ഐഫോൺ നഷ്ടപ്പെട്ടവർ സൂക്ഷിക്കുക; പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ, മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി: ആപ്പിൾ ഐഫോണുകൾ നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ അത്യാധുനിക രീതിയിലുള്ള ഫിഷിംഗ് തട്ടിപ്പുകൾ നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഫോണുകളുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തട്ടിപ്പുകാർ ആപ്പിൾ സപ്പോർട്ട് എന്ന വ്യാജേനയാണ് ഇരകളെ സമീപിക്കുന്നത്. ഫോൺ നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ ഇരിക്കുന്ന ഉടമകൾക്ക്, ഫോൺ കണ്ടെത്താനെന്ന വ്യാജേന ഫിഷിങ് ലിങ്കുകൾ അടങ്ങിയ വ്യാജ എസ്.എം.എസുകൾ അയച്ചാണ് ഇവർ കെണിയൊരുക്കുന്നത്.

ഇത്തരം വ്യാജ സന്ദേശങ്ങൾ ആപ്പിളിന്റെ ഫൈൻഡ് മൈ ഫോൺ അല്ലെങ്കിൽ ആപ്പിൾ സപ്പോർട്ട് സന്ദേശങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും. ഈ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഉപഭോക്താക്കളെ ആപ്പിളിന്റേതിന് സമാനമായ വ്യാജ ലോഗിൻ പേജുകളിലേക്ക് നയിക്കും. ഇവിടെ വെച്ച് ഉപഭോക്താക്കളുടെ 'ആപ്പിൾ ഐഡി' വിവരങ്ങളും ഒ.ടി.പികളും ചോർത്തിയെടുത്ത് ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ സ്വന്തമാക്കുന്നു.

നഷ്ടപ്പെട്ട ഉപകരണം താൽക്കാലികമായി സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നോ അല്ലെങ്കിൽ കോൺടാക്റ്റുകൾ, മീഡിയ, മറ്റ് ഡാറ്റകൾ എന്നിവ നശിപ്പിച്ചു കളയാൻ അടിയന്തര നടപടി ആവശ്യമാണെന്നോ കാണിച്ചാണ് ഇത്തരം സന്ദേശങ്ങൾ വരുന്നത്. യഥാർഥ വെബ്‌സൈറ്റുകളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പേരുകളാണ് ഈ ഫിഷിംഗ് ഡൊമെയ്‌നുകൾക്കായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ലോഗിൻ വിവരങ്ങളും ഒ.ടി.പിയും ലഭിച്ചുകഴിഞ്ഞാൽ, പ്രതികൾ ഇരയുടെ ഐ ക്ലൗഡ് അക്കൗണ്ടിലേക്ക് അനധികൃതമായി പ്രവേശിക്കും. തുടർന്ന് നഷ്ടപ്പെട്ട ഉപകരണത്തിൽ നിന്ന് ലിങ്ക് ചെയ്തിരിക്കുന്ന ആപ്പിൾ ഐഡി നീക്കം ചെയ്യുകയും, ഫൈൻഡ് മൈ ഐഫോൺ സംവിധാനം പ്രവർത്തനരഹിതമാക്കുകയും, സുരക്ഷാ ഫീച്ചറുകൾ മറികടക്കുകയും ചെയ്യും. ഇതിനുശേഷം ഈ ഫോണുകൾ മറിച്ചു വിൽക്കാനോ വീണ്ടും ഉപയോഗിക്കാനോ അവർക്ക് സാധിക്കും.

കൃത്യമായ പരിശോധന കൂടാതെ നിങ്ങളുടെ ആപ്പിൾ ഐഡിയിൽ നിന്ന് ഉപകരണങ്ങൾ നീക്കം ചെയ്യരുതെന്നും, ഫൈൻഡ് മൈ ഐഫോൺ എപ്പോഴും സജീവമായി നിലനിർത്തണെമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ടു-ഫാക്ടർ ഓതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെ‍യ്തിരിക്കണം. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, സുരക്ഷാ അപ്‌ഡേറ്റുകൾ കൃത്യമായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ഇത്തരം ഫിഷിംഗ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എന്ന വെബ്‌സൈറ്റിലോ അല്ലെങ്കിൽ 1930 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് മന്ത്രാലയത്തിന്‍റെ നിർദേശം.

അപരിചിത സന്ദേശങ്ങളിലോ, പ്രത്യേകിച്ച് അന്താരാഷ്ട്ര എസ്.എം.എസ് ഹെഡറുകളിൽ നിന്നോ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ലോഗിൻ വിവരങ്ങൾ നൽകുന്നതിന് മുൻപ് യു.ആർ.എൽ കൃത്യമായി പരിശോധിക്കണമെന്നും, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനായി കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ പോർട്ടലിൽ അപേക്ഷ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

Tags:    
News Summary - phishing warnin to users who lost their I phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.