യുഎസ് വിമാന സർവീസുകൾ നിലച്ചതിനു പിന്നിൽ എഐയോ? ചർച്ചയായി എഫ്എഎയുടെ സ്മാർട്ട് സംവിധാനം

വാഷിംഗ്ടൺ: അമേരിക്കയിലുടനീളം വിമാന സർവീസുകൾ നിർത്തിവെച്ച സംഭവത്തിന് പിന്നാലെ വ്യോമഗതാഗത നിയന്ത്രണത്തിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ചർച്ചയാകുന്നു. വിമാന സർവീസുകൾ നിർത്തിവെക്കാനിടയായ സംഭവത്തിനു മുന്നോടിയായി, ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് രാജ്യവ്യാപകമായി ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എഐ അധിഷ്ഠിത സംവിധാനം നടപ്പാക്കിയത്.

എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിച്ച ആശയവിനിമയ തകരാറിനെ തുടർന്നാണ് വെള്ളിയാഴ്ച വിമാനങ്ങൾ പുറപ്പെടുന്നത് എഫ്.എ.എ തടഞ്ഞത്. തകരാറിന്റെ യഥാർത്ഥ കാരണം സാങ്കേതിക വിദഗ്ധർ അന്വേഷിച്ചുവരികയാണ്. വിമാന സർവീസുകൾ തടസ്സപ്പെട്ട സമയമാണ് സ്മാർട്ട് എന്ന എ.ഐ സംവിധാനത്തിലേക്ക് ശ്രദ്ധ തിരിയാൻ കാരണമായത്. വിമാനത്താവളങ്ങൾക്കിടയിലുള്ള വ്യോമഗതാഗതം നിയന്ത്രിക്കുന്ന അമേരിക്കയിലെ 22 എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളിലും ഈ സംവിധാനം വ്യാപിപ്പിച്ചതായി എഫ്.എ.എ ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു.

എന്നാൽ, വെള്ളിയാഴ്ചത്തെ തകരാറിന് പിന്നിൽ സ്മാർട്ട് ആണെന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പുതിയ സാങ്കേതികവിദ്യക്ക് ഇതിൽ പങ്കുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും, എന്നാൽ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. തങ്ങളുടെ സാങ്കേതികവിദ്യയല്ല തകരാറിന് കാരണമെന്ന് സ്മാർട്ട് വികസിപ്പിച്ച എയർ സ്പേസ് ഇന്റലിജൻസ് കമ്പനിയും പ്രതികരിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇതിന് പിന്നിൽ സൈബർ ആക്രമണമല്ലെന്നാണ് സൂചന.

വിമാനക്കമ്പനികളുടെ സമയക്രമം, കാലാവസ്ഥ, വിമാനത്താവളങ്ങളുടെ ശേഷി, വ്യോമപാതയിലെ സാഹചര്യങ്ങൾ എന്നിവ വിശകലനം ചെയ്യുന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് സ്മാർട്ട്. വിമാനങ്ങൾ പറന്നുയരുന്നതിന് മുൻപ് തന്നെ തിരക്ക് മുൻകൂട്ടി കാണാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഇത് ഉദ്യോഗസ്ഥരെ സഹായിക്കുന്നു.

ഈ സംവിധാനം എയർ ട്രാഫിക് കൺട്രോളർമാർക്ക് പകരക്കാരനല്ലെന്നും വിമാനങ്ങൾ നിയന്ത്രിക്കുന്നില്ലെന്നും എഫ്.എ.എ വ്യക്തമാക്കുന്നു. എ.ഐ നൽകുന്ന നിർദ്ദേശങ്ങൾ മനുഷ്യർ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കുന്നത്. താൽക്കാലിക ടെലികമ്മ്യൂണിക്കേഷൻ തകരാറാണ് വെള്ളിയാഴ്ചത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    
News Summary - faa rolled out new ai system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.