ആൻഡ്രോയിഡ് ഉപയോക്താക്കൾ കുറച്ചുകാലമായി ഉപയോഗിക്കുന്ന ഫീച്ചർ ഐഫോണുകളിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കാനൊരുങ്ങി മെറ്റ. ഒരേ ഡിവൈസിൽ രണ്ട് വ്യത്യസ്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ ഐഫോൺ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ ഐ.ഒ.എസിന്‍റെ ഏറ്റവും പുതിയ ബിറ്റാവേർഷനിൽ ലഭ്യമായിക്കഴിഞ്ഞു. വൈകാതെ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാകും. രണ്ടാമത്തെ ഫോൺ ആവശ്യമില്ലാതെയോ വാട്ട്‌സ്ആപ്പ് ബിസിനസ് പോലുള്ള പരിഹാരങ്ങളെ ആശ്രയിക്കാതെയോ വ്യത്യസ്ത നമ്പരിലുള്ള വാട്സ്ആപ്പ് ഉപയോഗിക്കാം.
ഐഫോണുകളിലെ വാട്‌സ്ആപ്പ് സെറ്റിങ്സിൽ അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആർ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്‌സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഇത് രണ്ട് ഫോണുകളില്ലാതെ തന്നെ ഒറ്റ ഐഫോണില്‍ രണ്ട് വാട്‌സ്ആപ്പ് നമ്പറുകള്‍ ഉപയോഗിക്കുന്നതും ഈ അക്കൗണ്ടുകള്‍ പരസ്‍പരം സ്വിച്ച് ചെയ്യുന്നതും എളുപ്പമാക്കുന്നു. വാട്‌സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്‍റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകൾ, പ്രൈവസി സെറ്റിങ്സുകൾ എന്നിവ ഉണ്ടായിരിക്കും. വാട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോൾ, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനിൽ സൂചിപ്പിക്കും.
അക്കൗണ്ടുകൾ മാറുമ്പോൾ ലോക്കിങ് (ഫേസ് ഐഡി, പാസ്‌കോഡ്) ഓപ്ഷനുകള്‍ ആപ്പ് പിന്തുണയ്ക്കും. ഇത് സുരക്ഷ ഉറപ്പാക്കും. ഈ ഫീച്ചര്‍ നിലവിൽ ഐഫോണ്‍ ഉപയോക്താക്കളിൽ പരീക്ഷിച്ചുവരികയാണ്. കൂടുതൽ വിപുലമായ ലോഞ്ച് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പല ഐഫോൺ ഉപയോക്താക്കളും രണ്ട് നമ്പറുകൾ, അതായത് വ്യക്തിപരവും ജോലിസംബന്ധവുമായവ ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഇനി വാട്‌സ്ആപ്പ് ബിസിനസ് പോലുള്ള പ്രത്യേക ആപ്പുകളുടെ ആവശ്യകതയില്ല. രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ തമ്മില്‍ സ്വിച്ചിങ് സുഗമമായിരിക്കും. അക്കൗണ്ട് സെറ്റിങ്സുകൾ കൂടിക്കലരുകയുമില്ല. ഓരോ അക്കൗണ്ടും അതിന്‍റേതായ ഐഡന്‍റിറ്റി നിലനിർത്തും. ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും ഉപയോഗിക്കാൻ അനായാസതയും ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.