ടി.സി.എസ് ഇനി 'എ.ഐ' കമ്പനി; പുതിയ മാറ്റങ്ങളുമായി ടാറ്റ

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് ഇനി മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യക്ക് മുൻഗണന നൽകുന്ന കമ്പനിയായി മാറും. കേവലം സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നതിന് പകരം ബിസിനസ്സുകളെ എ.ഐയിലേക്ക് മാറ്റാൻ സഹായിക്കുന്ന പങ്കാളിയായി ടി.സി.എസ് മാറുമെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. കമ്പനിയുടെ വാർഷിക റിപ്പോർട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ലോകമെമ്പാടുമുള്ള കമ്പനികൾ എ.ഐ സാങ്കേതികവിദ്യകൾ വളരെ വേഗത്തിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മനുഷ്യന്റെ അധ്വാനവും എ.ഐയുടെ കഴിവും ഒന്നിച്ച് കൊണ്ടുപോകുന്ന 'ഹ്യൂമൻ + എ.ഐ' മാതൃകയിലാണ് ടി.സി.എസ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. എ.ഐ എന്നത് വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ല ഭാവിയിൽ ബിസിനസ്സുകളുടെ അടിസ്ഥാനം തന്നെയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം എ.ഐ സേവനങ്ങളിൽ നിന്ന് മാത്രം ടി.സി.എസ് 2.3 ബില്യൺ ഡോളർ (ഏകദേശം 19,000 കോടിയിലധികം രൂപ) വരുമാനം നേടിയിട്ടുണ്ട്. ക്ലൗഡ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മറ്റ് പുതിയ സേവനങ്ങളിൽ നിന്ന് 11.5 ബില്യൺ ഡോളറും കമ്പനിക്ക് ലഭിച്ചു. ഈ വർഷം ടി.സി.എസിന്റെ ആകെ വരുമാനം 30 ബില്യൺ ഡോളറാണ്.

എ.ഐ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ടി.സി.എസ് ഡാറ്റാ സെന്റർ ബിസിനസ്സിലേക്ക് കടക്കുകയും പുതിയ കമ്പനികളെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ എ.ഐ കേന്ദ്രീകൃത ഡാറ്റാ സെന്ററും ടി.സി.എസ് നിർമിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ എ.ഐ സാങ്കേതിക സേവന കമ്പനിയാവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടി.സി.എസ് സി.ഇ.ഒ കെ. കൃതിവാസനും വ്യക്തമാക്കി.

Tags:    
News Summary - TCS to become an 'AI' company; Tata introduces new transformations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.