ലീനയും ഹനയും

ആപ്പിൾ ആപ്പുണ്ടാക്കി എട്ട്‌ വയസുകാരി; അഭിനന്ദിച്ച് ടിം കുക്ക്

ലീന, ഹന -വിസ്മയിച്ചുപോകും നിങ്ങൾ ഈ രണ്ട് കുട്ടികളെ അറിഞ്ഞാൽ. കോഡർമാർക്ക് വലിയ പ്രോൽസാഹനവും ഗോൾഡൻ വിസ അടക്കമുള്ള സൗകര്യങ്ങളും പ്രഖ്യാപിക്കപ്പെട്ട ദുബൈ നഗരത്തിൽ ജീവിക്കുന്ന കാസർകോട് സ്വദേശികളായ ദമ്പതികളുടെ രണ്ടു പെൺമക്കൾ. പത്തു വയസുകാരിയാണ് ലീന. എട്ടു വയസുകാരിയാണ് ഹന. ഒരു വിദഗ്ധയായ കോഡറെ പോലെയോ അതിനേക്കാൾ മികച്ച രീതിയിലോ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകൾ വശമുണ്ടിവർക്ക്. വെബ്സൈറ്റുകൾ, ആപ്പുകൾ, മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന നൂതന ഭാഷയാണിത്. എന്നാൽ ഈ വൈദഗ്ധ്യം ഉപയോഗിച്ച് പ്രവർത്തിച്ചത് സമൂഹത്തിന് ഏറ്റവും ഉപകാരപ്രദമായ കാര്യങ്ങൾക്ക് വേണ്ടിയാണെന്നത് അതിശയകരമാണ്.

അഞ്ചാം വയസിൽ കമ്പ്യൂട്ടറിന്‍റെ ഭാഷയെ പ്രണയിച്ചു തുടങ്ങിയതാണ് ലീന. സ്വയം തന്നെ പഠിച്ചെടുക്കുകയായിരുന്നു. ഇന്‍റർനെറ്റിലൂടെ ക്ലാസുകൾ കേട്ട്കേട്ട് പഠിച്ചെടുത്തു. മാതാപിതാക്കളായ മുഹമ്മദ് റഫീഖും ഫാത്തിമത് താഹിറയും പിന്തുണച്ചു. കമ്പ്യൂട്ടറിൽ തങ്ങളുടെ മകൾ സമയം ചിലവഴിക്കുന്നത് നല്ലതിനാണെന്ന് ഇരുവർക്കും ഉറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല, ലീന അങ്ങനെ ആറാമത്തെ വയസ്സിൽ സ്വന്തമായി ഒരു വെബ്സൈറ്റ് നിർമിച്ചു. 'ലിഹനാസ്' എന്ന ഈ വെബ്സൈറ്റ് കേരളത്തിൽ വലിയ നാശം വിതച്ച പ്രളയത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ ഉപകാരപ്പെടുന്നതായിരുന്നു. മാതാപിതാക്കളിൽ നിന്ന് പ്രളയത്തെ കുറിച്ച് അറിഞ്ഞാണ് തനിക്കും എന്തെങ്കിലും ചെയ്യണമെന്ന് ഈ കുരുന്നു പ്രതിഭക്ക് തോന്നിയത്. മൂന്നു മാസത്തിലാണ് വെബ്സൈറ്റ് വികസിപ്പിച്ചത്.

