക്കിന്‍െറ എന്‍ജിനാണ് ഇതിനായി ഉപയോഗിച്ചത്. കാറ്റിലോടുന്ന ബൈക്ക് നിര്‍മിക്കാന്‍ ഇരുവര്‍ക്കും ചെലവായത് 7000 രൂപ മാത്രമാണ്.  പ്രകൃതി സൗഹൃദ വാഹനമിറക്കുകയെന്ന ഇരുവരുടെയും ലക്ഷ്യം. കഴിഞ്ഞ ശാസ്ത്രമേളയില്‍ സൗരോര്‍ജത്തില്‍ ഓടുന്ന വാഹനവുമായാണ് ഇരുവരും എത്തിയത്. 

 

കവര്‍ച്ചക്കാരെ കുടുക്കാനൊരു കണ്ടുപിടിത്തം
കൊല്ലം: ഭിത്തിതുരന്നും പൂട്ട് പൊളിച്ചുമത്തെുന്ന കവര്‍ച്ചക്കാരെ നേരിടാന്‍ ലളിതവും കാര്യക്ഷമവുമായ കണ്ടുപിടിത്തവുമായി വിദ്യാര്‍ഥികള്‍. ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ലളിതമായ സുരക്ഷാമാര്‍ഗങ്ങളുമായത്തെിയത് പാലക്കാട് ചിറ്റൂര്‍ വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസിലെ ആര്‍. ഗോകുലും റിതിക് ലാലുമാണ്. 
സാധാരണ ബാങ്കുകളില്‍ സെക്യൂരിറ്റി സംവിധാനവും സി.സി ടി.വി കാമറയുമാണ് സുരക്ഷക്കുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി വിവിധ സെന്‍സറുകളാണ് ഇവിടെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരിക്കുന്നത്. ലേസര്‍, സ്മോക് സെന്‍സര്‍, സൗണ്ട് സെന്‍സര്‍, ലൈറ്റ് ഡിറ്റക്ടിങ് സര്‍ക്യൂട്ട്, ഫ്ളോര്‍ സിസ്റ്റം എന്നിവയാണ് പ്രധാനമായും സജ്ജീകരിച്ചത്. കവര്‍ച്ചക്കത്തെുന്നവര്‍ ലേസര്‍ രശ്മികള്‍ മുറിച്ചുകടക്കുമ്പോള്‍ വലിയ ശബ്ദത്തില്‍ അലാറം മുഴങ്ങും.
 ഇതിനെ തരണം ചെയ്ത് മുന്നോട്ട് പോയാലും ലോക്കര്‍ റൂം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ലേസര്‍ പോയന്‍റുകള്‍ സജ്ജീകരിച്ചിരിക്കും. സാധാരണ സി.സി ടി.വിയില്‍ റെക്കോഡിങ് മാത്രം നടത്തുമ്പോള്‍ ബാങ്കിനുള്ളിലെ ദൃശ്യങ്ങള്‍ ലൈവായി കാണുന്നതിന് ഇവിടെ ക്രമീകരണമുണ്ട്. വിദൂരസ്ഥലത്തിരുന്നും ബാങ്കിന്‍െറ ഉള്‍ഭാഗം ഇതിലൂടെ നിരീക്ഷിക്കാനാവും. 
ഏരിയല്‍ സിഗ്നല്‍ വഴിയാണ് സി.സി ടി.വി കാമറ ലൈവാകുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തുറക്കാന്‍ ശ്രമിച്ചാല്‍ സ്മോക് സെന്‍സറിലൂടെ അലാറം മുഴങ്ങും.  ശബ്ദമോ പ്രകാശമോ ഉണ്ടായാലും മുന്നറിയിപ്പ് ശബ്ദം കേള്‍ക്കും. എല്ലാ സെന്‍സറുകളും പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. ലളിതവും കാര്യക്ഷമവുമായ സംവിധാനമാണിതെന്നാണ് വിദ്യാര്‍ഥികളുടെ അഭിപ്രായം. 

 

കുഴല്‍ക്കിണറില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള വിദ്യയുമായി ശ്രീരാഗും നോയല്‍ ബി. മാത്യുവും
 

കുട്ടികള്‍ക്ക് ഇനി കുഴല്‍ക്കിണറിനെ പേടിക്കേണ്ട
കൊല്ലം: കുഴല്‍ക്കിണറുകളില്‍ കുട്ടികള്‍ അകപ്പെടുന്ന വാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇതിനൊരു പരിഹാരമില്ളേ എന്ന് ചോദിക്കുന്നവരേറെ. ഇതിന് ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. 
എന്നാല്‍, കുഴല്‍ക്കിണറുകളില്‍ അകപ്പെടാതെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന കണ്ടത്തെലുമായി രണ്ടു കുരുന്നു ശാസ്ത്രജ്ഞര്‍ സ്കൂള്‍ ശാസ്ത്രമേളയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
 യു.പി വര്‍ക്കിങ് മോഡല്‍ വിഭാഗത്തിലാണ് കുഴല്‍ക്കിണറില്‍പ്പെടാതെ കുട്ടികളെ സംരക്ഷിക്കുന്ന കണ്ടുപിടിത്തവുമായി വയനാട് പനങ്ങണ്ടി ജി.എച്ച്.എസ്.എസിലെ ഏഴാംക്ളാസ് വിദ്യാര്‍ഥികളായ കെ.എസ്. ശ്രീരാഗും നോയല്‍ ബി. മാത്യുവും എത്തിയത്. കുഴല്‍ക്കിണറിന്‍െറ പരിസരത്തായി സെന്‍സര്‍ ഘടിപ്പിക്കുകയാണ് ആദ്യഘട്ടം. കുട്ടികള്‍ ഈ ഭാഗത്തേക്ക് എത്തി സെന്‍സറില്‍ സ്പര്‍ശിക്കുമ്പോള്‍ അലാറം മുഴങ്ങും. 
ഇതും മറികടന്ന് മുന്നോട്ടുപോയാല്‍ ഓട്ടോമാറ്റിക്കായി കിണറിന്‍െറ മേല്‍ഭാഗം അടഞ്ഞ് കുട്ടി അകത്തേക്ക് വീഴുന്നത് തടയുന്ന പ്രത്യേക സംവിധാനം പ്രവര്‍ത്തനക്ഷമമാവും. അപകട സാധ്യതയുള്ള കുഴല്‍ക്കിണറുകള്‍ക്ക് സമീപം ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനാവുമെന്ന് ശ്രീരാഗും നോയലും പറയുന്നു. വീട്ടിലെ വാതില്‍ തുറന്നുകിടന്നാല്‍ കുട്ടികള്‍ റോഡിലേക്കിറങ്ങി അപകടത്തില്‍പ്പെടുന്നത് തടയാനുള്ള സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഇതും സെന്‍സര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 
വാതിലിനടുത്തായി സ്ഥാപിക്കുന്ന സെന്‍സറില്‍ കുട്ടി സ്പര്‍ശിക്കുന്നതോടെ അലാറം ഉയരും. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ക്ക് റിമോട്ട് ഉപയോഗിച്ച് വാതില്‍ അടയ്ക്കാനാവും. 
ഇത്തരത്തില്‍ വാതില്‍ അടച്ചില്ളെങ്കിലും മുന്നോട്ടു നടക്കുന്ന കുട്ടി രണ്ടാമത്തെ സെന്‍സര്‍ മറികടക്കുന്നതോടെ ഓട്ടോമാറ്റിക്കായി വാതില്‍ അടയും.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.