ഐഫോൺ മോഷ്ടിക്കപ്പെട്ടാൽ അത് കണ്ടെത്തി നൽകേണ്ട ഉത്തരവാദിത്തം ആപ്പിളിനില്ല - സുപ്രീം കോടതി

ചില പ്രത്യേക സന്ദർഭങ്ങളിൽ തിരിച്ചറിയൽ അടയാളമായി പ്രവർത്തിക്കുന്ന യുണീക്ക് ഐഡി നമ്പറുമായാണ് ആപ്പിൾ ഐഫോണുകൾ വരുന്നത്. ഐഫോണുകൾ കളഞ്ഞുപോയാൽ തിരിച്ചുപിടിക്കാൻ സഹായികമാകുന്നതാണീ ഐഡന്റിറ്റി നമ്പർ. എന്നാൽ, മോഷ്ടിക്കപ്പെട്ട ഐഫോണുകൾ ഈ ഐഡി നമ്പറുകൾ ഉപയോഗിച്ച് കണ്ടെത്തിക്കൊടുക്കേണ്ട ബാധ്യത നിർമ്മാതാവിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി.

ആപ്പിളിനെതിരായ ഒഡീഷ സ്റ്റേറ്റ് കൺസ്യൂമർ കമ്മീഷൻ്റെ നിരീക്ഷണം റദ്ദാക്കിക്കൊണ്ടാണ്, സുപ്രീം കോടതിയുടെ വിധി. കമ്മിഷൻ നടത്തിയ നിരീക്ഷണം അനുചിതമാണെന്ന് കോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള, മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് ഒരു ഉപഭോക്താവായിരുന്നു ആപ്പിളിനെതിരെ ഒഡീഷയിലെ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. വാദം കേട്ട കമ്മിഷൻ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. യുണീക് ഐഡി നമ്പർ ഉപയോഗിച്ച് ഐഫോൺ കണ്ടെത്തി നൽകാനും നിർദേശിച്ചു. നഷ്ടപരിഹാരം നൽകാൻ തയ്യാറായ ആപ്പിൾ, പക്ഷെ കമീഷന്റെ നിരീക്ഷണത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചു.

ഇത്തരം വിധികൾ വരുമ്പോൾ കമ്പനി 'നഷ്ടപ്പെട്ട ഉത്പന്നങ്ങൾ തിരിച്ചുപിടിക്കുന്ന അന്വേഷണ ഏജൻസി' പോലെയാകേണ്ടി വരുമെന്ന് ‘ആപ്പിൾ ഇന്ത്യ’ സമർപ്പിച്ച ഹരജിയിൽ പറയുന്നു. ആപ്പിള്‍ ഇന്ത്യയുടെ വാദങ്ങള്‍ മുഖവിലക്കെടുത്ത കോടതി കമീഷന്റെ നിരീക്ഷണങ്ങള്‍ അനാവശ്യമാണെന്ന വ്യക്തമാക്കുകയും ചെയ്തു.

Tags:    
News Summary - Supreme Court Rules Apple Not Obligated to Track Stolen iPhones Using Unique ID Number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.