ഇന്ത്യൻ ഐ.ടി ഭീമനായ എച്ച്.സി.എൽ.ടെക് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ സർവം എ.ഐ-യിൽ 150 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. സർവം എ.ഐ സമാഹരിക്കുന്ന പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് ഈ തുക വരുന്നത്. ഏകദേശം 1.5 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ റൗണ്ടിലൂടെ മൊത്തം 300 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇത് 2023ലെ കഴിഞ്ഞ നിക്ഷേപ അപേക്ഷിച്ച് ഏഴിരട്ടി ഉയർന്ന മൂല്യമാണെന്നും സമീപകാലത്ത് ഒരു ഇന്ത്യൻ എ.ഐ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഫണ്ടിങ് റൗണ്ടായി ഇത് മാറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എച്ച്.സി.എൽ.ടെക് നേതൃത്വം നൽകുന്ന ഈ നിക്ഷേപത്തിൽ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബെസ്സമർ വെഞ്ച്വർ പാർട്‌ണേഴ്സും 50 ദശലക്ഷം ഡോളർ നിക്ഷേപിക്കും. കൂടാതെ എൻവിഡിയ, പ്രോസ്പിരിറ്റി 7, ആക്ടിവേറ്റ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരും നിലവിലുള്ള നിക്ഷേപകരായ ഖോസ്‌ല വെഞ്ചേഴ്‌സ്, ലൈറ്റ്‌സ്പീഡ് എന്നിവരും ഇതിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു.
2023-ൽ സ്ഥാപിതമായ സർവം എ.ഐ ഇതിനോടകം തന്നെ രണ്ട് വൻകിട ലാംഗ്വേജ് മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ 10,000 കോടി രൂപയുടെ 'ഇന്ത്യ എ.ഐ മിഷന്റെ' പ്രധാന ഗുണഭോക്താക്കളിൽ ഒന്നായ ഈ സ്റ്റാർട്ടപ്പിന് എൻവിഡിയയുടെ 4,096 എച്ച് 100 ജി.പി.യു യൂണിറ്റുകൾ ഇതിനകം ലഭ്യമായിട്ടുണ്ട്.
പരമ്പരാഗത ഐ.ടി സേവന മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഒരു മുൻനിര ഐ.ടി കമ്പനി തന്നെ ഇത്തരം ഒരു സ്റ്റാർട്ടപ്പിനെ പിന്തുണക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സോഫ്റ്റ്‌വെയർ വികസനവും ബാക്ക്-ഓഫീസ് സേവനങ്ങളും എ.ഐ സാങ്കേതികവിദ്യ വഴി മാറിക്കൊണ്ടിരിക്കുന്നത് ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. എ.ഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിൽ വേഗത കുറവാണെന്ന വിമർശനം നേരിടുന്ന ഇന്ത്യൻ ഐ.ടി ഓഹരികൾ പലതും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിൽക്കുന്ന സാഹചര്യത്തിലാണ് എച്ച്.സി.എൽ. ടെക്കിന്റെ ഈ തന്ത്രപരമായ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.