ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി 'പണി' കിട്ടില്ല; എ.ഐ തട്ടിപ്പുകാർക്ക് പൂട്ടുവെക്കാൻ ഗൂഗിളിന്‍റെ 'മാസ്' ഫീച്ചർ

വാഷിങ്‌ടൺ: ഫോൺ സ്ക്രീനിൽ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെയോ പേര് തെളിയുന്നു, ശബ്ദവും അവരുടേതുതന്നെ. അടിയന്തരമായി പണം ആവശ്യപ്പെട്ടുകൊണ്ട് അവർ കരഞ്ഞുകൊണ്ട് സംസാരിക്കുന്നു. എന്നാൽ, വിളിക്കുന്നത് യഥാർത്ഥത്തിൽ അവർ തന്നെയല്ലെങ്കിൽ എന്തുചെയ്യും? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ആളുകളുടെ ശബ്ദം ക്ലോൺ ചെയ്തും വിശ്വസ്തരായ കോൺടാക്റ്റുകളെ അനുകരിച്ചും നടത്തുന്ന തട്ടിപ്പുകൾ ഇപ്പോൾ ലോകമെമ്പാടും വർധിച്ചുവരികയാണ്. ഇത്തരം ഭീതിജനകമായ സാഹചര്യങ്ങളിൽനിന്ന് ആൻഡ്രോയിഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി പുതിയൊരു സുരക്ഷാ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ.

പരിചയമുള്ളവരാണെന്ന് ഭാവിച്ച് വിളിക്കുന്നവരെയും, തട്ടിപ്പുകാർ ഉപയോഗിക്കുന്ന എ.ഐ വോയ്‌സ് ക്ലോണിങ് സാങ്കേതികവിദ്യയെയും തിരിച്ചറിയാൻ സഹായിക്കുന്ന 'ഫേക്ക് കോൾ ഡിറ്റക്ഷൻ' എന്ന സുരക്ഷാ ടൂളാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് 12ും അതിനുമുകളിലും പതിപ്പുള്ള ഫോണുകളിൽ ഗൂഗിൾ ഫോൺ ആപ്പ് വഴി ഈ മാസം മുതൽ ആഗോളതലത്തിൽ ഈ ഫീച്ചർ ലഭ്യമാകും. ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക.

ഫോണുകൾ തമ്മിലുള്ള ഒരു 'ഡിജിറ്റൽ ഹാൻഡ്‌ഷേക്ക്' പോലെയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഒരു വിശ്വസ്ത കോൺടാക്റ്റിൽ നിന്ന് കോൾ വരുമ്പോൾ, ആ ഉപകരണം ഒരു നിശബ്ദ സ്ഥിരീകരണ സിഗ്നൽ സ്വീകർത്താവിന്റെ ഫോണിലേക്ക് അയക്കുന്നു. ഈ സിഗ്നൽ ലഭിക്കാത്ത സാഹചര്യത്തിൽ, ആൻഡ്രോയിഡ് ഉപകരണം യഥാർത്ഥ കോൺടാക്റ്റിന്റെ ഫോണുമായി ബന്ധപ്പെട്ട് കോൾ പരിശോധിക്കും. യഥാർത്ഥ ഉപകരണം കോൾ ചെയ്യുന്നില്ലെന്ന് സ്ഥിരീകരിച്ചാൽ, കോൾ വ്യാജമാണെന്ന മുന്നറിയിപ്പ് സ്ക്രീനിൽ തെളിയുകയും ഉടൻ കോൾ വിച്ഛേദിക്കാൻ ഉപയോക്താവിനോട് നിർദ്ദേശിക്കുകയും ചെയ്യും. ഉപയോക്താക്കളെ പണം നൽകുന്നതിൽനിന്നോ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിൽനിന്നോ തടയാൻ ഈ സംവിധാനം സഹായിക്കും. ആഗോളതലത്തിൽ സാമ്പത്തിക തട്ടിപ്പുകളും വ്യാജ കോളുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നിർണായക ചുവടുവെപ്പായാണ് ഗൂഗിൾ ഈ സംവിധാനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - No more trouble for Android users; Google’s 'Mass' feature to put an end to AI scammers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.