Image: 9To5Mac

ഐഫോൺ 15 സീരീസിന്റെ വില വെളിപ്പെടുത്തി പുതിയ ലീക്കുകൾ

ഐഫോൺ 15 സീരീസ് നാളെ ലോഞ്ച് ചെയ്യാനിരിക്കെ ഇന്റർനെറ്റിൽ ചർച്ചയാകുന്നത് പുതിയ മോഡലുകളുടെ വിലയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ലീക്കുകളിൽ ഐഫോൺ 15 മോഡലുകളുടെ വിലകൾ പരാമർശിക്കുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാര്യമായ വില വർധനയാണ് പ്രതീക്ഷിക്കുന്നത്. യു.എസിൽ 100 ഡോളർ വർധിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐഫോൺ 15 പ്രോ മാക്‌സ് ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വിലകൂടിയ ഐഫോണാകുമത്രേ.

ചൈനീസ് ട്വിറ്ററായ വെയ്‌ബോയെ ഉദ്ധരിച്ചുള്ള ടോംസ് ഗൈഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐഫോണ്‍ 15 പ്രോ മോഡലിന്റെ ബേസ് വേരിയന്റിന് 1,099 ഡോളറായിരിക്കും നൽകേണ്ടി വരിക. ഐഫോണ്‍ 15 പ്രോ മാക്‌സിന് 1,199 ഡോളറും നൽകേണ്ടി വരും. ഇന്ത്യയില്‍ ഐഫോണ്‍ 15 പ്രോ ബേസ് വേരിയന്റിന് (256ജിബി) 1,39,900 രൂപയാണ് പ്രതീക്ഷിക്കുന്ന വില. എന്നാൽ, ഐഫോണ്‍ 15 പ്രോ മാക്‌സിനാകട്ടെ 1,69,900 രൂപ മുതലായിരിക്കാം വില.

ഇതേ രീതിയിലുള്ള വിലവർധന പ്രോ മോഡലുകളുടെ 512 ജിബി, ഒരു ടിബി വകഭേദങ്ങൾക്കും പ്രതീക്ഷിക്കാം. അതേസമയം, ചില രാജ്യങ്ങളില്‍ പുതിയ ഐഫോണുകൾക്ക് 15 ശതമാനം വര്‍ധനയുണ്ടാകാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകൾക്ക് വില വർധനയുണ്ടായേക്കില്ല. ഐഫോൺ 14 സീരീസിന്റെ അതേ വിലയായിരിക്കും 15 ​സീരീസിലെ പ്രോ അല്ലാത്ത മോഡലുകൾക്ക്. 15 ബേസ് വേരിയന്റിന് 79,900 രൂപയും 15 പ്ലസിന് 89,900 രൂപയുമാകും വില.

വില കൂടാൻ കാരണം

പ്രോ മോഡലുകൾക്ക് വില ഗണ്യമായി കൂട്ടാൻ കാരണം അവയ്ക്ക് കൊണ്ടുവന്ന വലിയ മാറ്റങ്ങളാണ്. ഫോണിന്റെ ചേസിസ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് ടൈറ്റാനിയത്തിലേക്ക് അപ്ഗ്രേഡ് ​ചെയ്തതും പെരിസ്‌കോപ്പ് ലെൻസ് കൊണ്ടുവന്നതുമാണ് പ്രധാന കാരണങ്ങൾ. അതുപോലെ, യു.എസ്.ബി-സി പോർട്ടുകളും ഒട്ടും ബെസലുകളില്ലാത്ത ഡിസ്‍പ്ലേയുമൊക്കെ പുതിയ ഐഫോണുകളുടെ പ്രത്യേകതകളാണ്. 

Tags:    
News Summary - iPhone 15 and iPhone 15 Pro Prices Leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.