സ്പെയ്ഡെക്സ് ദൗത്യം: ട്രയൽ പൂർത്തിയായെന്ന് ഐ.എസ്.ആർ.ഒ; ഉപഗ്രഹങ്ങൾ സുരക്ഷിത അകലത്തിലെന്ന് ബഹിരാകാശ ഏജൻസി
ബംഗളൂരു: സ്പെയ്ഡെക്സ് ദൗത്യം നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണം നടത്തി ഐ.എസ്.ആർ.ഒ. ഞായറാഴ്ച പുലർച്ചെയാണ് ഐ.എസ്.ആർ.ഒയുടെ പരീക്ഷണം നടന്നത്. രണ്ട് ഉപഗ്രഹങ്ങളേയും ആദ്യം 15 മീറ്റർ അടുത്തേക്കും പിന്നീട് മൂന്ന് മീറ്ററിനടുത്തേക്കും എത്തിച്ചു. പിന്നീട് അവയെ സുരക്ഷിത അകലത്തേക്ക് മാറ്റി. വിവരങ്ങൾ വിലയിരുത്തിയതിന് ശേഷം ഡോക്കിങ് എപ്പോൾ വേണമെന്നതിൽ തീരുമാനമെടുക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്പേസ് ഡോക്കിങ് പ്രക്രിയ ജനുവരി ഏഴിന് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ജനുവരി ഒമ്പതിലേക്ക് ഐ.എസ്.ആർ.ഒ മാറ്റിയിരുന്നു. 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് അകലം കുറക്കുന്നതിനിടെ ത്രസ്റ്ററുകൾ പ്രവർത്തിച്ചപ്പോൾ വേഗം കൂടി പോവുകയും വീണ്ടും ഉപഗ്രഹങ്ങളുടെ അകലം കൂട്ടുകയും ചെയ്യേണ്ടി വന്നിരുന്നു. തുടർന്ന് ഏഴ് കിലോമീറ്ററിലേക്ക് വർധിപ്പിച്ച ശേഷമാണ് വീണ്ടും അകലം കുറച്ചു തുടങ്ങിയത്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചത്. ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് സ്പെയ്ഡെക്സിൽ ഉള്ളത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
സ്പെയ്ഡെക്സ് ദൗത്യത്തിന്‍റെ ഭാഗമായി പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈയും ബഹിരാകാശത്തെ മാലിന്യങ്ങൾ പിടിച്ചെടുക്കാനുള്ള റോബോട്ടിക് കൈയും (റോബോട്ടിക് ആം) കഴിഞ്ഞ ദിവസങ്ങളിൽ വിജയകരമായി പ്രവർത്തിപ്പിച്ചിരുന്നു. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ചെറിയ ഉപഗ്രഹ ഭാഗങ്ങളെയും മാലിന്യങ്ങളെയും പിടിച്ചെടുക്കാനും ചേർത്തുവെക്കാനും റോബോട്ടിക് കൈക്ക് സാധിക്കും.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.