ന്യൂഡൽഹി: ദൈനംദിന ജീവിതത്തിൽ പല തവണയായി യുപിഐ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ക്യുആർ കോഡ് സ്കാൻ ചെയ്ത് പേ ബട്ടൺ അമർത്തുമ്പോൾ പണം കൈമാറ്റം വിജയിച്ചെന്ന സന്ദേശത്തിന് പകരം പേയ്മെന്റ് പരാജയപ്പെട്ടു എന്നാവും സ്ക്രീനിൽ തെളിയുക. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്യും. ഗൂഗിൾ പേ, ഫോൺപെ, പേടിഎം, ഭീം തുടങ്ങി ഏത് ആപ്പ് ഉപയോഗിച്ചാലും ഇത്തരം സാങ്കേതിക തടസ്സങ്ങൾ പലരും നേരിടാറുണ്ട്. എന്നാൽ, പണം നഷ്ടമായെന്ന് കരുതി ഉടനടി പരിഭ്രാന്തരാകേണ്ടതില്ല. മിക്ക കേസുകളിലും ഈ പണം തനിയെ അക്കൗണ്ടിലേക്ക് തിരിച്ചെത്താറുണ്ട്.
സാങ്കേതിക സംവിധാനങ്ങളിലെ ചില തടസ്സങ്ങളാണ് പലപ്പോഴുംയു.പി.ഐ ഇടപാട് തടസപ്പെടുന്നതിനു പിന്നിലെ കാരണം. ബാങ്ക് സെർവറുകളിലെ അമിത തിരക്ക്, പേയ്മെന്റ് ആപ്പുകളിലെ സാങ്കേതിക തകരാറുകൾ, ഇന്റർനെറ്റ് കണക്ഷനിലെ കുറവ്, ബാങ്കുകളിലെ മെയിന്‍റനൻസ്, തിരക്കേറിയ സമയങ്ങളിൽ എൻ.പി.സി.ഐ സിസ്റ്റത്തിലുണ്ടാകുന്ന താമസം, എന്നിവയെല്ലാം നിങ്ങളുടെ ട്രാൻസാക്ഷൻ പരാജയപ്പെടുന്നതിനു പിന്നിലെ കാരണമാകാം. ചില സമയങ്ങളിൽ ട്രാൻസാക്ഷൻ പരാജയപ്പെട്ടുവെന്ന് ആപ്പ് കാണിക്കുമെങ്കിലും, യഥാർത്ഥത്തിൽ പ്രോസസിങ് വൈകുന്നതാകാം ഇതിന് കാരണം.
ഒരു തവണ പണം കൈമാറാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ, പരിഭ്രാന്തരായി ഉടൻ തന്നെ രണ്ടാമതും പണമയക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കണം. കാരണം, ആദ്യത്തെ ഇടപാട് പരാജയപ്പെട്ടതായി കാണിച്ചാലും മിനിറ്റുകൾക്കകം അത് വിജയകരമായി പൂർത്തിയായേക്കാം. ഇത് ഒരേ വ്യക്തിക്ക് തന്നെ രണ്ട് തവണ പണം അയക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട്, ഇടപാട് പരാജയപ്പെട്ടാൽ കുറച്ച് മിനിറ്റുകൾ കാത്തിരിക്കുക. നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയും ബാങ്കിൽ നിന്നുള്ള എസ്.എം.എസുകളും പരിശോധിച്ച ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
സാധാരണയായി, യുപിഐ പരാജയപ്പെടുകയും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്താൽ 24 മണിക്കൂറിനുള്ളിൽ തുക തിരികെ ലഭിക്കും. മിനിറ്റുകൾക്കകമോ മണിക്കൂറുകൾക്കകമോ പണം റീഫണ്ട് ചെയ്യാറുണ്ട്. എന്നാൽ അപൂർവ്വം ചില സാഹചര്യങ്ങളിൽ ഇതിന് 72 മണിക്കൂർ അധവാ 3 ദിവസം വരെ സമയമെടുത്തേക്കാം. റീഫണ്ട് ചെയ്യുന്ന തുക ആപ്പുകളിലേക്കല്ല, മറിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെയാണ് നേരിട്ടെത്തുക. ഇനി മൂന്ന് പ്രവൃത്തിദിനങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പരാതി നൽകാം.
ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്ടപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും, ഭൂരിഭാഗം കേസുകളിലും പണം സുരക്ഷിതമായി അക്കൗണ്ടിലേക്ക് തന്നെ തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.