ഇലോൺ മസ്ക്, ഗ്രോക്കിപിഡിയ

വിക്കിപിഡിയക്ക് ഇടതുചായ്‍വെന്ന് മസ്ക്; ബദലായി ‘ഗ്രോക്കിപിഡിയ’, ആദ്യ പതിപ്പെത്തി

ൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപിഡിയക്ക് ബദലായി ഗ്രോക്കിപിഡിയ അവതരിപ്പിച്ച് ടെക് ബില്യണയർ ഇലോൺ മസ്ക്. ഇടത് ആശയങ്ങളോട് വിക്കിപിഡിയ ചായ്‍വ് കാണിക്കുന്നുവെന്നും ഇതിനു പരിഹാരമെന്ന നിലയിലാണ് പുതിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നതെന്നും മസ്ക് പറഞ്ഞു. എക്സ് എ.ഐ തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഗ്രോക്കിപിഡിയ 0.1 പതിപ്പിൽ 8.85 ലക്ഷം ലേഖനങ്ങളാണുള്ളത്. എന്നാൽ വിക്കിപിഡിയിൽ ഇംഗ്ലിഷിൽ മാത്രം ഏഴ് ദശലക്ഷത്തിലേറെ ആർട്ടിക്കിളുകളുണ്ട്.

വൈകാതെ സൈറ്റിന്‍റെ 1.0 പതിപ്പ് പുറത്തിറങ്ങുമെന്നും നിലവിൽ അവതരിപ്പിച്ചതിനേക്കാൾ പത്തിരട്ടി മികച്ചതാകും അതെന്നും മസ്ക് പറഞ്ഞു. ഗ്രോക്കിന്‍റെയും ഗ്രോക്കിപിഡിയയുടെയും ആത്യന്തിക ലക്ഷ്യം സത്യസന്ധമായ വിവരങ്ങൾ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ്. അതിനായി നിരന്തരം പ്രവർത്തിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. വിക്കിപിഡിയയുടെ സ്ഥിരം വിമർശകനായ മസ്ക്, പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നത് തീവ്ര ഇടത് ആക്ടിവിസ്റ്റുകളാണെന്ന് ആരോപിക്കുകയും സംഭാവനകൾ നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിവരങ്ങൾ ലഭിക്കാനുള്ള മികച്ച ഉറവിടമായി വിക്കിപിഡിയയെ കാണാനാകില്ലെന്നും എഡിറ്റോറിയൽ കണ്ടന്‍റിൽ വലിയ തോതിൽ തീവ്ര ഇടത് ചായ്‍വുണ്ടെന്നും മസ്ക് പറഞ്ഞു. 2001ൽ നിലവിൽവന്ന വിക്കിപിഡിയ നിരവധി സന്നദ്ധപ്രവർത്തകരാണ് നിയന്ത്രിക്കുന്നത്. ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും പുതിയ ആർട്ടിക്കിളുകൾ കൂട്ടിച്ചേർക്കാനും നിലവിലുള്ളതിൽ തിരുത്തലും കൂട്ടിച്ചേർക്കലുകളും വരുത്താനുമാകും. അതേസമയം, ഗ്രോക്കിപിഡിയയിലെ ലേഖനങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിക്കപ്പെടുന്നവയാണ്. എക്സ് എ.ഐയുടെ ജനറേറ്റിവ് എ.ഐ അസിസ്റ്റന്‍റ് ഗ്രോക്കും ഇതിനായി സഹായിക്കുന്നു.

പുതിയ പ്ലാറ്റ്ഫോമിന്‍റെ വരവിന് സമ്മിശ്ര പ്രതികരണമാണ് ടെക് ലോകത്ത് ലഭിക്കുന്നത്. വിക്കിപിഡിയയിൽ പൂർണമായും മനുഷ്യർ നൽകുന്ന വിവരങ്ങളാണുള്ളതെന്നും എ.ഐ അധിഷ്ഠിത കണ്ടന്‍റ് നൽകുന്ന ഗ്രോക്കിപിഡിയക്കു പോലും അതിനെ ഉപയോഗപ്പെടുത്തേണ്ടി വരുമെന്നും വിക്കിമീഡിയ ഫൗണ്ടേഷൻ വക്താവ് പ്രതികരിച്ചു. തീവ്ര വലതുപക്ഷ വാദികളായ പല പ്രമുഖ നേതാക്കളും ഗ്രോക്കിപിഡിയയിൽ നിഷ്പക്ഷ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. റഷ്യയിലെ തീവ്ര വലത് നേതാവായ അലക്സാണ്ടർ ഡ്യൂജിൻ, ഗ്രോക്കിപിഡിയയിൽ തന്നെക്കുറിച്ച് കൃത്യമായ വിവരങ്ങളാണ് നൽകിയിരിക്കുന്നതെന്നും എന്നാൽ വിക്കിപിഡിയയിലെ വിവരങ്ങൾ തെറ്റിദ്ധാരണജനകമാണെന്നും പറഞ്ഞു. ഇതോടെ വരുംനാളുകളിൽ ഗ്രോക്കി-വിക്കി പോര് ശക്തമാകുമെന്ന് ടെക് വിദഗ്ധർ വിലയിരുത്തുന്നു. 

Tags:    
News Summary - Elon Musk launches Grokipedia to rival 'left-biased' Wikipedia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.