മസ്കിന്റെ ടെലിപ്പതി ബ്രെയിൻ ചിപ്പ്
ഒരു വാക്കുപോലും പറയാതെ നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ മറ്റൊരാൾ മനസ്സിലാക്കിയെങ്കിലെന്ന് ഒരിക്കൽ പോലും ചിന്തിക്കാത്ത മനുഷ്യരുണ്ടാകില്ല. മനുഷ്യന്റെ ഈ തോന്നലുകൾക്ക് സമാനമായി ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനി ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. തലച്ചോറിൽ ഘടിപ്പിക്കുന്ന ഒരു ചിപ്പ് വഴി നമ്മുടെ ചിന്തക്കൾക്കനുസൃതമായി കമ്പ്യൂട്ടറിനെ പ്രവർത്തിപ്പിക്കാൻ സാധിക്കും. തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുക എന്നതാണ് ടെലിപ്പതി ബ്രെയിൻ ചിപ്പ് എന്ന ഈ സാങ്കേതിക വിദ്യയുടെ ലക്ഷ്യം. കൈകൾ ചലിപ്പിക്കാതെ നമ്മൾ ചിന്തിക്കുന്നതിനനുസരിച്ച് ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു! കേൾക്കുമ്പോൾ ഏറെ അതിശയം തോന്നുന്ന ഈ കാര്യം ഏറെ പ്രയോജനപ്പെടുന്ന ഒരു വിഭാഗവുമുണ്ട്.
വിവിധ മെഡിക്കൽ ഗവേഷണങ്ങൾക്കായി ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന ഒരു കമ്പനിയാണ് ന്യൂറാലിങ്ക്. 2016ലാണ് ടെലിപ്പതി ബ്രെയിൻ ചിപ്പ് കമ്പനി അവതരിപ്പിച്ചത്. N1 implant എന്നാണ് ഈ ചിപ്പിന്റെ ഔദ്യോഗികനാമം. പ്രത്യേകമായ റോബോട്ടിക്ക് ശസ്ത്രക്രിയ വഴിയാണ് ഇവ തലച്ചോറിൽ ഘടിപ്പിക്കുന്നത്. വളരെ നേർത്ത ഇലക്ട്രോഡ് നൂലുകളുള്ള ഇംപ്ലാന്റ് യഥാർഥ സ്ഥലത്ത് ഘടിപ്പിക്കാനാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തുന്നത്. തലച്ചോറിൽ സ്ഥാപിച്ച ഈ ചിപ്പ് മറ്റൊരു കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തുന്നു. പിന്നീട് നമ്മൾ ഒരു കാര്യം ചിന്തിക്കുമ്പോൾ തലച്ചോറിലെ ന്യൂറോണുകൾ പുറപ്പെടുവിപ്പിക്കുന്ന വൈദ്യുത തരംഗങ്ങൾ സിഗ്നലുകളായി ചിപ്പ് കമ്പ്യൂട്ടറിലെത്തിക്കുന്നു. തുടർന്ന് നാമെന്താണോ ഉദ്ദേശിക്കുന്നത് അതുപോലെ കമ്പ്യൂട്ടർ പ്രവർത്തിക്കും.
2024ലാണ് ന്യൂറാലിങ്ക് ഈ ചിപ്പ് മനുഷ്യനിൽ ഘടിപ്പിക്കുന്നത്. ഒരു അപകടത്തിൽ തോളിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട nolan arbaugh എന്നയാളുടെ തലച്ചോറിലാണ് N1 implant ഘടിപ്പിച്ചത്. ചിപ്പ് തലച്ചോറിൽ സ്ഥാപിച്ച ശേഷം അദ്ദേഹം പിന്നീട് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ തുടങ്ങി. വിഡിയോ ഗെയിമുൾപ്പെടെ തന്റെ ഇഷ്ടാനുസരണം കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നു. ബ്രെയിൻ ചിപ്പിന്റെ ആദ്യ പരീക്ഷണം വിജയിച്ചതോടെ ഏറെ പ്രതീക്ഷയോടെ കമ്പനി പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. നോളന് സമാനമായി ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവർക്കും മറ്റും ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനകരമാണ്.
ബ്രെയിൻ ചിപ്പിന്റെ ഭാവി
സർവം എ.ഐ അധിഷ്ഠിതമായ ഇക്കാലത്ത് ഒട്ടേറെ സാധ്യതകൾ ബ്രെയിൻ ചിപ്പുകൾ മനുഷ്യരാശിക്കായി തുറന്നിടുന്നുണ്ട്. Chatgpt, Gemini പോലുള്ള എ.ഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുമ്പോൾ ടൈപ്പ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ, ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് വികസിപ്പിക്കുന്നതുവഴി മനുഷ്യന്റെ തലച്ചോറിനെയും കമ്പ്യൂട്ടറിനെയും കൂടുതൽ ബന്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. എ.ഐയുടെ സഹായത്തോടെ ആശയവിനിമയത്തിനായി പുതിയ രീതികളും ഇതുവഴി കണ്ടെത്താനാകും.
നിലവിൽ ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ്പുകൾ ഔദ്യോഗികമായി വിപണിയിലെത്തിച്ചിട്ടില്ല. സാധ്യമാവുകയാണെങ്കിൽ ആരോഗ്യ മേഖലയിലും മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ആശയവിനിമയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ ഈ സാങ്കേതികവിദ്യക്ക് കഴിഞ്ഞേക്കും. എന്നാൽ അതോടൊപ്പം തലച്ചോറിലെ വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ, ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികളും നിലനിൽക്കുന്നു. വിവിധ രാജ്യങ്ങളുടെ അനുമതിയോടെ പഠനം തുടരുകയാണ് കമ്പനി. ഇത്തരത്തിൽ മുന്നോട്ടുള്ള പരീക്ഷണങ്ങൾ വിജയിച്ചാൽ വരും കാലങ്ങളിൽ ഈ സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ എത്രത്തോളം മാറ്റിമറിക്കുമെന്ന് കാത്തിരുന്ന് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.