പഴയ സ്മാർട്ട്ഫോൺ വിൽക്കുകയാണോ? നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാൻ ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കൂ

ന്യൂഡൽഹി: പുതിയ സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ പഴയ ഫോൺ വിൽക്കുന്നത് ഇന്ന് സർവസാധാരണമാണ്. ഇങ്ങനെ ചെയ്യുമ്പോൾ പലപ്പോഴും നമ്മൾ സുരക്ഷാ കാര്യങ്ങൾ അവഗണിക്കാറുണ്ട്. ഫോണിലെ വ്യക്തിഗത വിവരങ്ങൾ കൃത്യമായി നീക്കം ചെയ്യാതെ വിൽക്കുന്നത് വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണികൾക്ക് കാരണമായേക്കാം. ഇത് നിങ്ങളുടെ സ്വകാര്യത ചോരുന്നതിനും, വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതിനും അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനും വഴിതുറക്കും.

നമ്മുടെ സ്മാർട്ട്ഫോണുകളിൽ ഫോട്ടോകൾ, വിഡിയോകൾ, ഇമെയിലുകൾ, ബാങ്കിങ് വിവരങ്ങൾ, പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ ലോഗിനുകൾ എന്നിങ്ങനെ നമ്മൾ ശ്രദ്ധിക്കാത്ത ഒട്ടനവധി സുപ്രധാന വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. വിൽക്കുന്നതിന് മുമ്പ് ഇവ ഫോണിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ, ഫോൺ അടുത്തതായി കൈപ്പറ്റുന്നയാൾക്ക് ഈ വിവരങ്ങൾ വീണ്ടെടുക്കാനും അത് ദുരുപയോഗം ചെയ്യാനും സാധിക്കും. സൈബർ തട്ടിപ്പുകളിലും ഐഡന്‍റിറ്റി മോഷണങ്ങളിലും ആളുകൾ ചെന്നുപെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്.

നിങ്ങളുടെ ഫോൺ മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പ് സുരക്ഷിതമായി ചെയ്യേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. പ്രധാനപ്പെട്ടതെല്ലാം ബാക്കപ്പ് ചെയ്യുക

ആദ്യമായി, നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക. ഫോണിലുള്ള ഫോട്ടോകൾ, കോൺടാക്റ്റുകൾ, രേഖകൾ, സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം ബാക്കപ്പ് ചെയ്യുക. ഗൂഗ്ൾ ഡ്രൈവ് , ഐക്ലൗഡ്, വൺഡ്രൈവ് പോലുള്ള ക്ലൗഡ് സ്റ്റോറേജുകളോ അല്ലെങ്കിൽ കമ്പ്യൂട്ടറോ ഹാർഡ് ഡിസ്കോ ഉപയോഗിച്ച് വിവരങ്ങൾ സുരക്ഷിതമായി മാറ്റിവെക്കാം. ഇത് ഫോൺ ക്ലീൻ ചെയ്യുമ്പോൾ നിങ്ങളുടെ മെമ്മറിയും പ്രധാന ഫയലുകളും നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും.

2. എല്ലാ അക്കൗണ്ടുകളിൽ നിന്നും സൈൻ ഔട്ട് ചെയ്യുക

ഫയലുകൾ ഡിലീറ്റ് ചെയ്താൽ മാത്രം പോരാ, പലരും പ്രധാന അക്കൗണ്ടുകളിൽ നിന്ന് സൈൻ ഔട്ട് ചെയ്യാൻ മറന്നുപോകാറുണ്ട്.

നിങ്ങൾ ആൻഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ:

ഗൂഗ്ൾ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യുക.

'ഫൈൻഡ് മൈ ഡിവൈസ്' ഓഫ് ചെയ്യുക.

ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഗൂഗിൾ പ്രൊഫൈലുകളും നീക്കം ചെയ്യുക.

ഐഫോൺ ഉപയോക്താക്കൾ ആണെങ്കിൽ:

  • ആപ്പിൾ ഐഡി സൈൻ ഔട്ട് ചെയ്യുക.
  • 'ഫൈൻഡ് മൈ ഐഫോൺ' ഓഫ് ചെയ്യുക.
  • ഐക്ലൗഡ്  അൺലിങ്ക് ചെയ്യുക.

ഇത് ചെയ്തില്ലെങ്കിൽ 'ആക്ടിവേഷൻ ലോക്ക്' വരാൻ സാധ്യതയുണ്ട്. ഇത് ഫോൺ വാങ്ങുന്ന അടുത്തയാൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.

3. ബാങ്കിങ്, യു.പി.ഐ ആപ്പുകൾ ലോഗ് ഔട്ട് ചെയ്യുക

ബാങ്കിംഗ് ആപ്പുകൾ വലിയ സുരക്ഷാ ഭീഷണി നേരിടുന്നവയാണ്. അതിനാൽ അവ നീക്കം ചെയ്യാൻ മറക്കരുത്. താഴെ പറയുന്നവ കൃത്യമായി ലോഗ് ഔട്ട് ചെയ്യേണ്ടതാണ്:

  • ബാങ്കിങ് ആപ്പുകൾ 
  • യു.പി.ഐ സേവനങ്ങൾ 
  • ഡിജിറ്റൽ വാലറ്റുകൾ 
  • ആപ്പുകളിൽ സേവ് ചെയ്തിട്ടുള്ള പാസ്‌വേഡുകൾ

ഈ ആപ്പുകൾ വെറുതെ അൺഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ലോഗിൻ വിവരങ്ങളോ മുൻകാല ഇടപാടുകളോ വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. അതിനാൽ കൃത്യമായി ലോഗ് ഔട്ട് ചെയ്യുകയാണ് വേണ്ടത്.

4. ഫാക്ടറി റീസെറ്റ് ചെയ്യുക

ബാക്കപ്പുകൾ പൂർത്തിയാക്കി എല്ലാ അക്കൗണ്ടുകളിൽ നിന്നും സൈൻ ഔട്ട് ചെയ്തുകഴിഞ്ഞാൽ, ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്യാം. ഇത് നിങ്ങളുടെ ഫോണിലെ ഫോട്ടോകൾ, ആപ്പുകൾ, സന്ദേശങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, സെറ്റിങ്സ് എന്നിവയെല്ലാം പൂർണമായി തുടച്ചുമാറ്റും. കൂടുതൽ സുരക്ഷക്കായി, ചിലർ വിവരങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രണ്ടാമതൊരു തവണ കൂടി റീസെറ്റ് ചെയ്യാറുണ്ട്.

ശ്രദ്ധയോടെ മാത്രം പഴയ ഫോൺ കൈമാറുക

യാതൊരു ശ്രദ്ധയുമില്ലാതെ പഴയ സ്മാർട്ട്ഫോൺ വിൽക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഫോൺ വിൽക്കുന്നതിന് മുമ്പ് നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഏതാനും മിനിറ്റുകൾ മാറ്റിവെക്കുക. എപ്പോഴും ബാക്കപ്പ് എടുക്കാനും, അക്കൗണ്ടുകൾ നീക്കം ചെയ്യാനും, എല്ലാ ആപ്പുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്ത് ഫോൺ റീസെറ്റ് ചെയ്യാനും ശ്രദ്ധിക്കുക. 

Tags:    
News Summary - the things to keep in mind while sell old smart phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.