ഗൂഗിൾ ടെക്കി സിയാറ്റിലിൽ നിന്ന് കാലിഫോർണിയയിലേക്ക് ഓരോ ആഴ്ചയും പറക്കാൻ ചെലവഴിക്കുന്നത് 2.8 ലക്ഷം രൂപ!

ഗൂഗിളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഹോങ് വി, കരിയറും പ്രണയവും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ഓരോ ആഴ്ചയും സിയാറ്റിൽ മുതൽ മൗണ്ടൻ വ്യൂ വരെ വിമാനത്തിൽ യാത്ര ചെയ്യുന്ന “സൂപ്പർ-കമ്മ്യൂട്ടർ” ജീവിതമാണ് നയിക്കുന്നത്. ഇതിന് അദ്ദേഹം മാസം ഏകദേശം 3,000 ഡോളർ ചെലവഴിക്കുന്നുവെന്നാണ് പറയുന്നത്.

പലരും രാവിലെ ഓഫീസിലേക്കുപോകാൻ കാറോ, ബൈക്കോ അല്ലെങ്കിൽ ട്രെയിനോ ആയിരിക്കും ആശ്രയിക്കുക. എന്നാൽ ഹോങ് വിക്കിന് അത് വിമാനയാത്രയാണ്. ഗൂഗിളിന്‍റെ എ.ഐ അടിസ്ഥാനമാക്കിയ ഇമേജ്-വിഡിയോ ജനറേഷൻ പ്രോഡക്റ്റായ “ഗൂഗിൾ ഫ്ലോ” ടീമിൽ ജോലി ചെയ്യുന്ന അദ്ദേഹം, സിയാറ്റിലും കാലിഫോർണിയയിലും വാടക വീടുകളിലാണ് താമസം. ദക്ഷിണ കൊറിയ സ്വദേശിയായ ഹോംഗ് വി 16-ാം വയസിൽ അമേരിക്കയിലേക്ക് കുടിയേറിയതാണ്. “എന്റെ ജീവിതം എല്ലായ്പ്പോഴും സുഖസൗകര്യങ്ങളെക്കാൾ വളർച്ചയെ തിരഞ്ഞെടുക്കുന്നതായിരുന്നു,” എന്നാണ് അദ്ദേഹം പറയുന്നത്.

ഹോങ് വിയുടെ യാത്രക്കു പിന്നിൽ......?

'2022-ൽ ഞാൻ ഗൂഗിളിൽ ചേർന്നു. മൂന്ന് വർഷത്തിലേറെ അവിടെ ജോലി ചെയ്തു. എന്റെ പങ്കാളി സിയാറ്റിലെ ആമസോൺ ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഒരു ഘട്ടത്തിൽ ഗൂഗിൾ വിട്ട് സ്വന്തം കമ്പനി തുടങ്ങാനും ഞാൻ ആലോചിച്ചിരുന്നു. എന്നാൽ “ഗൂഗിൾ ഫ്ലോ” പ്രോജക്ടിൽ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതോടെ ആ തീരുമാനം മാറ്റി'. അദ്ദേഹം പറഞ്ഞു.

എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു — ഫ്ലോ ടീം പ്രവർത്തിക്കുന്നത് ബേ ഏരിയയിലായിരുന്നു. “ഞങ്ങൾ രണ്ടുപേരും ബേ ഏരിയയിലേക്ക് മാറുക എന്നതാണ് എളുപ്പമാർഗം. പക്ഷേ, അവൾ സിയാറ്റിലിലെ ടീമിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ, പ്രത്യേകിച്ച് പിരിച്ചുവിടലുകൾ നടക്കുമ്പോൾ, ആമസോൺ ടീമിൽ നിന്നു മാറുന്നത് നല്ല തീരുമാനം അല്ല,” അദ്ദേഹം പറഞ്ഞു.

“എന്റെ കരിയർ വളർച്ചയും, അവളുടെ ജോലിയിലെ മുന്നേറ്റവും, ഞങ്ങളുടെ ബന്ധവും ഒരുപോലെ നിലനിർത്താനുള്ള വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. അതുകൊണ്ടാണ് ഓരോ ആഴ്ചയും സിയാറ്റിലിൽ നിന്ന് ബേ ഏരിയയിലേക്ക് വിമാനയാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചത്. രണ്ട് വീടുകൾ, രണ്ട് സംസ്ഥാനങ്ങൾ, എല്ലാറ്റിനുമുപരി കാലിഫോർണിയ നികുതികൾ. സാമ്പത്തികമായി വലിയ നഷ്ടമാണിത്. പക്ഷേ ഇതിലൂടെ ലഭിക്കുന്ന അനുഭവവും വളർച്ചയും അതിനേക്കാൾ വിലമതിക്കുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Google techie spends Rs 2.8 lakh to fly from Seattle to California every week!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.