ചന്ദ്രനിൽ സ്ഥിരം മനുഷ്യവാസം; 20 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി നാസ

വാഷിങ്ടൺ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ഒരു സ്ഥിരം മനുഷ്യവാസം സാധ്യമാക്കുന്നതിനായുള്ള വിപ്ലവകരമായ പദ്ധതികളുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്തെത്തി.ചന്ദ്രനെ വിജയകരമായി ഭ്രമണം ചെയ്ത് മടങ്ങിയെത്തിയ ദൗത്യങ്ങൾക്ക് പിന്നാലെ അവിടെ ഒരു സ്ഥിരം ബേസ് സ്ഥാപിക്കാൻ നാസ തീരുമാനിച്ചു. ഇതിനായി മൂന്ന് പുതിയ ചാന്ദ്ര ദൗത്യങ്ങളും 20 ബില്യൺ ഡോളറിന്റെ വൻ പദ്ധതിയും നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു."അമേരിക്ക ചന്ദ്രനിലേക്ക് മടങ്ങിയെത്തുകയാണ് ഈ ലൂണാർ ബേസ് മറ്റൊരു ആകാശഗോളത്തിൽ മനുഷ്യരാശി സ്ഥാപിക്കുന്ന ആദ്യത്തെ താവളമായിരിക്കും" എന്ന് അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങൾ നിറഞ്ഞ ചാന്ദ്ര അന്തരീക്ഷത്തിൽ ജീവിക്കാനും പരീക്ഷണങ്ങൾ നടത്താനുമായി റോവറുകളും ഡ്രോണുകളും അടക്കമുള്ള ആധുനിക സജ്ജീകരണങ്ങൾ ഈ ബേസിൽ ഉണ്ടായിരിക്കും. ഇതിന്റെ ആദ്യപടിയായി 2028-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രിലിറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനായി ഈ വർഷം തന്നെ വിക്ഷേപിക്കുന്ന മൂന്ന് തരം 'മൂൺ ബേസ്' ദൗത്യങ്ങളിലൂടെ ഉപരിതല പഠനത്തിനുള്ള സ്റ്റീരിയോ ക്യാമറകൾ, ലേസർ സാങ്കേതികവിദ്യകൾ, റോവറുകൾ, വിവിധ ശാസ്ത്ര ഉപകരണങ്ങൾ എന്നിവ ചന്ദ്രനിലെത്തിക്കും. യൂറോപ്യൻ, കൊറിയൻ ബഹിരാകാശ ഏജൻസികളുടെ പേലോഡുകളും ഇതിന്റെ ഭാഗമാകും.

മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അടുത്ത മൂന്ന് വർഷം കൊണ്ട് സാങ്കേതികവിദ്യകൾ പരീക്ഷിച്ച് ഉറപ്പുവരുത്തുകയും 2029 മുതൽ 2032 വരെയുള്ള രണ്ടാം ഘട്ടത്തിൽ പവർ ഗ്രിഡ് അടക്കമുള്ള സ്ഥിരം അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്യും. 2032-ന് ശേഷമുള്ള മൂന്നാം ഘട്ടത്തിൽ ബഹിരാകാശ സഞ്ചാരികളുടെ പതിവ് യാത്രകളും തുടർച്ചയായ പരീക്ഷണങ്ങളുമായി ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം പൂർണ്ണതോതിൽ യാഥാർത്ഥ്യമാക്കാനാണ് നാസയുടെ തീരുമാനം.

Tags:    
News Summary - Permanent Human Habitation on Moon: NASA Launches 20 Billion Dollar Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.