ലീനയാണ് അനുജത്തി ഹനയുടെ ഗുരുനാഥ. കോഡിങിന്‍റെ ബാലപാഠങ്ങൾ പഠിച്ച ശേഷം സ്വന്തമായി ഹനയും പഠനത്തിലേക്ക് കടന്നു. ഹന വികസിപ്പിച്ചത് സമൂഹത്തിന് മറ്റൊരർഥത്തിൽ ഉപകാരപ്പെടുന്ന ആപ്ലിക്കേഷനായിരുന്നു. തിരക്കു പിടിച്ച ജീവിതത്തിൽ മക്കൾക്ക് കഥ പറഞ്ഞു കൊടുക്കാനൊന്നും സമയം കിട്ടാത്ത രക്ഷിതാക്കൾക്ക് ഹനയുടെ ആപ്പ്ൾ ആപ്പ് സഹായിക്കും. 'ഹനാസ്' സ്റ്റോറി ആപ്പിൽ രക്ഷിതാക്കൾക്ക് കഥകളുടെ ആഡിയോ റെക്കോർഡ് ചെയ്ത് വെക്കാം. കുട്ടിൾക്ക് മാതാപിതാക്കളുടെ ശബ്ദത്തിൽ ഈ കഥകൾ എപ്പോഴും കേൾക്കുകയും ചെയ്യാം. ഒരു പക്ഷേ പല രക്ഷിതാക്കളും അനുഭവിക്കുന്ന മനഃസംഘർഷത്തിനാണ് ആപ്പിലൂടെ എട്ടാം വയസിൽ കൊച്ചുമിടുക്കി പരിഹാരമൊരുക്കിയിട്ടുള്ളത്. മാത്രമല്ല, ആപ്പ്ൾ സി.ഇ.ഒ ടിം കുക്കിന്‍റെ അഭിനന്ദനവും ഇതിന് തേടിയെത്തി. കഴിഞ്ഞ മാസമാണ് ഇത്തരമൊരു അഭിനന്ദനം തേടിയെത്തിയത്. അഭിനന്ദന വിവരം അറിയുമ്പോൾ ഉറക്കത്തിലായിരുന്നുവെന്നും പിതാവ് ഇക്കാര്യം അറിയിച്ചപ്പോൾ ആഹ്ലാദത്താൽ കണ്ണുതുറക്കാൻ കഴിഞ്ഞില്ലെന്നും ഹന പറയുന്നു.

ഒരുപക്ഷേ ലോകത്ത് തന്നെ ആപ്പ് വികസിപ്പിച്ച ഏറ്റവും ചെറിയ കുട്ടിയായിരിക്കും ഈ മിടുക്കി. 'ഇത്രയും ചെറുപ്രായത്തിൽ വളരെ മികച്ച നേട്ടങ്ങൾ കൈവരിച്ച ഹനക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടരുക, നിനക്ക് ഭാവിയിൽ കൂടുതൽ അതിശയകരമായ കാര്യങ്ങൾ ചെയ്യാനാവും'-എന്നായിരുന്നു ടിം കുക്കിന്‍റെ സന്ദേശം. സ്കൂളിൽ അയക്കാതെ വീട്ടിൽ നിന്ന് തന്നെയാണ് ഇരുവർക്കും രക്ഷിതാക്കൾ നിലവിൽ വിദ്യഭ്യാസം നൽകുന്നത്. ഇന്‍റർനെറ്റിലൂടെയാണ് നൂതന സാങ്കേതികവിദ്യകളുടെ പുതിയ മേച്ചിൻപുറങ്ങളിലേക്ക് ഇവർ സഞ്ചരിക്കുന്നത്. കോഡിങിൽ കൂടുതൽ കഴിവ് തെളിയിക്കണമെന്നും റിസർച്ചറാകണമെന്നുമൊക്കെയാണ് ഇരുവരും ആഗ്രഹിക്കുന്നത്. മാത്രമല്ല, തങ്ങളെ പോലെ കുട്ടികൾക്ക് കോഡിങ് പഠിപ്പിച്ചു കൊടുക്കാനും ഇരുവരും തയ്യാറാണ്. ഇതിനായി ഒരു ഫൗണ്ടേഷൻ രൂപകൽപനതന്നെ ഈ 'കോഡിങ് സിസ്റ്റേഴ്സി'ന്റെ മനസ്സിലുണ്ട്.

Tags:    
News Summary - Eight-year-old girl made an Apple app; Regards Tim Cook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.